Scandalous Claims | ദാമ്പത്യത്തിനിടെ ധനുഷും ഐശ്വര്യയും പരസ്പരം ചതിച്ചതാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന് അപകീര്‍ത്തികരമായ അവകാശവാദങ്ങളുമായി സുചിത്ര
*6 മാസം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.
*യാത്രയും ലിംഗയുമാണ് ഇവരുടെ മക്കള്‍.
*'ഐശ്വര്യ ഒരു മോശം അമ്മയാണ്.'
ചെന്നൈ: (KasargodVartha) ആറ് മാസം നീണ്ട പ്രണയത്തിനൊടുവില്‍ 2004 നവംബര്‍ 18 നായിരുന്നു നടനും സംവിധായകനുമായ ധനുഷ് - ഐശ്വര്യ താരജോഡികളുടെ വിവാഹം. വിവാഹിതനാകുമ്പോള്‍ ധനുഷിന് 21 വയസും ഐശ്വര്യയ്ക്ക് 23 വയസുമായിരുന്നു പ്രായം. സൂപര്‍സ്റ്റാര്‍ രജനിയുടെ മരുമകന്‍ എന്ന വിശേഷണത്തിനിടം കൊടുക്കാതെ സ്വയം പാത തെളിയിക്കാനാണ് ധനുഷ് അപ്പോഴും ശ്രമിച്ചത്. ഐശ്വര്യയും പിന്നീട് സിനിമയില്‍ സജീവമായി.
രണ്ട് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ ധനുഷ്, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗായകന്‍, ഗാനരചയിതാവ്, നിര്‍മാതാവ് എന്നിങ്ങനെ സിനിമയുടെ പല മേഖലയിലും തിളങ്ങി നില്‍ക്കുകയാണ്. യാത്രയും ലിംഗയുമാണ് ഇവരുടെ മക്കള്‍.
ഇതിന് പിന്നാലെ 2022 ജനുവരിയിലാണ് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുന്നത്. വേര്‍പിരിയാനുള്ള തീരുമാനം ഇരുവരും പ്രഖ്യാപിച്ചെങ്കിലും വിവാഹമോചനം ഔദ്യോഗികമായി ഫയല്‍ ചെയ്തിരുന്നില്ല.
രണ്ട് വര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ് ഇരുവരും. ഇതിന് പിന്നാലെയാണ് വിവാഹമോചന ഹര്‍ജി സമര്‍പിക്കാനുള്ള ഔദ്യോഗിക നടപടിയിലേക്ക് ഇരുവരും കടന്നത്. കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് ഐശ്വര്യ രജനീകാന്തും ധനുഷും ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് സെക്ഷന്‍ 13 ബി പ്രകാരം ഇരുവരും ചേര്‍ന്ന് ഹര്‍ജി സമര്‍പിച്ചിരിക്കുന്നതെന്ന് ഇന്‍ഡ്യാ ടുഡേ റിപോര്‍ട് ചെയ്യുന്നു.
അതേ സമയം ഇരുവരുടെയും വേര്‍പിരിയല്‍ സംബന്ധിച്ച് അപകീര്‍ത്തികരമായ അവകാശവാദങ്ങളുമായി എത്തിയിരിക്കുകയാണ് ഗായിക സുചിത്ര. ചാനല്‍ കുമുദം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്രയുടെ പുതിയ വിവാദ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്.
18 വര്‍ഷത്തോളം നീണ്ട ധനുഷും ഐശ്വര്യ രജനീകാന്തും തമ്മിലുള്ള ദാമ്പത്യത്തിനിടെ ഇരുവരും പരസ്പരം പലപ്പോഴും ചതിച്ചിട്ടുണ്ടെന്നാണ് സുചിത്ര പറയുന്നത്. ഇരുവര്‍ക്കും ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നു ഇത് പരസ്പരം തമ്മില്‍ അറിഞ്ഞപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായതെന്ന് സുചിത്ര പറയുന്നു.
'ധനുഷ് തന്നെ വഞ്ചിച്ചുവെന്ന് ഐശ്വര്യ ആരോപിക്കുന്നത്. പക്ഷേ ഇരുവരുടെയും ദാമ്പത്യത്തിനിടെ അവളും അതാണ് ചെയ്തത്. രണ്ടുപേരും ഇക്കാര്യത്തില്‍ മോശമായിരുന്നില്ല. അത് ഇരട്ടത്താപ്പാണ്. അവര്‍ പരസ്പരം ആസൂത്രിതമായി വഞ്ചിക്കുന്ന ദമ്പതികളായിരുന്നു' - സുചിത്ര അഭിമുഖത്തില്‍ പറഞ്ഞു.
'ഐശ്വര്യ ഒരു മോശം അമ്മയാണ്. അതേ സമയം ധനുഷ് തന്റെ മക്കളോടും യാത്രയോടും ലിംഗയോടും എപ്പോഴും കടമയുള്ള പിതാവായിരുന്നു. ഇപ്പോള്‍ രണ്ട് മക്കളും അവരുടെ മുത്തച്ഛന്റെ വീട്ടിലാണ് വളര്‍ന്നത്'- സുചിത്ര കൂട്ടിച്ചേര്‍ത്തു. തമിഴ് മാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും സുചിത്രയുടെ അഭിമുഖം വലിയ വാര്‍ത്തയാകുന്നുണ്ട്.
അതേ സമയം ധനുഷ് റായന്‍ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. ചിത്രം ജൂണ്‍ മാസത്തില്‍ ഇറങ്ങും. രജനികാന്തിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ 'ലാല്‍ സലാം' ആണ് ഐശ്വര്യ സംവിധാനം ചെയ്ത അവസാന സിനിമ. ലാല്‍ സലാം വലിയ പരാജയമായിരുന്നു. അതിന് ശേഷം വീണ്ടും ചിത്രം ചെയ്യാനുള്ള ശ്രമത്തിലാണ് ഐശ്വര്യ.