Concern | അല്ലു അര്‍ജുന്റെ പുഷ്പ 2 റിലീസ്: സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ ഹാജര്‍ കുറവ്; രക്ഷിതാക്കളെ വിളിച്ചറിയിക്കാന്‍ പിടിഎയും അധ്യാപകരും
● സിനിമയ്ക്ക് വേണ്ടി ക്ലാസ് കട്ട് ചെയ്യുന്നു.
● പഠനത്തെയും പരീക്ഷ ഫലത്തെയും ബാധിക്കുന്നു.
കുമ്പള: (KasargodVartha) അല്ലു അര്‍ജുന്‍ നായകനും, ഫഹദ് ഫാസില്‍ പൊലീസ് വേഷത്തിലുമെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമ പുഷ്പ 2 വ്യാഴാഴ്ച റിലീസ് ആയിരിക്കെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ ഹാജര്‍ നില കുറഞ്ഞു. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ, എസ്എസ്എല്‍സി ക്ലാസുകളിലാണ് ഹാജര്‍ നില നന്നേ കുറവെന്നാണ് അധ്യാപകര്‍ പറയുന്നത്.
പരീക്ഷ അടുത്തെത്തി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ കുട്ടികള്‍ സിനിമയ്ക്ക് വേണ്ടി ഇടയ്ക്കിടെ ക്ലാസ് കട്ട് ചെയ്യുന്നത് പഠനത്തെയും, സ്‌കൂളിന്റെ പരീക്ഷ ഫലത്തെയും ബാധിക്കുന്നുവെന്ന് പിടിഎ ഭാരവാഹികളും, അധ്യാപകരും ചൂണ്ടിക്കാട്ടുന്നു.
അതുകൊണ്ട് തന്നെ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ സ്‌കൂളില്‍ എത്താത്ത കുട്ടികളുടെ രക്ഷിതാക്കളെ വിവരം അറിയിക്കുന്ന തിരക്കിലാണ് അധ്യാപകരും പിടിഎ ഭാരവാഹികളും. ശനി, ഞായര്‍ അവധി ദിവസം ഉണ്ടായിട്ടും റിലീസ് ദിവസം തന്നെ കൂട്ടത്തോടെ ക്ലാസ് കട്ട് ചെയ്യുന്നതിലാണ് പിടിഎയ്ക്കും, അധ്യാപകര്‍ക്കും എതിര്‍പ്പ്.
കാസർകോട്, മംഗ്ളുറു തുടങ്ങിയ സ്ഥലങ്ങളിലെ തീയറ്ററുകളിലേക്ക് വിദ്യാർത്ഥികൾ ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകുന്ന സംഭവങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. സ്‌കൂളുകളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുന്ന വിദ്യാർഥികളാണ് തീയേറ്ററുകളിൽ അടക്കം ചുറ്റിക്കറങ്ങുന്നത്. സ്‌കൂൾ യൂണിഫോം മാറ്റി പകരം ബാഗിൽ കൊണ്ടുവരുന്ന വസ്ത്രങ്ങൾ ധരിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്.
കണ്ണൂർ ജില്ലയിൽ ഇത്തരത്തിൽ കറങ്ങിനടക്കുന്നവരെ പിടികൂടാൻ പൊലീസ് പ്രത്യേക ഡ്രൈവ് തന്നെ നടത്തിയിരുന്നു. കാസർകോട്ടും ഇത്തരം നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. സ്കൂൾ പോകുന്ന പ്രായത്തിൽ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട കുട്ടികൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അവരുടെ ഭാവിക്ക് ഭീഷണിയാണ്. മാത്രമല്ല, ഇവർ ലഹരി മാഫിയകളുടെ ഇരകളാകാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
#Pushpa2 #schoolattendance #education #Kerala #movie #AlluArjun #students #exams