city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബിച്ചു തിരുമല അന്തരിച്ചു; വിടവാങ്ങിയത് എന്നും ഓര്‍മിക്കാവുന്ന നിരവധി പാട്ടുകള്‍ സമ്മാനിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനരചയിതാവ്, അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kasargodvartha.com 26.11.2021) എന്നും ഓര്‍മിക്കാവുന്ന നിരവധി പാട്ടുകള്‍ സമ്മാനിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനരചയിതാവ് ബിച്ചു തിരുമല വിടവാങ്ങി. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംഗീതാത്മകമായ ഭാഷാ പ്രയോഗം കൊണ്ട് ആസ്വാദക മനസിനോട് ചേര്‍ന്നു നിന്ന പ്രതിഭയാണ് വിടവാങ്ങിയത്.


  

ബിച്ചു തിരുമല അന്തരിച്ചു; വിടവാങ്ങിയത് എന്നും ഓര്‍മിക്കാവുന്ന നിരവധി പാട്ടുകള്‍ സമ്മാനിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനരചയിതാവ്, അനുസ്മരിച്ച് മുഖ്യമന്ത്രി



നടന്‍ മധു നിര്‍മിച്ച അകല്‍ദാമയാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. നീലാകാശവും മേഘങ്ങളും എന്ന ആദ്യ ഗാനം തന്നെ പ്രശസ്തിയിലേക്കുയര്‍ത്തി. പിന്നീടങ്ങോട്ട് മൈനാകം കടലില്‍ നിന്നുണരുന്നുവോ...., ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം....., വാകപൂമരം ചൂടും..., ആയിരം മാതളപൂക്കള്‍..., ഒറ്റക്കമ്പി നാദം മാത്രം...,., ശ്രുതിയില്‍ നിന്നുയരും..., മൈനാകം..., ഒരു മുറൈ വന്ത് പാര്‍ത്തായ..., മകളെ, പാതിമലരെ... തുടങ്ങി നിരവധി നിത്യ ഹരിത ഗാനങ്ങള്‍ ആ തൂലികയില്‍ നിന്നു പിറന്നു.

അദ്ദേഹം രചിച്ച പാട്ടുകളെല്ലാം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൂപെര്‍ ഹിറ്റ് ഗാനങ്ങളാണ്. ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം 70 ലും 80 ലും തീര്‍ത്തത് പാട്ടുകളുടെ പുതുവസന്തം. ഈണങ്ങള്‍ക്കനുസരിച്ച് അര്‍ഥഭംഗി ഒട്ടും ചോരാതെ സന്ദര്‍ഭത്തിന് ചേരും വിധമുള്ള അതിവേഗപ്പാട്ടെഴുത്തായിരുന്നു ഈ രചയിതാവിന്റെ പ്രധാന സവിശേഷത. ഏതൊരാളുടേയും മനസിലേക്ക് അതിവേഗമെത്തുന്ന ലളിതമായ വാക്കുകളും വരികളെ മനോഹരമാക്കി. താരാട്ടുപാട്ടുകളുടെ വിസ്മയവും ആ തൂലികയില്‍ പിറന്നു. ശ്യാം, എടി ഉമ്മര്‍, രവീന്ദ്രന്‍, ദേവരാജന്‍, ഇളയരാജ അടക്കമുള്ളവരുമായി ബിച്ചു തീര്‍ത്തത് ഹിറ്റ് പരമ്പരകള്‍.

കവിയും പ്രശസ്ത ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ചലച്ചിത്ര ഗാനകലയെ ആസ്വാദക പക്ഷത്തേക്ക് കൂടുതലായി അടുപ്പിക്കുകയും ജനകീയവല്‍ക്കരിക്കുകയും ചെയ്ത ഗാന രചയിതാവാണ് ബിച്ചു തിരുമലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അസാധാരണമായ പദ സ്വാധീനം കൊണ്ടും സംഗീതാത്മകമായ ഭാഷാ പ്രയോഗം കൊണ്ടും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആസ്വാദക മനസിനോട് ചേര്‍ന്നു നിന്നു.

സിനിമാ ഗാനങ്ങളും ഭക്തി ഗാനങ്ങളുമടക്കം അയ്യായിരത്തിലേറെ ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായി വന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും കേരളത്തില്‍ മുഴങ്ങിക്കേട്ട നിരവധി ഹിറ്റ് ഗാനങ്ങള്‍ ബിച്ചുവിന്റെ തൂലികയില്‍ പിറന്നതായിരുന്നു. മലയാളത്തിലെ എണ്ണപ്പെട്ട ചലച്ചിത്ര ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയതിലൂടെ ശ്രദ്ധേയനായിരുന്നു ബിച്ചു തിരുമലയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.


Keywords: Thiruvananthapuram, News, Kerala, Top-Headlines, Bichu Thirumala, Cinema, Entertainment, Death, Obituary, Lyricist, Lyricist Bichu Thirumala passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia