എം.എല്‍.എ ആവണം; രാഷ്ട്രിയക്കാരന്റെ ജോലി തനിക്കറിയില്ല: കലാഭവന്‍മണി
Dec 19, 2011, 17:51 IST
'എംഎല്‍എ മണിയും പത്താം ക്ലാസും ഗുസ്തിയും' എന്ന തന്റെ പുതിയ സിനിമയെ കുറിച്ച് വിശദീകരിക്കുന്നതിനിടയിലാണ് കലാഭവന്‍മണി ഇങ്ങനെ പ്രതികരിച്ചത്. താന്‍ മൂന്നുതവണ പത്താം ക്ലാസ് തോറ്റിട്ടുണ്ടെന്നും എംഎല്‍എയാകാനായിരുന്നു ചെറുപ്പം മുതലേയുള്ള താല്പര്യമെന്നും കലാഭവന്‍മണി പറഞ്ഞു. നല്ലൊരു മനസുള്ള എംഎല്‍എയാണ് നാടിന് വേണ്ടതെന്ന സന്ദേശം ഈ സിനിമയിലുണ്ട്. എന്റെ മണ്ണിന്റെ മണമുള്ള സിനിമയാണ്. എന്നാല്‍ ഇതെന്റെ സ്വന്തം ജീവിതകഥയല്ല. ഇതൊരു ആരോഗ്യമുള്ള പടം, അതല്ലെങ്കില്‍ കൈത്തണ്ടക്ക് ബലമുള്ള പടം അതാണിതെന്നും മണി വിശദീകരിച്ചു.
മലയാള സിനിമയുടെ വിജയം പോസ്റ്ററുകളിലൂടെയാണ് അറിയുന്നതെന്നും മലയാള സിനിമയില്‍ ഇപ്പോഴും കഥയില്ലായ്മയുണ്ടെന്നും ചോദ്യത്തിന് ഉത്തരമായി മണി പറഞ്ഞു. മുഖാമുഖം പരിപാടിയില്‍ നാടന്‍പാട്ടുകള്‍ പാടി മണി മാധ്യമപ്രവര്‍ത്തകരെ കയ്യിലെടുത്തു. നല്ല സന്ദേശങ്ങളുള്ള പടം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മണി ചൂണ്ടിക്കാട്ടി. തന്റെ പുതിയ സിനിമ മഹത്തായ സന്ദേശങ്ങളുടെ ആകെത്തുകയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്‌ഫോറം പ്രസിഡണ്ട് ടി.കെ.നാരായണന്‍ അദ്ധ്യക്ഷനായിരുന്നു. 'എംഎല്‍എ മണിയും പത്താം ക്ലാസും ഗുസ്തിയും' എന്ന പടത്തിന്റെ സംവിധായകന്‍ ശ്രീജിത്ത് പലേരിയും, നിര്‍മ്മാതാവ് ജോയി മുളവിനാല്‍, ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ എ.വി.അനില്‍കുമാര്‍ എന്നിവരും മുഖാമുഖം പരിപാടിയില്‍ സംബന്ധിച്ചു. പി.പ്രവീണ്‍കുമാര്‍ സ്വാഗതവും ബി.സി. ബാബു നന്ദിയും പറഞ്ഞു.
കോട്ടച്ചേരി ബസ്സ്റ്റാന്റ് യാര്‍ഡിലേക്ക് സ്വയം വണ്ടിയോടിച്ചെത്തിയ കലാഭവന്‍മണിയെ ജനക്കൂട്ടത്തില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് ഹൊസ്ദുര്‍ഗ് അഡി.എസ്‌ഐമാരായ മൈക്കിള്‍, വിജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസ്സ്റ്റാന്റ് ബില്‍ഡിങ്ങിലെ പ്രസ്‌ഫോറം ഓഫീസിലെത്തിച്ചത്. കലാഭവന്‍മണി തിരിച്ചുപോകുന്നതുവരെ നൂറുകണക്കിനാളുകള്‍ ബസ്സ്റ്റാന്റ് പരിസരത്തും മറ്റും തടിച്ചുകൂടി.
Keywords: Kalabhavan mani, MLA, Kanhangad, Kasaragod, Actor, Cinema, Entertainment, Film, Malayalam.