Award Race | ദേശീയ ചലച്ചിത്ര പുരസ്‌കാരം: മത്സരം മമ്മൂട്ടിയും റിഷബ് ഷെട്ടിയും, കുഞ്ചാക്കോ ബോബനും തമ്മില്‍; പ്രതീക്ഷയോടെ മലയാളികള്‍
ന്യൂഡെല്‍ഹി: (KasargodVartha) 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാനൊരുങ്ങവെ മലയാള സിനിമയ്ക്കും കന്നട സിനിമയ്ക്കും ഒരുപോലെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. മികച്ച നടനുള്ള പുരസ്‌കാരത്തിന് മമ്മൂട്ടിയും റിഷബ് ഷെട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലാണ് മത്സരം. ഉച്ചയ്ക്ക് ശേഷം പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. 2022ലെ ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചിരിക്കുന്നത്.
'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെയും 'കാന്താര'യിലെ റിഷബ് ഷെട്ടിയുടെയും പ്രകടനമാണ് ഈ മത്സരത്തിന് കാരണം. രണ്ടു താരങ്ങളും തങ്ങളുടെ തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരിപ്പിച്ചിരുന്നു.'ആട്ടം', 'ന്നാ താന്‍ കേസ് കൊട്', 'നന്‍ പകല്‍ നേരത്ത് മയക്കം' തുടങ്ങിയ മലയാള സിനിമകളും അതിലെ അഭിനേതാക്കളും അവസാന റൗണ്ടിലുണ്ട്. മികച്ച നടനുള്ള മത്സരത്തില്‍ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും കന്നട താരം റിഷഭ് ഷെട്ടിയും ഒപ്പത്തിനൊപ്പമാണ്.
പ്രാദേശിക ജൂറി തിരഞ്ഞെടുത്ത 120 ഓളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളത്. വിവിധ പുരസ്‌കാരങ്ങളുടെ പേരുകളില്‍ തന്നെ ഇക്കുറി വലിയ അഴിച്ചുപണി നടത്തിയിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തില്‍ നിന്ന് ഇന്ദിരാ ഗാന്ധിയുടെ പേരും മികച്ച ദേശീയോദ് ഗ്രഥന ചിത്രത്തിനുളള ബഹുമതിയില്‍ നിന്ന് നര്‍ഗീസ് ദത്തിന്റെ പേരും ഒഴിവാക്കിയിരുന്നു.
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി കാന്താരയും പട്ടികയിലുണ്ട്. 12TH ഫെയില്‍ എന്ന ചിത്രത്തിലെ അസാധ്യമായ പ്രകടനത്തിന് വിക്രാന്ത് മാസ്സേയ് എന്ന ബോളിവുഡ് താരവും മികച്ച നടനുള്ള പരിഗണനയിലുണ്ടെന്നാണ് സൂചന.
69-ാമത് ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടനായി തിരഞ്ഞെടുത്തത് തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുനെയായിരുന്നു. 'പുഷ്പ'യിലെ പ്രകടനമാണ് താരത്തിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത്.
'ഗംഗുഭായ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് ആലിയാ ഭട്ടും 'മിമി' എന്ന സിനിമയിലെ അഭിനയത്തിന് കൃതി സനോനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു.
#NationalFilmAwards #Mammootty #RishabShetty #Kantara #NanpakalNerathuMayakkam #IndianCinema #MalayalamCinema #KannadaCinema #Bollywood