വാരാണസിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന 'പത്രോസിന്റെ പത്ത് പ്രമാണങ്ങള്‍'ക്ക് കര്‍ണാടക, ഹിന്ദുസ്ഥാനി സംഗീത വിസ്മയമൊരുക്കി മാധ്യമ പ്രവര്‍ത്തകന്‍
Jan 27, 2020, 18:34 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 27.01.2020) മലയാളികളല്ലാത്ത സംഗീതജ്ഞമാര്‍ മലയാള സിനിമ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയും അത് ഹിറ്റ് ആക്കിയിട്ടുമുണ്ട്. സലില്‍ ചൗധിരിയെയൊക്കെ ആ ഗണത്തില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ഇന്ത്യക്കാരനല്ലാത്ത സംഗീത വിദഗ്ദന്‍ മലയാള സിനിമാഗാനം ഒരുക്കുകയെന്നത് ഒരു പക്ഷെ ഇന്ത്യന്‍ സിനിമക്ക് തന്നെ അപൂര്‍വമായ സംഭവമായിരിക്കും. തീര്‍ന്നില്ല കര്‍ണാടിക്, ഹിന്ദുസ്ഥാനി എന്നീ വിഭാഗങ്ങളിലെ 21 രാഗങ്ങള്‍ ഉപയോഗിച്ച് 21 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഒരു സംഗീത വിസ്മയമൊരുക്കുകയാണ് ഇറ്റാലിയന്‍ സംഗീതജ്ഞന്‍ ചാര്‍ളി ആര്‍മോര്‍.
നന്ദഗോപന്‍ എന്ന സംവിധായകന്‍, വാരാണസിയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന പത്രോസിന്റെ പത്ത് പ്രമാണങ്ങള്‍ എന്ന സിനിമയുടെ ഹൈലൈറ്റാകുമെന്നു കരുതുന്ന ഈ ഗാനത്തിന്റെ രചന ഒരു വെല്ലുവിളി പോലെ സ്വീകരിച്ച് പൂര്‍ത്തിയാക്കിയത് പുതുമുഖമായ മുകുന്ദന്‍ ആലപ്പടമ്പനാണ്. വിശ്വാസത്തിന്റെ ഭാഗമായി മാറുന്ന നായക കഥാപാത്രത്തിന്റെ മനസിന്റെ ചാഞ്ചാട്ടമാണ് രചനയില്‍ ആവാഹിച്ച് ഈ ഗാനം ഒരുക്കിയിട്ടുള്ളത്. മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ ബ്രഹ്മാനന്ദന്റെ മകന്‍ രാകേഷ് ബ്രഹ്മാനന്ദന്റെ സ്വര മാധുരിയിലായിരിക്കും ഗാനം പുറത്തെത്തുക. ഇതിലെ മെലഡി ഒരുക്കുന്നത് നന്ദഗോപനാണ്.
പാശ്ചാത്യ സംഗീതം പഠിച്ച ഒരാള്‍ക്ക് ഇന്ത്യന്‍ സംഗീതം കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അവഗണിച്ചുകൊണ്ടാണ് ഭിന്നശേഷിക്കാരനായ ചാര്‍ലി ഈ ഗാനം ഏറ്റെടുത്തിട്ടുള്ളത്. യു കെയില്‍ നിന്നുള്ള ഇന്‍ഡി റേഡിയോ അവാര്‍ഡ് അടക്കം വിദേശത്ത് നിരവധി സൃഷ്ടികള്‍ക്ക് സംഗീതം നല്‍കി പ്രശസ്തനാണ് ചാര്‍ലി. മഹാദേവനുമായി ബന്ധപ്പെട്ട ഭക്തി സാന്ദ്രമായ ഈ രചനയില്‍ സതി, പാര്‍വ്വതി, ദക്ഷന്‍, നന്തി, ഹിമാലയം, ഗംഗ തുടങ്ങി പുരാണങ്ങളിലെ വിശ്വാസ ബിംബങ്ങളുടെ ഒരു സമ്മേളനമാണ് തെളിഞ്ഞു നില്‍ക്കുന്നത്.
സിന്ധു ഭൈരവി, ദേശ്, ശങ്കരാഭരണം, ഡര്‍ബാരി മലയമാരുതം, ആഭോഗി, ഹരഹരപ്രിയ, ശിവരഞ്ജിനി, പഹാഡി, ശുരൂട്ടി, ഹംസധ്വനി, ചക്രവാകം, ധ്വിജാവന്ദി, കനകാംഗി, മേഘമല്‍ഹാര്‍, ഭൈരവ്, ആഹിര്‍ ഭൈരവ്, വസന്ത, രേവതി, ജോഗ് എന്നീ 21 രാഗങ്ങളിലാണ് പാട്ട് ഒരുക്കിയിട്ടുള്ളത്. മറാഠാ സംസ്‌കാരം വാരണാസിയില്‍ കൊടികുത്തിയ കാലത്ത് അവിടുത്തെ നവാബിന്റെ യുദ്ധവെറി കാരണം പാലായനം ചെയ്ത് മലബാറില്‍ അഭയം തേടിയ ബലല്‍വിന്ദര്‍ എന്ന ശില്‍പ്പിയുടെ ജീവിതകഥയില്‍ തുടങ്ങുന്ന പത്രോസിന്റെ പത്തു പ്രമാണങ്ങള്‍ സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ളതാണ്. അതുകൊണ്ടു തന്നെയാണ് ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ധൈര്യം കാണിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിക്കാന്‍ നന്ദഗോപനെ പ്രേരിപ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Cinema, Entertainment, Trikaripur, Media worker, Media worker wrote song for Pathrosinte Path Pramanangal