Movie | ആദ്യാവസാനം ദുരൂഹത; കിഷ്കിന്ധാ കാണ്ഡം ഗംഭീര മിസ്റ്ററി ത്രില്ലർ സിനിമ
● ആസിഫ് അലിയും വിജയരാഘവനും മികച്ച അഭിനയം
● ദിൻജിത്ത് അയ്യത്താന്റെ അതിഗംഭീര സംവിധാനം
● ഓണത്തിന് തിയേറ്ററുകളിൽ തിളങ്ങുന്ന ചിത്രം
മായ തോമസ്
(KasargodVartha) ആസിഫ് അലി നായകനായി തിയേറ്ററുകളിലെത്തിയ കിഷ്കിന്ധാ കാണ്ഡത്തിന് മികച്ച അഭിപ്രായമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ‘കിഷ്കിന്ധ കാണ്ഡത്തിൽ ആസിഫ് അലി - അപർണ ബലമുരളി എന്നിവരാണ് നായികാ നായകന്മാരായി എത്തുന്നത്. അമ്മിണിപ്പിള്ളയ്ക്ക് ശേഷം ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും കിഷ്കിന്ധ കാണ്ഡത്തിനുണ്ട്. ഈ സിനിമയിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ നടൻ വിജയരാഘവനും അവതരിപ്പിക്കുന്നു.
ആസിഫ് അലിയും വിജയരാഘവനും മത്സരിച്ചുള്ള അഭിനയമാണ് ഈ ചിത്രത്തിൽ പ്രകടിപ്പിക്കുന്നതെന്ന് ഈ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ചിത്രത്തിലെ ആസിഫ് അലിയുടെയും വിജയരാഘവന്റേയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ആദ്യാവസാനം ദുരൂഹത നിറക്കുന്ന ഇമോഷണലി പിടിച്ചിരുത്തുന്ന ഗംഭീര മിസ്റ്ററി ത്രില്ലർ, എന്ന് ഒറ്റവാക്കിൽ ഈ സിനിമയെ വിശേഷിപ്പിക്കാം. അല്ലെങ്കിൽ യവനിക മുതല്‍ ദൃശ്യം വരെ നീളുന്ന മൈല്‍ സ്റ്റോണ്‍ ത്രില്ലര്‍ പട്ടികയിലേക്കുള്ള പുതിയ അവതാരം.
ചിത്രത്തിന്റെ ഛായാഗ്രാഹകനായ ബാഹുൽ രമേശ് തന്നെ ആണ് ഈ സിനിമയ്ക്ക് തിരക്കഥയും രചിച്ചിരിക്കുന്നത്. ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ വ്യക്തിത്വം ഉണ്ടെന്നുള്ളതാണ് തിരക്കഥയുടെ ഏറ്റവും വലിയ പോസിറ്റീവ്. അക്കാര്യത്തിൽ തിരക്കഥാ കൃത്തിനെ സമ്മതിക്കേണ്ടിയിരിക്കുന്നു. ബാഹുൽ രമേശിന്റെ മികച്ച തിരക്കഥ ദിൻ ജിത്ത് അയ്യത്താന്റെ അതിലും മികച്ച സംവിധാനം. ആസിഫ് അലി വിജയരാഘവൻ അപർണ ബാലമുരളി അടക്കം ഉള്ളവരുടെ വളരെ മികച്ച അഭിനയ മുഹൂർത്തങ്ങൾ. അങ്ങനെ മനോഹരമായ അനുഭവമായിരുന്നു കിഷ്കിന്ധ കാണ്ഡം.
