city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊപ്പല്‍ അബ്ദുല്ല; സേവന രംഗത്തെ വിസ്മയം

 ഇബ്രാഹിം ചെര്‍ക്കള

(www.kasargodvartha.com 23.11.2021) ജീവിതയാത്രയ്ക്കിടയില്‍ എത്രയോ പേരെ കണ്ടുമുട്ടുകയും ചിലരുമായി ഏറെ അടുക്കുകയും ചെയ്യുക എന്നത് അനിവാര്യമായ ജീവിത അവസ്ഥയാണല്ലോ. എന്നാല്‍ ചില ബന്ധങ്ങള്‍ മനസ്സില്‍ എന്തുകൊണ്ടോ ആഴത്തില്‍ പതിയും. അങ്ങനെ ഒരു വ്യക്തിത്വമാണ് കൊപ്പല്‍ അബ്ദുല്ല. രാഷ്ട്രീയപരമായും മറ്റു പല മേഖലകളിലും അഭിപ്രായ വ്യത്യാസം പുലര്‍ത്തിയിരുന്ന ഞങ്ങള്‍ തമ്മില്‍ വലിയ ഒരു ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അതാണ് കൊപ്പല്‍ എന്ന മനുഷ്യന്റെ ജീവിതപാതയിലെ വലിയ ഗുണം.
                                    
കൊപ്പല്‍ അബ്ദുല്ല; സേവന രംഗത്തെ വിസ്മയം

പല രാഷ്ട്രീയ നേതാക്കളുമായി പല രംഗത്തും സഹകരിക്കേണ്ടിവന്നിട്ടുണ്ട്. അവരില്‍ ആരിലും ദര്‍ശിക്കാത്ത പല നല്ല പ്രത്യേകതകളും കൊപ്പല്‍ അബ്ദുല്ലയില്‍ ഉണ്ടായിരുന്നു. തന്നെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരെ അതില്‍ക്കൂടുതല്‍ അടുത്തറിയാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. ഏത് രംഗത്ത് പ്രവര്‍ത്തിക്കുന്നവരായാലും അവരുടെ കഴിവ് മനസ്സിലാക്കി അവര്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കാന്‍ കൊപ്പല്‍ മുന്നില്‍ ഉണ്ടായിരുന്നു. ചെറിയ കുട്ടികളുടെ വരെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവരെ ഉയര്‍ച്ചയിലേക്ക് നയിക്കുന്നതിലും കൊപ്പലിന്റെ സേവനം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതായിരുന്നു.

കുറേക്കാലം ഗേള്‍സ് ഹൈസ്‌കൂള്‍ പി.ടി.എ സാരഥിയായിരുന്ന കാലത്ത് സ്‌കൂളില്‍ നടക്കുന്ന മത്സര പരിപാടികളില്‍ വിജയിക്കുന്ന കുട്ടികള്‍ക്ക് സ്വന്തം നിലയില്‍ സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിച്ചിരുന്നു. കൊപ്പലിന്റെ മേഖല രാഷ്ട്രീയമായിരുന്നെങ്കിലും സമൂഹത്തിലെ എല്ലാ രംഗത്തും പ്രവര്‍ത്തിക്കുന്നവരുമായി ശക്തമായ ആത്മബന്ധം സ്ഥാപിക്കാനുള്ള കൊപ്പലിന്റെ കഴിവ് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

കേരളത്തിലെ അറിയപ്പെടുന്ന കലാകാരന്മാരുമായി നല്ല ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രശസ്ത സിനിമാ നടന്‍ ജഗതി ശ്രീകുമാറുമായുള്ള അടുപ്പം ഏറെ പ്രസിദ്ധമാണ്. അസുഖമായി കഴിയുന്ന വേളയില്‍ തിരുവനന്തപുരത്ത് പോയി പല പ്രാവശ്യം ജഗതിയെ കാണുകയുണ്ടായി. ഇതുപോലെ സിനിമാ മേഖലയിലുള്ള മറ്റു ചിലരും അടുത്ത സുഹൃത്തുക്കളായിരുന്നു.

വലിയൊരു വായനക്കാരനല്ലാതായിരുന്നിട്ടും മലയാളത്തിലെ പല സാഹിത്യകാരന്മാരുടെയും സുഹൃത്താകാന്‍ കൊപ്പല്‍ അബ്ദുല്ലക്ക് കഴിഞ്ഞു. അതാണ് ആ മനസ്സിന്റെ നന്മ. എനിക്ക് അദ്ദേഹവുമായി അടുത്ത് ബന്ധപ്പെടാന്‍ സാധിച്ചതും എഴുത്തു വഴിയില്‍ തന്നെയാണ്. പ്രവാസ ജീവിതത്തിനിടയില്‍ അവധിയില്‍ ഓടിയെത്തുമ്പോള്‍ നാട്ടിലെ സാഹിത്യ-സാംസ്‌കാരിക രംഗത്ത് ഏറെ സമയം ചെലവഴിക്കാന്‍ സാധിക്കുമായിരുന്നു.

