Controversy | അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടതിൽ അഭിപ്രായ വ്യത്യാസങ്ങൾ
അമ്മയിൽ വിഭജനം, കൂട്ടരാജിയിൽ അഭിപ്രായ വ്യത്യാസം, സരയു മോഹൻ, ഹേമ കമ്മിറ്റി റിപ്പോർട്ട്
കൊച്ചി: (KasargodVartha) ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെ തുടർന്ന് അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടതിൽ സംഘടനയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നതായി റിപോർട്ടുകൾ.
അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി കൂട്ടരാജിയില്‍ അഭിപ്രായ ഭിന്നയുണ്ടായിരുന്നുവെന്ന് നടി സരയു മോഹൻ പറഞ്ഞു. കൂട്ടരാജി എന്ന തീരുമാനം ഏകകണ്ഠമായി എടുത്തതല്ലെന്ന് സരയു വ്യക്തമാക്കി. താൻ ഇതുവരെ രാജിവെച്ചിട്ടില്ലെന്നും അതിനാൽ ഐകകണ്ഠേനയാണ് രാജിയെന്ന് പറയാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു. കൂട്ടരാജിയുടെ കാര്യത്തില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. കുറച്ചു പേർ അതില്‍ ഉറച്ചു നില്‍ക്കുന്നുണ്ട് എന്നും പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞത്. ഞാനും വ്യക്തിപരമായി സ്വാഗതം ചെയ്യുന്നു. ആരോപണങ്ങള്‍ വരികയാണെങ്കില്‍ തെളിയിക്കപ്പെടണമെന്നും വിശ്വസിക്കുന്നു. അതില്‍ എനിക്ക് ഭിന്നാഭിപ്രായമോ അഭിപ്രായ വ്യത്യാസങ്ങളോ ഒന്നുമില്ല.
ഞാനിപ്പോഴും അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും. ഭയന്നോടുന്നത് വ്യക്തിപരമായി അംഗീകരിക്കാൻ എനിക്ക് ബുദ്ധിമുട്ടാണെന്നും സരയു പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സംഘടനയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ധാർമിക ഉത്തരവാദിത്തം മുൻനിർത്തിയാണ് അമ്മ ഭരണസമിതി പിരിച്ചുവിട്ടത്. പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെയുള്ള എല്ലാ ഭാരവാഹികളും രാജിവെച്ചിരുന്നു.
രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. അതുവരെ സംഘടനയുടെ ഓഫീസ് പ്രവർത്തനങ്ങൾ തുടരുന്നതിന് നിലവിലുള്ള ഭരണസമിതി താത്കാലിക സംവിധാനമായി തുടരുമെന്നും അറിയിച്ചു.
#AMMA #MalayalamCinema #Controversy #HemaCommittee #Resignation #MalayalamActors