ആദ്യാവസാനം ദുരൂഹത നിറക്കുന്ന ഇമോഷണലി പിടിച്ചിരുത്തുന്ന ഗംഭീര മിസ്റ്ററി ത്രില്ലർ. കാടിന് നടുവിലുള്ള ഒരു വീടും അവിടെ താമസിക്കുന്ന അപ്പു പിള്ള എന്ന മുൻ സൈനിക ഉദ്യോഗസ്ഥനും അയാളുടെ മകൻ അജയ ചന്ദ്രനും ഭാര്യ അപർണയും അടങ്ങുന്ന അയാളുടെ ചെറിയ കുടുംബവും അവർക്കിടയിൽ നടക്കുന്നതും നടന്നതും ആയ ദുരൂഹത നിറഞ്ഞ നടക്കുന്ന ചില അസ്വാഭാവികമായ സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം. വിജയരാഘവനാണ് അപ്പു പിള്ള ആയി എത്തുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷം എന്ന് വേണമെങ്കിൽ അപ്പു പിള്ളയെ പറയാം. അത്രക്യ്ക്ക് മനോഹരമായാണ് വിജയരാഘവൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ആസിഫ് അലിയും അപർണ ബാലമുരളിയും തങ്ങളുടെ വേഷം ഗംഭീരമാക്കിയിട്ടുണ്ട്. ഇവരെക്കൂടാതെ അശോകൻ, ജഗദീഷ്, നിഷാന്‍, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, മേജര്‍ രവി, വൈഷ്ണുവിരാജ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. എല്ലാവരും അവരവരവരുടെ റോളുകൾ ഒന്നിനൊന്ന് ഗംഭീരമാക്കി.
കിഷ്കിന്ധാ കാണ്ഡത്തിനെ പ്രശംസിച്ച് ദേശീയ പുരസ്‌കാര ജേതാവ് സംവിധായകൻ ആനന്ദ് ഏകർഷി രംഗത്ത് എത്തിയത് ഈ സിനിമയുടെ വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്. അത്ഭുതപ്പെടുത്തുന്ന, അതിഗംഭീരമായ സിനിമയാണ് കിഷ്കിന്ധാ കാണ്ഡമെന്നും ആരും ചിത്രം കാണാതെ പോകരുതെന്നും ആനന്ദ് ഏകർഷി ഫേസ്ബുക്കിൽ കുറിച്ചു. ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ ഓണച്ചിത്രങ്ങളിൽ കിഷ്കിന്ധാ കാണ്ഡം വിജയം എടുക്കുമെന്ന് പ്രവചിക്കുന്നവരും ഏറെയാണ്.
സംഗീതം സുഷിന്‍ ശ്യാം, എഡിറ്റിംഗ് സൂരജ് ഇ എസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം സജീഷ് താമരശ്ശേരി, മേക്കപ്പ് റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈന്‍ രഞ്ജു രാജ് മാത്യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് മേനോന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഹരീഷ് തെക്കേപ്പാട്ട്, പോസ്റ്റര്‍ ഡിസൈന്‍ ആഡ്‍സോഫാഫ്സ്, എന്നിവരാണ് ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകർ ഗുഡ് വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഗുഡ് വിലിന്റെ സാരഥി ആയ ജോബി ജോർജിനും ഈ സിനിമയുടെ പ്രധാനിയായ പ്രിയപ്പെട്ട കൂട്ടുകാരൻ അലക്സ് കുര്യനും ഇതിൻറെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും എന്നും അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാകും കിഷ്കിന്ധാ കാണ്ഡം. അത്തരത്തിള്ള പ്രേക്ഷക പ്രതികരണങ്ങളാണ് ഈ കുറഞ്ഞ ദിവസത്തിനുള്ളിൽ വന്നുകൊണ്ടിക്കുന്നത്. കുടുംബത്തോടൊപ്പം തിയേറ്ററിൽ തന്നെ പോയി ഈ മനോഹരമായിട്ടുള്ള സിനിമ ആസ്വദിക്കുക.
#KishkindhaKaandam #MalayalamCinema #Thriller #Mystery #AsifAli #VijayRaghavan #DinjithAyyathan #NewMovie #MustWatch