OTT Release | നിവിന്‍ പോളി ചിത്രം 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' യുടെ ഒടിടി റിലീസ് വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍
ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്
റിലീസ് സമയത്ത് ഒടിടി അവകാശത്തിന് ഒരു ഓഫറുണ്ടായിരുന്നു
തൃപ്തികരമായ ഡീല്‍ ലഭിക്കാത്തത് മൂലമാണ് ഒടിടി റിലീസ് വൈകുന്നത്
കൊച്ചി: (KasargodVartha) നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' യുടെ ഒടിടി റിലീസ് വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. 2023 ആഗസ്റ്റില്‍ ആണ് ചിത്രം തിയറ്ററുകളിലെത്തിയത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. എന്നാല്‍ സിനിമ തിയേറ്ററില്‍ എത്തി ഒരുവര്‍ഷം കഴിഞ്ഞിട്ടും ഒടിടി റിലീസ് വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഒടിടി സ്ട്രീമിങ്ങുമായി ബന്ധപ്പെട്ട ചര്‍ചകള്‍ പൂര്‍ത്തിയായി വരുന്നുവെന്ന് നേരത്തെ സ്റ്റീഫന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍:
സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ട ചുമതല സഹനിര്‍മാതാവ് കൂടിയായ നിവിന്‍ പോളിക്ക് കൂടിയാണ്. സിനിമയുടെ ഒടിടി അവകാശം സംബന്ധിച്ച വിലപേശലാണ് ഡിജിറ്റല്‍ സ്ട്രീമിംഗിന്റെ കാലതാമസത്തിന് കാരണം. ചിത്രത്തിന്റെ റിലീസ് സമയത്ത് ഒടിടി അവകാശത്തിന് ഒരു ഓഫറുണ്ടായിരുന്നു. എന്നാല്‍ തൃപ്തികരമായ ഡീല്‍ ലഭിക്കാത്തത് മൂലമാണ് ഒടിടി റിലീസ് വൈകുന്നത്.
നിലവില്‍ ഒരു ഒടിടി പ്ലാറ്റ് ഫോമുകള്‍ക്കും ചിത്രം വിറ്റിട്ടില്ല. അധികം വൈകാതെ തന്നെ 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ.' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും. അനുയോജ്യമായ ഒരു കരാര്‍ നടത്തുന്നതിനായിട്ടുള്ള ശ്രമങ്ങള്‍ തുടരുകയാണ്- എന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.
ഗള്‍ഫില്‍ ഒരു സംഘം നടത്തുന്ന മോഷണവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. നിവിന്‍ പോളിക്കൊപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, മമിത, ബൈജു, ആര്‍ഷ ബൈജു എന്നിവരാണ് മറ്റുകഥാപാത്രങ്ങള്‍. സംവിധായകന്‍ ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയത്. 22 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രത്തിന് 4.55 കോടി മാത്രമാണ് ബോക്സ് ഓഫീസില്‍ നിന്ന് നേടാനായത്.