Mandakini | 'മന്ദാകിനി' റിലീസിനായി കാത്ത് പ്രേക്ഷകർ; 24ന് തീയറ്ററുകളിലെത്തും; സോഷ്യൽ മീഡിയയിൽ ഹിറ്റായി വട്ടേപ്പം പാട്ട്; ഗാനത്തിനൊത്ത് ചുവടുവെക്കുന്ന വീഡിയോകൾ വൈറൽ
കൊച്ചി:(KasaragodVartha) സ്പെയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുകയും വിനോദ് ലീല സംവിധാനവും ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'മന്ദാകിനി'യുടെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. അനാർക്കലി മരിക്കാര്‍, അൽത്താഫ് സലീം എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന 'മന്ദാകിനി' ഈ മാസം 24നാണ് തീയറ്ററുകളിലെത്തുക.
ചിത്രത്തിലെ വട്ടേപ്പം എന്ന ഗാനവും ഇതിനോടകം സോഷ്യൽ മീഡിയയിൽ ഹിറ്റായിട്ടുണ്ട്. 'ആവേശ'ത്തിലെ 'ഇല്ലുമിനാറ്റി'ക്ക് ശേഷം റാപ്പറായ ഡബ്‌സീ ആലപിക്കുന്ന ഗാനമാണ് 'വട്ടേപ്പം'. കുട്ടികളും മുതിർന്നവരുമടക്കം ഈ ഗാനത്തിനൊത്ത് ചുവടു വെക്കുന്ന വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
ഇതിനിടെ ഏറ്റവും പുതിയൊരു വീഡിയോ കൂടി പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ വാട്ടേപ്പം പാട്ടിനൊപ്പം കൊച്ചുപെൺകുട്ടിയുടെ വ്യത്യസ്തമായൊരു നൃത്തച്ചുവടുകൾ കാണാം. അടുത്തിടെ പുറത്തുവന്ന ചിത്രത്തിലെ നായികയായ അനാർക്കലി ഈ ഗാനത്തിനൊത്ത് അതിനോഹരമായി ഡാൻസ് ചെയ്യുന്ന വീഡിയോയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ബിബിൻ അശോക് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ പാട്ടുകളുടെ വരികൾ എഴുതിയത് വൈശാഖ് സുഗുണനാണ്. ആരോമൽ എന്ന കഥാപാത്രമായി അൽത്താഫ് വേഷമിടുന്ന ചിത്രത്തിൽ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്. ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.