Allegation | 'രാത്രി വാതിലില്‍ ശക്തിയായി മുട്ടി വിളിക്കും, വിട്ടുവീഴ്ച ചെയ്യുന്നവര്‍ കോപ്പറേറ്റിംഗ് ആര്‍ടിസ്റ്റുകള്‍'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹേമ കമിറ്റി റിപോര്‍ട്
തിരുവനന്തപുരം: (KasargodVartha) ഏറെ നാളത്തെ സസ്‌പെന്‍സിന് ഒടുവില്‍ ഇന്ന് രണ്ടരയോടെയാണ് ഹേമ കമ്മിറ്റിക്ക് (Hema Commission Report) മുന്നില്‍ വിവിധ ചലച്ചിത്ര പ്രവര്‍ത്തകര്‍ നല്‍കിയ മൊഴികളിലെ വിശദാംശങ്ങള്‍ പുറത്തുവന്നത്. ഇത് പ്രകാരം ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. പലരും ഉന്നയിച്ച സിനിമ രംഗത്തെ കാസ്റ്റിംഗ് കൗച്ച് (Casting Couch) അഥവാ ലൈംഗിക ചൂഷണങ്ങള്‍ കേട്ട് ഹേമ കമ്മിറ്റി ഞെട്ടി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്നത് കടുത്ത ലൈംഗിക ചൂഷണമെന്നാണ് വെളിപ്പെടുത്തലുകള്‍. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ റിട്ട.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലാണ് അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് പറയുന്നത്.
സിനിമാ സെറ്റില്‍ നായിക നടിമാരടക്കം നേരിടുന്നത് കടുത്ത ലൈംഗിക ചൂഷമാണെന്നും സഹകരിക്കുന്ന നടിമാരെ പ്രത്യേക 'കോഡ്' പേരിട്ടാണ് വിളിക്കുന്നതെന്നും ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. രാത്രി ഹോട്ടല്‍ മുറികളുടെ വാതിലില്‍ മുട്ടി വിളിക്കുമെന്നും തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കുമെന്നുമാണ് ചിലരുടെ മൊഴി. വാതില്‍ പൊളിച്ച് അകത്ത് കയറുമെന്ന ഭയത്തിലാണ് പലപ്പോഴും സിനിമാ സെറ്റുകളില്‍ കഴിയുന്നതെന്ന് നടിമാര്‍ ഹേമകമ്മറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പേടി കാരണം പലരും സെറ്റിലെത്തുന്നത് മാതാപിതാക്കളെയും കൂടെ കൂട്ടിയാണ്.
വിട്ടുവീഴ്ച ചെയ്യുന്നവരെ 'കോപ്പറേറ്റിംഗ് ആര്‍ടിസ്റ്റുകള്‍' എന്ന കോഡ് ഭാഷയിലാണ് സിനിമ രംഗത്ത് വിളിക്കുന്നതെന്നാണ് ഒരു മൊഴിയായി ഈ റിപ്പോര്‍ട്ടില്‍ ഉള്ളത്. പല സെറ്റിലും ഇടനിലക്കാര്‍ വിലസുകയാണ്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനലുകളാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സിനിമാ മേഖലയില്‍ വ്യാപകമായ ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്നും വഴിവിട്ട കാര്യങ്ങള്‍ക്കായി സംവിധായകരും നിര്‍മ്മാതാക്കളും നിര്‍ബന്ധിക്കും. വഴങ്ങാത്തവര്‍ക്ക് അവസരം കുറയുമെന്നും പലതവണ ഷോട്ടുകള്‍ ചിത്രീകരിച്ച് ബുദ്ധിമുട്ടിക്കുമെന്നും മൊഴിയില്‍ പറയുന്നു. ലൈംഗിക ഇംഗിതങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാത്തവര്‍ക്ക് നിലനില്‍പ്പില്ലെന്നും അവസരം തന്നെ ലഭിക്കില്ലെന്നുമാണ് പലരും മൊഴി നല്‍കിയത്. ഇത്തരത്തിലുള്ള ചൂഷണത്തെ പരാതിപ്പെട്ടാല്‍ ആ സിനിമയില്‍ നിന്നും പുറത്താകും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കിടക്ക പങ്കിടുകയും ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയാലും മാത്രമേ മലയാള സിനിമയില്‍ മുന്നേറാനാവൂവെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമകളില്‍ നഗ്നത പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കുമെന്നും മതിയായ സൗകര്യങ്ങള്‍ നല്‍കാതെ സമ്മര്‍ദ്ദത്തിലാക്കി വരുതിയിലാക്കാന്‍ ശ്രമം നടത്തും. ഇതിനായി ഇടനിലക്കാര്‍ സിനിമാ രംഗത്തുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആകെ 233 പേജുകളുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാല്‍ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കുകയും 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടില്ല. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.
#MalayalamCinema #HemaCommittee #WomenInCinema #India #MeToo #Justice