ഒരു അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ മുസ്ലീംലീഗ് രാഷ്ട്രീയരംഗത്ത് ഒരു പിളര്‍പ്പിന്റെ സമയമായിരുന്നു. സംഘടനയില്‍ നിന്നും വിഘടിച്ച് ഒരുകൂട്ടര്‍ നാഷണല്‍ ലീഗ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ഈ വേളയില്‍ സംഘടനയുമായി ബന്ധമുള്ള എന്റെ ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് 'ചന്ദ്രിക ടൈംസ്' എന്ന പേരില്‍ ഒരു വാരിക കാസര്‍കോട്ട് നിന്നും ആരംഭിച്ചു. എവറസ്റ്റ് ആമു (അഹമ്മദ്), കെ.എം. അബ്ദുല്ല കുഞ്ഞി തുടങ്ങിയ ചിലരാണ് ഇതിന്റെ മുന്നില്‍ പ്രവര്‍ത്തിച്ചത്.

വാരികയുടെ തുടക്കത്തില്‍ എന്നെ വന്ന് കാണുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 'നിങ്ങളുടെ രാഷ്ട്രീയ വീക്ഷണവുമായി എനിക്ക് അടുപ്പമില്ലെന്ന്' ഞാന്‍ പറഞ്ഞെങ്കിലും അവര്‍ എന്നെ ഒഴിവാക്കിയില്ല. നിങ്ങള്‍ക്ക് സ്വതന്ത്രമായി ഒരു പംക്തി വാരികയില്‍ ചെയ്യാം, ഇതില്‍ രാഷ്ട്രീയം വേണ്ട. ഇത് എനിക്ക് സമ്മതമായി. കാസര്‍കോട് സഅദിയ്യ ലോഡ്ജിലാണ് വാരികയുടെ ഓഫീസ്. ഒരു കോളം ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഞാന്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് മുന്നില്‍ അധിക സമയവും അവരുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു നടക്കേണ്ടി വന്നു. ഈ അവസരത്തില്‍ സഅദിയ്യ ലോഡ്ജിന്റെ താഴത്തെ നിലയില്‍ കൊപ്പല്‍ എക്‌സ്പ്രസ് പ്രവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രീയക്കാരുടെയും മറ്റു സുഹൃത്തുക്കളുടെയും ഒരു കേന്ദ്രമമാണിവിടം. ഞാനും ചില സമയങ്ങളില്‍ അവിടെ ചെന്നിരിക്കും. കൊപ്പല്‍ അബ്ദുല്ലയുമായി തുടങ്ങിയ ചെറിയ പരിചയം വലിയൊരു ആത്മബന്ധമായി വളര്‍ന്നു.

എന്നിലെ എഴുത്തുകാരനെ തിരിച്ചറിഞ്ഞു അദ്ദേഹം ഏറെ പ്രോത്സാഹനം നല്‍കി. ഒരു വായനക്കാരന്‍ അല്ലാതിരുന്നിട്ടും എന്റെ ലേഖനങ്ങളും കഥകളും എവിടെ ഉണ്ടായാലും അത് കണ്ടെത്തുകയും വളരെ സന്തോഷത്തോടെ അഭിപ്രായം അറിയിക്കുകയും ചെയ്യും. എന്റെ സൃഷ്ടികള്‍ പുസ്തകമായി തുടങ്ങിയതോടെ ആദ്യ കോപ്പി സ്വന്തമാക്കാന്‍ കൊപ്പല്‍ അബ്ദുല്ലയ്ക്ക് വരെ ആവേശമായിരുന്നു. അങ്ങനെ പുസ്തകങ്ങള്‍ നല്‍കിയിരുന്ന അവസരത്തില്‍ ഒരിക്കല്‍ ഞാന്‍ ചോദിച്ചു. 'എന്റെ പുസ്തകം വായിച്ചോ? എന്താണ് അഭിപ്രായം....' അല്പസമയം ഒന്നും മിണ്ടിയില്ല.

പിന്നെ ചെറുപുഞ്ചിരിയോടെ അറിയിച്ചു. നമ്മുടെ നാട്ടിലെ ഏത് എഴുത്തുകാരന്റെ പുസ്തകം ഇറങ്ങിയാലും ഞാന്‍ അത് വാങ്ങും. അല്പം ഒന്നു വായിച്ചു നോക്കും. അതിന് ശേഷം കേരളത്തിലെ പത്രപ്രവര്‍ത്തകമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കോ മുതിര്‍ന്ന എഴുത്തുകാര്‍ക്കോ അയച്ചുകൊടുക്കും. അവര്‍ വായിച്ചു അഭിപ്രായം അറിയിക്കും. ചില പുസ്തകങ്ങള്‍ ഏതെങ്കിലും മത്സര ചടങ്ങില്‍ സമ്മാനമായി നല്‍കും. ഇവിടെയാണ് കൊപ്പല്‍ എന്ന സൗഹൃദത്തിന്റെ മനസ്സ് നാം കാണുന്നത്. താന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ എത്രമാത്രം പൊതുജനമധ്യത്തില്‍ പരിചയപ്പെടുത്താന്‍ പറ്റും, അത് ചെയ്യുക എന്ന ധര്‍മ്മം അദ്ദേഹം നിര്‍വ്വഹിച്ചിരുന്നു.

