Success | വര്‍ത്തമാന യാഥാര്‍ഥ്യങ്ങള്‍ തുറന്ന് കാട്ടുന്ന കാസര്‍കോട് സ്വദേശിയുടെ 'മാ..' ഷോട് ഫിലിം ശ്രദ്ധേയമായി; ചിത്രം ആര്‍ഭാടജീവിതം നയിക്കുന്ന പുതുതലമുറയുടെ കണ്ണ് തുറപ്പിക്കുന്നു
● 'വിശപ്പിന്റെ മരണം' നേരത്തേ വൈറല്‍ ആയിരുന്നു.
● കാമറാ, എഡിറ്റിംഗ് സഹായിയായി അമര്‍ കാഞ്ഞങ്ങാട് പ്രവര്‍ത്തിച്ചു.
● അമ്മയായി എത്തിയ ധന്യ ജിനേഷ് നടത്തിയത് ഉജ്വലപ്രകടനം.
കൊച്ചി: (KasargodVartha) വര്‍ത്തമാന യാഥാര്‍ഥ്യങ്ങള്‍ തുറന്ന് കാട്ടുന്ന ഷോട് ഫിലിം ശ്രദ്ധേയമായി. മാതാപിതാക്കളുടെ ജീവിത പ്രാരാബ്ദ്ധങ്ങള്‍ മനസിലാക്കാതെ അടിച്ചു പൊളിജീവിതം ആഗ്രഹിക്കുന്ന പുതുതലമുറയുടെ കണ്ണ് തുറപ്പിക്കുന്നതാണ് 'മാ..' (Maa) എന്ന ഷോട് ഫിലിം. പണത്തിന് വില കല്‍പ്പിക്കാതെയും അധ്വാനത്തിന്റെ വിലയറിയാതെയും മറ്റുള്ളവരെ പോലെ സാധാരണക്കാരുടെ കുട്ടികളും വീട്ടില്‍നിന്ന് നിരന്തരം പണം ആവശ്യപ്പെടുന്നത് ഇന്ന് പതിവ് കാഴ്ചകളാണ്. കുടുംബം പുലര്‍ത്താന്‍തന്നെ വിഷമിക്കുന്ന രക്ഷിതാക്കളെ മാനസികമായി തളര്‍ത്തുകയും സ്‌നേഹബന്ധങ്ങള്‍ക്കും മാനവിക മൂല്യങ്ങള്‍ക്കും വില കല്‍പ്പിക്കാത്ത വളര്‍ന്നുവരുന്ന തലമുറ സമൂഹത്തില്‍ വലിയ ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുമ്പോഴാണ് ഇതിന് നേരെയുള്ള വിമര്‍ശനാത്മകമായ ഷോര്‍ട് ഫിലിമും ശ്രദ്ധേയമാകുന്നത്.
കാസര്‍കോട് സ്വദേശി സജി ചൈത്രം ആണ് ഷോട് ഫിലിമിന്റെ സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ്, സ്‌ക്രിപ്റ്റ് തുടങ്ങിയ കാര്യങ്ങളെല്ലാം നിര്‍വഹിച്ചത്. സിനിമയില്‍ കാമറാ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുന്ന സജി ചൈത്രം സ്വന്തമായി തമിഴ് സിനിമ നിര്‍മിക്കാനുള്ള പണിപ്പുരയിലാണ്. വാഹനാപകടത്തില്‍ പരുക്കേറ്റ് കിടക്കുമ്പോള്‍ സജി ചൈത്രം സ്വന്തം മൊബൈല്‍ ഫോണില്‍ ഷൂട് ചെയ്ത് നിര്‍മിച്ച ഒരു ആല്‍ബവും ഒരു ഷോട് ഫിലിമും ശ്രദ്ധേയമായിരുന്നു.
കാമറ, എഡിറ്റിംഗ് എന്നിവയ്ക്ക് സഹായിയായി അമര്‍ കാഞ്ഞങ്ങാട് പ്രവര്‍ത്തിച്ചു. ഷോട് ഫിലിമില്‍ അമ്മയായി ധന്യ ജിനേഷ് നടത്തിയത് ഉജ്വലമായ പ്രകടനമായിരുന്നു. മകളായി അഭിനയിച്ച ഹൃദ്യ രമേഷും കയ്യടി വാങ്ങി. കൂട്ടുകാരികളായി ആഗ്‌നസ് ജോസഫ്, ഇന്ദിരാ പ്രിയ, ആരഭി സൂരജ് എന്നിവരും കഥാപാത്രങ്ങളായെത്തി.
അട്ടപ്പാടിയില്‍ ആഹാരം മോഷ്ടിച്ചുവെന്നാരോപിച്ച് ആള്‍കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവായ മധുവിന്റെ മരണത്തെ ആസ്പദമാക്കി സജി നിര്‍മിച്ച 'വിശപ്പിന്റെ മരണം' (Death of Hunger) എന്ന ടെലിഫിലിം സോഷ്യല്‍ മീഡിയയില്‍ നേരത്തേ വൈറല്‍ ആയിരുന്നു. പിലിക്കോട് കൊടക്കാട്ട് വെച്ചായിരുന്നു ആ ടെലിഫിലിന്റെ ഷൂടിംഗ് നടന്നത്. ചിത്രകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ സുരേന്ദ്രന്‍ കൂക്കാനമാണ് മധുവായി അരങ്ങിലെത്തിയത്.
#MalayalamShortFilm #Maa #SajiChaithram #IndianCinema #IndependentFilm #FamilyDrama #GenerationalGap