അനുരാഗ് കശ്യപിനെതിരെ നിയമ പോരാട്ടതിനൊരുങ്ങി പായല്‍ ഘോഷ്; അഭിഭാഷകനോടൊപ്പം എത്തിയ നടി വെര്‍സോവ പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കി
മുംബൈ: (www.kasargodvartha.com 23.09.2020) അനുരാഗ് കശ്യപിനെതിരെ നിയമ പോരാട്ടതിനൊരുങ്ങി പായല്‍ ഘോഷ്. ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷ് ചൊവ്വാഴ്ച വൈകിട്ട് അഭിഭാഷകന്‍ നിതിന്‍ സത്പുട്ടിനൊപ്പം നേരിട്ട് വെര്‍സോവ പോലീസ് സ്റ്റേഷനില്‍ എത്തി രേഖാമൂലം പരാതി നല്‍കി.
ഒഷിവാര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനാണ് തീരുമാനിച്ചിരുന്നതെന്നും വനിതാ പോലീസ് ഇല്ലാത്തതിനാല്‍ അവസാനം വെര്‍സോവ പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നുവെന്നും നടിയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. നടി പരാതി നല്‍കിയതായി വെര്‍സോവ പോലീസ് അറിയിച്ചു.
അനുരാഗ് കശ്യപിനെ പോലുള്ള വലിയ സംവിധായകനെതിരെ രംഗത്തു വന്നാല്‍ അവസരങ്ങള്‍ കുറയുമെന്നും കരിയര്‍ അവസാനിക്കുമെന്നും സിനിമാ മേഖലയില്‍ നിന്നുള്ള ചിലര്‍ ഉപദേശിച്ചതിനാലാണ് ഇത്രയും കാലം ഇക്കാര്യങ്ങള്‍ പുറത്തു പറയാതിരുന്നതെന്നും അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അനുരാഗില്‍ നിന്നേറ്റ ലൈംഗിക പീഡനം പായലിനെ മാനസികമായി തളര്‍ത്തിയെന്നും മാതാപിതാക്കളോടു പോലും കാര്യങ്ങള്‍ തുറന്നു പറയാന്‍ നടിക്കു ധൈര്യമുണ്ടായില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു.
പായലിന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. അവളെ പിന്തുണയ്ക്കാന്‍ കുടുംബം മുംബൈയില്‍ എത്തിയിട്ടുണ്ട്. ബോളിവുഡില്‍ നിന്നുള്ള പിന്തുണയെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ലെന്നും നടിയുടെ അഭിഭാഷകന്‍ പറഞ്ഞു.
എന്നാല്‍ 2014 അവസാനത്തോടെ നടന്ന സംഭവത്തിനു മോശമായി പെരുമാറിയതിന് തെളിവുകളൊന്നും കയ്യിലില്ല. ബോംബെ വെല്‍വെറ്റ് സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴായിരുന്നു സംഭവം. തന്റെ മാനേജര്‍ക്കൊപ്പമാണ് ആദ്യം അനുരാഗിനെ കാണാന്‍ പോയത്. അതു നല്ലതും പോസിറ്റീവുമായ കൂടിക്കാഴ്ച ആയിരുന്നു. തുടര്‍ന്ന് അനുരാഗ് വീട്ടിലേക്കു വിളിപ്പിച്ചു. രുചികരമായ ഭക്ഷണമുണ്ടാക്കി നല്‍കി. അതും നല്ല കൂടിക്കാഴ്ചയായിരുന്നു പായല്‍ പറയുന്നു
പിന്നീട് അനുരാഗ് വീണ്ടും തന്നെ വീട്ടിലേക്കു വിളിപ്പിച്ചു. ഇന്‍ഡസ്ട്രിയിലെ ആളുകളെ കണ്ടുമുട്ടേണ്ടതു പ്രധാനപ്പെട്ട കാര്യമായതിനാല്‍ പോയി. ഈ കൂടിക്കാഴ്ചയില്‍ അനുരാഗ് തന്നെ അയാളുടെ മുറിയിലേക്കു കൊണ്ടുപോയി. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ മാറ്റി, എന്നെയും നിര്‍ബന്ധിച്ചു. ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ എല്ലാവരും ഇതെല്ലാം ചെയ്യുന്നു എന്നായിരുന്നു മറുപടി. പതുക്കെ എന്റെ അടുത്തേക്ക് വന്നു. ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അയാള്‍ പരാജയപ്പെട്ടു പായല്‍ പറയുന്നു. മീടു തരംഗത്തില്‍ ഇക്കാര്യം പറയാന്‍ ശ്രമിച്ചെങ്കിലും കുടുംബവും സുഹൃത്തുക്കളും തടഞ്ഞെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പായല്‍ പറഞ്ഞിരുന്നു.