തിയെറ്ററുകളിൽ ഓണം പൂരമാക്കാൻ സിനിമകൾ എത്തിത്തുടങ്ങി; 'ലോക'യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം
● ഫഹദ് ഫാസിലിന്റെ 'ഓടും കുതിര ചാടും കുതിര' ഇന്ന് റിലീസ്.
● 'മേനെ പ്യാർ കിയാ' എന്ന ചിത്രവും ഇന്ന് റിലീസ് ചെയ്യും.
● ഷൈൻ ടോം ചാക്കോയുടെ 'ബൾട്ടി' അനിശ്ചിതത്വത്തിൽ.
● നിർമ്മാതാക്കൾ ലാഭക്കണക്ക് പുറത്തുവിടേണ്ടെന്ന് തീരുമാനിച്ചു.
കാസർകോട്: (KasargodVartha) ഓണാഘോഷത്തെ വരവേൽക്കാൻ തിയെറ്ററുകൾ ഒരുങ്ങിക്കഴിഞ്ഞു. വമ്പൻ സിനിമകളുമായാണ് ഈ പ്രാവശ്യത്തെ ഓണചിത്രങ്ങൾ എത്തുന്നത്. അസുഖം മൂലം വിശ്രമത്തിലായ മമ്മൂട്ടിക്ക് ഇപ്രാവശ്യം ഓണചിത്രങ്ങളില്ല.
ഓണചിത്രങ്ങളിലെ ആദ്യത്തെ രണ്ട് ചിത്രങ്ങൾ ഇന്നലെ പ്രദർശനം തുടങ്ങി. രണ്ട് ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ആദ്യ ദിവസം തന്നെ ഉണ്ടായിട്ടുള്ളത്. ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ കല്യാണി പ്രിയദർശനും, നസ്ലിൻ ഗഫൂറും ഒന്നിക്കുന്ന ‘ലോക’ ചാപ്റ്റർ 1 ചന്ദ്രയും, മോഹൻലാൽ- സത്യൻ അന്തിക്കാട് ടീം വീണ്ടും ഒന്നിച്ച ‘ഹൃദയപൂർവ്വം’ വുമാണ് വ്യാഴാഴ്ച റിലീസായ രണ്ട് ചിത്രങ്ങൾ.
മോഹൻലാൽ- സത്യൻ അന്തിക്കാട് ടീം 10 വർഷത്തിനുശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് ‘ഹൃദയപൂർവ്വം’. മലയാളത്തിലെ കുടുംബ ചിത്രങ്ങളുടെ എവർഗ്രീൻ കോമ്പോയായിട്ടാണ് മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രങ്ങൾ അറിയപ്പെടുന്നത്. ഒരു മുഴുനീള ഫാമിലി ചിത്രമായാണ് പ്രേക്ഷകർ ഇതിനെ വിലയിരുത്തിയിരിക്കുന്നത്. ചിത്രത്തിൽ സിദ്ദിഖ്, ലാലു അലക്സ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മലയാളത്തിലെ ആദ്യത്തെ ‘വുമൺ സൂപ്പർഹീറോ’ എന്ന പ്രത്യേകതയോടെയാണ് ‘ലോക’ എന്ന ചിത്രത്തെ വിശേഷിപ്പിക്കുന്നത്. കല്യാണി പ്രിയദർശന്റെ ആക്ഷനും, നസ്ലിൻ ഗഫൂറിന്റെ കോമഡിയും ചേരുമ്പോൾ ഓണം ‘ലോക’ തൂക്കുമെന്നുള്ള പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് വരുന്നത്.
ഒപ്പം ഗസ്റ്റ് റോളിൽ പ്രത്യക്ഷപ്പെടുന്ന ടൊവിനോ തോമസും, ദുൽഖർ സൽമാനും കൂടിയാകുമ്പോൾ തിയെറ്ററുകൾ പൂരപ്പറമ്പാകുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നുണ്ട്. ചന്തു സലീം കുമാർ, അരുൺ കുര്യൻ എന്നിവരും ചിത്രത്തിൽ പ്രധാന കോമഡി റോളുകളിൽ എത്തുന്നുണ്ട്.
‘ആവേശം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഓണചിത്രമായി ഇന്ന് റിലീസിനെത്തുന്ന ഫഹദ് ഫാസിൽ നായകനാകുന്ന ‘ഓടും കുതിര ചാടും കുതിര’യാണ് മറ്റൊരു ഓണചിത്രം. ഹാസ്യത്തിനും, റൊമാൻസിനും ഏറെ പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രമാണിത്.
ഇതിലും നായിക വേഷത്തിൽ എത്തുന്നത് കല്യാണി പ്രിയദർശനാണ്. ഇന്ന് റിലീസിനെത്തുന്ന മറ്റൊരു ചിത്രമാണ് യുവതാരങ്ങളെ അണിനിരത്തിയുള്ള ‘മേനെ പ്യാർ കിയാ’. ഈ ചിത്രവും യുവാക്കളെയും, വിദ്യാർത്ഥികളെയും ലക്ഷ്യം വെച്ചുള്ള ഓണവിരുന്നായാണ് വിലയിരുത്തപ്പെടുന്നത്. റൊമാൻസിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അതിനിടെ ഷൈൻ ടോം ചാക്കോ നായകനാകുന്ന ആക്ഷൻ സ്പോർട്സ് ഡ്രാമ ‘ബൾട്ടി’ ഓണത്തിന് എത്തുമോ എന്നത് അനിശ്ചിതത്വം തുടരുന്നുണ്ട്. എത്തിയാൽ ഓണനാളിലെ അഞ്ചാമത്തെ ചിത്രമാകും ‘ബൾട്ടി’. ഈ ചിത്രത്തിൽ കബഡി താരമായാണ് ഷൈൻ എത്തുന്നത്.
ഇതോടൊപ്പം ഒരു തമിഴ് ചിത്രവും ഓണത്തിന് എത്തുമെന്ന് പറയുന്നുണ്ടെങ്കിലും ഈ ചിത്രവും ഓണത്തിന് എത്തുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. ശിവ കാർത്തികേയനെ നായകനാക്കിയാണ് ‘മദ്രാസി’ എന്ന ചിത്രം ഓണത്തിന് എത്തുന്നത്.
മലയാളി താരം ബിജു മേനോൻ പ്രധാന കഥാപാത്രത്തെ ഇതിൽ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഏറെ ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണ് ‘മദ്രാസി’. ‘അമരൻ’ എന്ന സൂപ്പർഹിറ്റിനു ശേഷം ശിവ കാർത്തികേയന്റെ ‘മദ്രാസി’ക്ക് വലിയ പ്രതീക്ഷയാണ് ആരാധകർ വെച്ചുപുലർത്തുന്നതും.
അതിനിടെ ഓണം ആര് തൂക്കുമെന്ന കണക്കോ, നഷ്ടക്കണക്കോ മേലിൽ പുറത്തുവിടേണ്ടതില്ലെന്ന് നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം യോഗം ചേർന്ന് കഴിഞ്ഞ ദിവസം തീരുമാനിച്ചത് ശ്രദ്ധേയമാണ്.
ഈ ഓണം സിനിമകളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യൂ, സുഹൃത്തുക്കളുമായി ഷെയർ ചെയ്യൂ.
Article Summary: Malayalam movies released for Onam receive positive audience feedback.
#OnamMovies #MalayalamCinema #Loka #Hrudayapoorvam #FahadhFaasil #DulquerSalmaan






