Achievement | ജോലി തെങ്ങ് കയറ്റവും ഓടോറിക്ഷ ഓടിക്കലും; ചാനൽ റിയാലിറ്റി ഷോകളിൽ തിളങ്ങിയ വിനോദ് ബേഡകം കേരളോത്സവത്തിൽ മോണോ ആക്ടിൽ 12-ാം വർഷവും വിജയി
● മിമിക്രിയിലും മൈമിലും പരിശീലകൻ കൂടിയാണ് വിനോദ്
● വിനോദ് വിവിധ ചാനൽ റിയാലിറ്റി ഷോകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്
● സ്‌കൂൾ, കോളജ് കലോത്സവങ്ങളിൽ വിധികർത്താവാണ്
കാസർകോട്: (KasargodVartha) ബേഡകത്തെ കലാകാരനായ വിനോദിന് ജോലി തെങ്ങ് കയറ്റവും ഓടോറിക്ഷ ഓടിക്കലുമാണ്. എന്നാൽ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച് കൊണ്ടിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. ചാനൽ റിയാലിറ്റി ഷോകളിൽ ഇതിനകം തന്നെ വിനോദ് നാടിന് അഭിമാനമായി മാറിയിട്ടുണ്ട്. ജില്ലാ കേരളോത്സവത്തിൽ 12 വർഷമായി മോണോ ആക്ടിൽ ഒന്നാം സ്ഥാനം വിനോദിനാണ്.
മൈമിലും നാടകത്തിലും ഇതിനകം തന്നെ വിനോദ് നാടിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഉപജില്ലാ, ജില്ലാ സ്‌കൂൾ കലോത്സവങ്ങളിലും, കോളജ് കലോത്സവങ്ങളിലും, ആരോഗ്യ സർവകലാശാല കലോത്സവങ്ങളിലും മോണോ ആക്ട്, മൈം മത്സരങ്ങളിലെ വിധികർത്താവ് കൂടിയാണ് എസ്എസ്എൽസി മാത്രം വിദ്യാഭ്യാസമുള്ള ഈ ചെറുപ്പക്കാരൻ.
സ്‌കൂൾ തലത്തിൽ മിമിക്രിയിലും മോണോ ആക്ടിലും മൈമിലും മത്സരിച്ച് കൊണ്ടാണ് വിനോദ് കലാരംഗത്തേക്ക് പ്രവേശിച്ചത്. കഴിഞ്ഞദിവസം കാസർകോട് ഗവ. കോളജിൽ നടന്ന ജില്ലാ കേരളോത്സവത്തിലും മത്സരിച്ച് വിജയക്കൊടി പാറിച്ചു. സംസ്ഥാന തലത്തിൽ എല്ലാവർഷവും മോണോ ആക്ടിൽ എ ഗ്രേഡ് നേടാറുണ്ടെങ്കിലും ഒന്നാം സ്ഥാനത്ത് എത്താത്തത് മാത്രമാണ് വിനോദിന്റെ ഏക സങ്കടം. എന്നാൽ ഇത്തവണ ഏത് വിധേയനായും ഒന്നാം സ്ഥാനത്ത് എത്തുകയാണ് തന്റെ ലക്ഷ്യമെന്ന് വിനോദ് കാസർകോട് വാർത്തയോട് പറഞ്ഞു.
ബേഡകം ചക്കപ്പീരി സ്വദേശിയായ വിനോദ് കാറഡുക്ക ബ്ലോക് പഞ്ചായതിന് വേണ്ടിയാണ് മോണോ ആക്ടിൽ മത്സരിച്ചത്. ഏഷ്യാനെറ്റ് കോമഡി എക്സ്പ്രസ്, കോമഡി സ്റ്റാർ സീസൺ ടു, ഫ്‌ലവേഴ്സ് കോമഡി ഉത്സവം, അമൃത ടിവി കോമഡി മാസ്റ്റേഴ്സ് എന്നീ റിയാലിറ്റി ഷോകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇത് കൂടാതെ മൂന്ന് കോമഡി ഷോകളിലും സപോർടിങ് ആർടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി അംഗീകാരങ്ങളും വിനോദിനെ തേടിയെത്തിയിട്ടുണ്ട്.
കലാപരിപാടികൾ ഇല്ലാത്ത സമയത്താണ് തെങ്ങ് കയറ്റവും ഓടോറിക്ഷ ഓടിച്ചും കുടുംബം പുലർത്തുന്നത്. സ്‌കൂൾ, കോളജ് വിദ്യാർഥികൾക്ക് മിമിക്രിയിലും മൈമിലും പരിശീലനം നൽകി വരുന്നുണ്ട്. വീട്ടമ്മയായ ഭാര്യ ശ്രീജയും മക്കളായ വി എസ് ആദിത്യയും, വി എസ് അൻവീദും നൽകുന്ന പിന്തുണയാണ് തനിക്ക് കലാരംഗത്ത് തിളങ്ങാൻ കാരണമെന്ന് വിനോദ് പറഞ്ഞു. ബേഡകത്തെ കൃഷ്ണൻ - കാരിച്ചി ദമ്പതികളുടെ മകനാണ് കലാരംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം നടത്തിവരുന്ന ഈ പ്രതിഭ.
#KeralaArts #Monoact #RealityShow #Inspiration #Keralaolsavam #Kasaragod