തുപോലെ ഉന്നത വ്യക്തികളുമായി ബന്ധപ്പെടുത്താനും വളരെ ശ്രമങ്ങള്‍ നടത്തും. കോഴിക്കോട്ടെ കെ വി കുഞ്ഞിമൂസയെപ്പോലുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകരോടും മറ്റും അടുത്തിടപഴകാനുള്ള അവസരം കൊപ്പല്‍ അബ്ദുല്ലയാണ് ഒരുക്കിയത്. അതും അസുഖമായി കിടന്നാല്‍ പോലും ഇഷ്ടപ്പെട്ടവര്‍ ഒരു കാര്യം പറഞ്ഞാല്‍ അതു നടത്തിക്കൊടുക്കാന്‍ അദ്ദേഹം മടി കാണിച്ചിരുന്നില്ല. എന്റെ ഒരു പുസ്തകപ്രകാശന ചടങ്ങ് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന അവസരത്തില്‍ അദ്ദേഹം നല്ല സുഖമില്ലാത്ത അവസ്ഥയിലായിരുന്നു. എന്നാല്‍ അതൊന്നും വകവെയ്ക്കാതെ അദ്ദേഹം വളരെ നേരത്തെ തന്നെ സ്ഥലത്ത് എത്തുകയും പരിപാടി അവസാനിക്കുന്നത് വരെ ഞങ്ങളുടെ കൂടെ തന്നെ നില്‍ക്കുകയും ചെയ്തു.

കല്ല്യാണം പോലുള്ള പരിപാടികള്‍ സ്വന്തം വീട്ടിലായാലും ബന്ധുവീട്ടിലായാലും കൊപ്പല്‍ എന്നും ക്ഷണിക്കും. എത്തിയാലുള്ള ആതിഥ്യ മര്യാദ ഏവര്‍ക്കും മാതൃകയാണ്. അതുപോലെ അദ്ദേഹത്തെ ഒരു പരിപാടിക്ക് ക്ഷണിച്ചാല്‍ കഴിയുന്നതും എത്തിപ്പെടും. അതിന് പറ്റിയില്ലെങ്കില്‍ ഉടനെ ഒരു എസ് എം എസ് അയക്കും. അതിന് പിന്നാലെ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കത്തും എഴുതുക എന്നുള്ളത് കൊപ്പല്‍ ശൈലിയാണ്.

സേവനരംഗത്ത് രാഷ്ട്രീയ നേട്ടങ്ങളോ വ്യക്തി താല്‍പര്യങ്ങളോ അല്ല കൊപ്പല്‍ എന്ന നേതാവില്‍ ഉണ്ടായിരുന്നത്. ഏത് സമയത്തും ആര്‍ക്കും ഏത് ആവശ്യത്തിനും വിളിക്കാവുന്ന കാസര്‍കോട്ടെ പൊതുപ്രവര്‍ത്തകന്റെ നമ്പര്‍ കൊപ്പല്‍ അബ്ദുല്ലയുടേത് മാത്രമായിരുന്നു. പാവപ്പെട്ടവരുടെ ഏത് കാര്യത്തിനും മുന്നില്‍ ഉണ്ടായിരുന്ന അദ്ദേഹം ഇരുപത്തിയഞ്ച് വര്‍ഷം നഗരസഭാ കൗണ്‍സിലറായി സേവനം നടത്തിയപ്പോഴും അല്ലാതിരുന്നപ്പോഴും ആ മനസ്സ് സാധാരണക്കാരന്റെ കൂടെയായിരുന്നു.

രോഗികള്‍ക്കും, വീടില്ലാത്തവര്‍ക്കും, വിവാഹം നടത്താന്‍ പ്രയാസപ്പെടുന്നവര്‍ക്കും എല്ലാം കൊപ്പല്‍ തണലായിരുന്നു. രാഷ്ട്രീയക്കാരന്‍ എന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തായിരുന്നു അദ്ദേഹത്തിന്റെ കര്‍മ്മഭൂമി. പല സംഘടനകളുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ തലപ്പത്തും കൊപ്പല്‍ ഉണ്ടായിരുന്നു. ഇത് നിര്‍ധനര്‍ക്ക് ഏറെ സഹായകമായിരുന്നു. കൊപ്പല്‍ അബ്ദുല്ലയുടെ പെട്ടെന്നുള്ള മരണം ജില്ലയിലെ സാധാരണക്കാരെയാണ് ഏറെ ദു:ഖിപ്പിച്ചത്.


Keywords: News, Kerala, Article, Politics, Cinema, Actor, Malayalam, Marriage, House, Man, Memories of Koppal Abdulla.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia