FM Radio | കേരളത്തിലെ കാഞ്ഞങ്ങാടും പാലക്കാടും അടക്കം രാജ്യത്ത് 234 നഗരങ്ങളിൽ എഫ്എം റേഡിയോ വരുന്നു; അനുമതി നൽകി കേന്ദ്രസർക്കാർ
ന്യൂഡൽഹി: (KasargodVartha) രാജ്യത്ത് വിവിധ നഗരങ്ങളിൽ സ്വകാര്യ എഫ്എം റേഡിയോ ചാനൽ വരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് കേരളത്തിലെ കാഞ്ഞങ്ങാടും പാലക്കാടും അടക്കം 234 നഗരങ്ങളിൽ 730 ചാനലുകൾക്കായി സ്വകാര്യ എഫ്എം റേഡിയോ ലേലം നടത്താനുള്ള നിർദേശത്തിന് അംഗീകാരം നൽകിയത്.
ഇതോടെ രാജ്യത്തെ നിരവധി ചെറുപട്ടണങ്ങളും നഗരങ്ങളും സ്വകാര്യ എഫ്എം റേഡിയോ സേവനം ആസ്വദിക്കും. വിനോദം, സംഗീതം തുടങ്ങിയവ മാതൃഭാഷയിൽ തന്നെ കേൾക്കാൻ കഴിയുന്നത് പുതിയ അനുഭവമായിരിക്കും. കൂടാതെ, പ്രാദേശിക കലാകാരന്മാർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനും വേദിയൊരുക്കമെന്നാണ് പ്രതീക്ഷിക്കുന്നത്.
784.87 കോടി രൂപ കരുതൽ ധനത്തോടെ 234 പുതിയ നഗരങ്ങളിൽ 730 ചാനലുകൾക്കായി മൂന്നാംവട്ട ഇ-ലേലം നടത്തും. എഫ്എം ചാനലിന്റെ വാർഷിക ലൈസൻസ് ഫീസ് ചരക്കു സേവന നികുതി ഒഴികെയുള്ള മൊത്ത വരുമാനത്തിന്റെ നാല് ശതമാനമായിരിക്കും. കാഞ്ഞങ്ങാട്ടും പാലക്കാട്ടും മൂന്ന് വീതം എഫ്എം ചാനലുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്.