Demise | അമ്മ വേഷങ്ങളിലൂടെ തിളങ്ങിയ സിനിമാ - സീരിയല്‍ താരം മീന ഗണേഷ് അന്തരിച്ചു
● നാടകങ്ങളില്‍ അഭിനയിച്ച് ഒട്ടേറെ അവാര്‍ഡുകള്‍ കരസ്ഥമാക്കി.
● ആദ്യ സിനിമ പി എ ബക്കറിന്റെ 'മണിമുഴക്കം'.
● സംസ്‌കാരം വൈകിട്ട് ഷൊര്‍ണൂര്‍ ശാന്തീതീരത്ത്.
പാലക്കാട്: (KasargodVartha) നടി മീന ഗണേഷ് (81) അന്തരിച്ചു. ഷൊര്‍ണൂരിലെ പികെ ദാസ് ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. നൂറിലേറെ മലയാള സിനിമകളിലും ഒട്ടേറെ സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മസ്തിഷ്‌കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു.
കലാഭവന്‍ മണിയുടെ അമ്മ വേഷങ്ങളിലൂടെയാണ് മീനയെ മലയാളികള്‍ സ്‌നേഹിച്ച് തുടങ്ങുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മിഴി രണ്ടിലും, മീശ മാധവന്‍ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ മീന ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ആദ്യ സിനിമ പി എ ബക്കറിന്റെ 'മണിമുഴക്കം'.
സ്‌കൂള്‍ പഠനകാലത്ത് കൊപ്പം ബ്രദേഴ്‌സ് ആര്‍ട്ട്‌സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. 19ാം വയസ്സില്‍ ആദ്യ നാടകത്തില്‍ അഭിനയിച്ചു. തുടര്‍ന്ന് നാടകത്തില്‍ സജീവമാവുകയും കോയമ്പത്തൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിക്കുകയും ചെയ്തു.
1971-ല്‍ പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എന്‍ ഗണേഷിനെ വിവാഹം ചെയ്യുകയും വിവാഹശേഷം മീനയും ഗണേഷും ചേര്‍ന്ന് പൗര്‍ണ്ണമി കലാമന്ദിര്‍ എന്ന പേരില്‍ ഷൊര്‍ണ്ണൂരില്‍ ഒരു നാടക സമിതി തുടങ്ങുകയും ചെയ്തു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മൂന്നുവര്‍ഷത്തിനുള്ളില്‍ ഈ ട്രൂപ്പ് പരിച്ചുവിടേണ്ടി വന്നു.
കെപിഎസി, എസ്എല്‍ പുരം സൂര്യ സോമ, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണല്‍ തീയേറ്റേഴ്സ്, അങ്കമാലി പൗര്‍ണമി, തൃശൂര്‍ ചിന്മയി, തൃശൂര്‍ ഹിറ്റ്സ് ഇന്റര്‍നാഷണല്‍, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി, തൃശൂര്‍ യമുന, അങ്കമാലി പൂജ, കായംകുളം കേരള തിയറ്റേഴ്‌സ് എന്നിങ്ങനെ നിരവധി സമിതികളുടെ നാടകങ്ങളില്‍ അഭിനയിച്ച് ഒട്ടേറെ അവാര്‍ഡുകള്‍ കരസ്ഥമാക്കി.
സംവിധായകന്‍ മനോജ് ഗണേഷ് മകനും, സംഗീത മകളുമാണ്. ബിന്ദു മനോജ്, സംഗീത ഉണ്ണികൃഷ്ണന്‍ എന്നിവരാണ് മരുമക്കള്‍. സംസ്‌കാരം വൈകിട്ട് ഷൊര്‍ണൂര്‍ ശാന്തീതീരത്ത് നടക്കും.
#MeenaGanesh #MalayalamCinema #RIP #Actress #Kerala #Cinema #Obituary