New Child | നടി യാമി ഗൗതമിക്കും നിര്‍മാതാവ് ആദിത്യ ധറിനും ആദ്യ കുഞ്ഞ് പിറന്നു; ഇന്‍സ്റ്റഗ്രാമില്‍ മനോഹരമായ കുറിപ്പോടെ സന്തോഷം പങ്കുവെച്ച് ദമ്പതികള്‍
*അക്ഷയത്രിതീയ ദിനത്തിലാണ് കുട്ടി പിറന്നത്.
*2021ലാണ് യാമിയും ആദിത്യയും വിവാഹിതരായത്.
*3 വര്‍ഷത്തോളം ഇവര്‍ പ്രണയത്തിലായിരുന്നു.
മുംബൈ: (KasargodVartha) മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2021ലാണ് നടി യാമി ഗൗതമിയും ചലച്ചിത്ര നിര്‍മാതാവ് ആദിത്യ ധറും വിവാഹിതരായത്. ഇപ്പോഴിതാ, താരദമ്പതികള്‍ മാതാപിതാക്കള്‍ ആയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സമൂഹ മാധ്യമത്തിലൂടെ. ആയുഷ്മാന്‍ ഖുറാന, മൃണാല്‍ താക്കൂര്‍, നേഹ ധൂപിയ എന്നിവരുള്‍പെടെ നിരവധി ബോളിവുഡ് സെലിബ്രിറ്റികള്‍ മാതാപിതാക്കളായ യാമി ഗൗതമിനും ആദിത്യ ധറിനും കുട്ടിക്കും ആശംസകള്‍ നേരുന്നുണ്ട്.
മേയ് 10ന് ആദ്യ കുഞ്ഞ് പിറന്ന വിവരം തിങ്കളാഴ്ചയാണ് (20.05.2024) പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു മനോഹരമായ കുറിപ്പോടെയാണ് ദമ്പതികള്‍ ഈ വിവരം ലോകത്തെ അറിയിച്ചത്. വേദവിദ് എന്നാണ് പുതുതായി പിറന്ന കുട്ടിക്ക് താര ദമ്പതികള്‍ പേരിട്ടിരിക്കുന്നത്. വേദവിദ് എന്നാണ് കുട്ടിയുടെ പേരെന്നും അക്ഷയത്രിതീയ ദിനത്തിലാണ് കുട്ടി പിറന്നതെന്നും യാമിയും ഭര്‍ത്താവും അറിയിക്കുന്നു.
ഇന്‍സ്റ്റാഗ്രാം കുറിപ്പ് ഇങ്ങനെ: സൂര്യ ആശുപത്രിയിലെ അസാധാരണമായ അര്‍പണബോധമുള്ള മെഡികല്‍ പ്രൊഫഷണലുകള്‍ക്ക് ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. പ്രത്യേകിച്ച് ഡോ. ഭൂപേന്ദര്‍ അവസ്തി, ഡോ. രഞ്ജന ധനു എന്നിവര്‍ക്ക്. അവരുടെ വൈദഗ്ധ്യവും അശ്രാന്ത പരിശ്രമവുമാണ് ഈ സന്തോഷകരമായ സന്ദര്‍ഭം സാധ്യമാക്കിയത്.
മാതാപിതാക്കളായി ഈ മനോഹരമായ യാത്ര ആരംഭിക്കുമ്പോള്‍ ഞങ്ങളുടെ മകനെ ശോഭനമായ ഭാവി കാത്തിരിക്കുന്നുവെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അവന്‍ നേടുന്ന നേട്ടങ്ങളിലൂടെ അവന്‍ ഞങ്ങളുടെ മുഴുവന്‍ കുടുംബത്തിനും ഈ രാജ്യത്തിനും അഭിമാനമായി വളരുമെന്ന പ്രതീക്ഷയും വിശ്വാസവും ഞങ്ങളില്‍ നിറയുന്നു.
മലയാളത്തില്‍ ഹീറോ അടക്കമുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള യാമി 'ആര്‍ട്ടിക്കിള്‍ 370' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.