Teaser | പാട്ടും അടിയും ആട്ടവുമായി ആഘോഷതിമിര്‍പില്‍ 'പേട്ട റാപ്പ്'; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി പ്രഭുദേവയുടെ ടീസര്‍ വീഡിയോ
കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ആണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
64 ദിവസങ്ങള്‍ നീണ്ട ചിത്രീകരണം ആണ് അവസാനിച്ചത്.
പി കെ ദിനിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ചെന്നൈ: (KVARTHA) നടനും നൃത്തസംവിധായകനുമായ പ്രഭുദേവയുടെ അടുത്ത ചിത്രം പേട്ട റാപ് എന്ന പേരില്‍ മലയാള ചലച്ചിത്ര നിര്‍മ്മാതാവ് എസ് ജെ സിനു സംവിധാനം ചെയ്യുന്ന ഒരു മ്യൂസികല്‍ ആക്ഷന്‍ ആയിരിക്കുമെന്ന് നേരത്തെ റിപോര്‍ട് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ ശനിയാഴ്ച (22.06.2024) പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
പ്രഭുദേവ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം പാട്ടിനും നൃത്തത്തിനും ആക്ഷനും പ്രധാന്യം നല്‍കുന്ന ഒരു അടിപൊളി കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ആണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സമൂഹ മാധ്യമങ്ങളില്‍ ടീസര്‍ വീഡിയോ തരംഗമായിരിക്കുകയാണ്. ടീസര്‍ പങ്കുവെച്ച് നടന്‍ വിജയ് സേതുപതി തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലെത്തി.
തെരു (2023), ജിബൂട്ടി (2021) തുടങ്ങിയ മലയാള ചിത്രങ്ങള്‍ സംവിധാനം ചെയ്ത എസ് ജെ സിനുവാണ് പേട്ട റാപ്പിന്റെ സംവിധാനവും. സംവിധാനത്തിലൂടെ എസ് ജെ സിനുവിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ് ഈ സിനിമ. പികെ ദിനിലാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്.
വേദികയാണ് നായിക. കൂടാതെ ഭഗവതി പെരുമാള്‍, വിവേക് പ്രസന്ന, രമേഷ് തിലക്, മൈം ഗോപി, റിയാസ് ഖാന്‍ എന്നീ പ്രധാന കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. കളര്‍ഫുള്‍ എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ ആണ് നിര്‍വഹിക്കുന്നത്. ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാം നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഡി ഇമ്മന്‍ ആണ്.
ചെന്നൈ, കേരളം, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്‌ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 64 ദിവസങ്ങള്‍ നീണ്ട ചിത്രീകരണമാണ് അവസാനിച്ചത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ചിത്രം ഉടന്‍ തിയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും.