Promo Song | 'മോണിക്ക ഒരു എഐ സ്റ്റോറി'യുടെ പ്രോമോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ; ആസ്വാദകഹൃദയങ്ങൾ കീഴടക്കി അപർണ മൾബറി
ആദ്യമായി ഒരു മലയാള സിനിമയിൽ കേന്ദ്ര കഥാപാത്രമായും ഗായികയായും അരങ്ങേറുകയാണ് ഈ ചിത്രത്തിലൂടെ അപർണ മൾബറി
കൊച്ചി: (KasargodVartha) ഇൻഫ്ലുവൻസറും ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ എം അഷ്‌റഫ് സംവിധാനം ചെയ്യുന്ന 'മോണിക്ക ഒരു എഐ സ്റ്റോറി' ചിത്രത്തിന്റെ പ്രോമോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ. സ്പാനിഷ് മാതൃഭാഷയായ അപർണ മൾബറി തന്നെ പാടിയ ഗാനം സരിഗമയുടെ യൂട്യൂബ് ചാനലിലൂടെ 10 ലക്ഷത്തിലേറെ പേർ ഇതിനോടകം കണ്ട് കഴിഞ്ഞു. ഇതാദ്യമായാണ് ഒരു വിദേശ വനിത പാടിയ മലയാള ഗാനം ഏറെ ശ്രദ്ധ നേടുന്നതെന്ന പ്രത്യേകതയുമുണ്ട്.
ആദ്യമായി ഒരു മലയാള സിനിമയിൽ കേന്ദ്ര കഥാപാത്രമായും ഗായികയായും അരങ്ങേറുകയാണ് ഈ ചിത്രത്തിലൂടെ അപർണ മൾബറി. ആടിയും പാടിയും ചുവട് വെച്ച് കൊണ്ട് നർത്തകൾക്കൊപ്പം അപർണ ആടി തകർത്ത പ്രോമോ ഗാനം ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ട്. ഈ സിനിമയുടെ കഥ തന്നെ ആകർഷിച്ചുവെന്നും അത് കൊണ്ടാണ് എഐ കഥാപാത്രമായ മോണിക്കയുടെ വേഷം ചെയ്യാൻ താല്പര്യമെടുത്തതെന്നും താരം പറയുന്നു.
മലയാളത്തിൽ പാട്ട് പാടുക എന്നത് വെല്ലുവിളിയായിരുന്നു. പാട്ടിനൊത്ത് നൃത്തം ചെയ്യുകയെന്നത് അതിലേറെ വലിയ കടമ്പയായിരുന്നുവെന്നും അപർണ പറഞ്ഞു. ഇവർ തനിച്ചാണ് ഗാനം പാടിയതെങ്കിലും നൃത്തച്ചുവടുകളുമായി ഒപ്പം പ്രൊഫഷണൽ നർത്തകികളുണ്ടായിരുന്നു. ചുവടുകൾ വെക്കാനാവാതെ ഒരു വേള ഡാൻസ് വേണ്ട എന്ന് വരെ തനിക്ക് തോന്നിയിരുന്നു. എന്നാൽ പിന്നെ എല്ലാം വെല്ലുവിളിയായി ഏറ്റെടുത്ത് പഠിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ ആണ് ചിത്രം നിർമിക്കുന്നത്. എഐ സാങ്കേതികവിദ്യയെയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയാണ് മോണിക്ക ഒരു എ ഐ സ്റ്റോറിയെന്ന് അണിയറ പ്രവർത്തകർ പറയുന്നു. അപർണയെ കൂടാതെ മജീഷ്യൻ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ജൂൺ 21 ന് തിയറ്ററുകളില്‍ എത്തും.