city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ റെയിൽ; യാഥാർഥ്യമെന്ത്?

ഡോ. ഖാദർ മാങ്ങാട്

(www.kasargodvartha.com 27.11.2021) 'ഹായ് എന്തൊരു സ്പീഡ് !', തന്റെ വെള്ളവസ്ത്രത്തിൽ ചളി തെറിപ്പിച്ചു പാഞ്ഞു പോയ കാർ നോക്കി അടൂർ ഗോപാലകൃഷ്ണന്റെ 'കൊടിയേറ്റം ' എന്ന സിനിമയിലെ കഥാപാത്രം പറയുന്നതാണ് മേൽ വാചകം. ഈ സന്ദർഭം ഓർമിപ്പിക്കുന്നതാണ് കേരള സർക്കാർ അതിവേഗ റയിലിന് വേണ്ടി സ്ഥലം ഏറ്റെടുക്കാൻ കാണിക്കുന്ന ധൃതി. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര വേഗത്തിലാണ് സ്ഥലം ഏറ്റെടുക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചത്. ജനജീവിതത്തിൽ ഇത് ഉണ്ടാക്കാൻ പോകുന്ന സാമൂഹ്യ, പാരിസ്ഥിതിക, സാമ്പത്തിക ആഘാതങ്ങൾ എത്ര മാത്രം വലുതാണെന്ന് ചിന്തിക്കുവാൻ സർക്കാരിന് നേരമായിട്ടില്ല. അത് പിന്നീട് നടത്തുമെന്നാണ് അറിയിപ്പ്.
               
കെ റെയിൽ; യാഥാർഥ്യമെന്ത്?



നമ്മളെല്ലാം വസ്ത്രം ധരിക്കുമ്പോൾ ആദ്യം അടിവസ്ത്രം ധരിക്കും. അതിനു ശേഷം അടിവസ്ത്രത്തിനു മുകളിലാണ് മുണ്ടോ, പാന്റ്സോ ധരിക്കുക. മുണ്ടിനോ, പാന്റ്സിനോ മുകളിൽ അടിവസ്ത്രം ധരിച്ചാൽ ജനം നമ്മളെ എന്താണ് വിളിക്കുക?. സർക്കസ് കോമാളികൾ നമ്മെ ചിരിപ്പിക്കാൻ അങ്ങിനെ ധരിക്കാറുണ്ടെങ്കിലും, നമ്മൾ പഠിച്ചത് അടിവസ്ത്രം ആദ്യം ധരിക്കാനാണ്. ഇതാണ് പ്രകൃതി നിയമവും. പക്ഷെ നിർഭാഗ്യവശാൽ ഇവിടെ ആദ്യം നടക്കുന്നത് അവസാനം നടക്കേണ്ട കാര്യമാണ് പതിറ്റാണ്ടുകളായി വീട് വെച്ച് താമസിക്കുന്ന ആളുകളെ കുടിയൊഴിപ്പിക്കുക. അനുവാദമില്ലാതെ ബലമായി അവരുടെ സ്വന്തം വീടുകളിൽ നിന്നും പുറത്താക്കുക. ഈ പ്രക്രിയ കഴിഞ്ഞ ശേഷം രണ്ടാമതായാണ് ആദ്യം നടത്തേണ്ട ആഘാത പഠനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതെന്തൊരു വൈചിത്ര്യമാണ്? മുണ്ടിനു മേലെ അടിവസ്ത്രം ധരിക്കുന്ന പ്രാകൃത രീതി.

ഗാന്ധിജിയുടെ നേതൃത്വത്തിൽ കൊളോണിയൽ ഭരണം അവസാനിപ്പിച്ച് ജനാധിപത്യ ഭരണം തുടങ്ങിയത് ജനങ്ങൾക്കു വേണ്ടി രാജ്യഭരണം നടത്താൻ വേണ്ടിയാണ്. രാജഭരണത്തിനെതിരായി സമരം നടത്തിയ കമ്മ്യുണിസ്റ്റുകളുടെ നാടാണിത്. തെരെഞ്ഞെടുപ്പിൽ കൂടി ആദ്യമായി അധികാരത്തിൽ വന്നതും കമ്മ്യുണിസ്റ് നേതാവ് ഇ എം എസ് നമ്പൂതിരിപ്പാടായിരുന്നു. ഇവിടെ ഇപ്പോൾ സംഭവിക്കുന്നതെന്താണ്? ജനഹിതം അവഗണിച്ചു കെ റെയിലിന്റെ പേരിൽ കേരളത്തെ വെട്ടിമുറിക്കാൻ ആരാണ് മുഖ്യമന്ത്രിക്ക് അധികാരം നൽകിയത്? ആരോടുള്ള വാശി തീർക്കാൻ വേണ്ടിയാണു പ്രതിഷേധങ്ങൾ അവഗണിച്ചു കൊണ്ടുള്ള നെട്ടോട്ടം? അറുപത്തിമൂന്നായിരം കോടി രൂപ ചെലവിലാണ് പദ്ധതി എന്ന് പറയുന്നു. കേന്ദ്ര സർക്കാർ നീതി ആയോഗ് പറയുന്നത് പണി പൂർത്തിയാകുമ്പോൾ ഇത് ഇരട്ടിയിലായതികം വരുമെന്ന്.

രണ്ടു പ്രളയങ്ങളിൽ വീട് നഷ്ടപ്പെട്ട പലർക്കും നഷ്ടപരിഹാരമോ, വീടോ കൊടുക്കാൻ കഴിയാതെ ഇപ്പോഴും അഭയകേന്ദ്രങ്ങളിൽ കഴിയുന്ന കുടുംബങ്ങൾ ജീവിക്കുന്ന സംസ്ഥാനമാണിത്. സാമ്പത്തിക ബുദ്ധിമുട്ടുകാരണം കിറ്റ് വിതരണം പോലും നിർത്തി വെച്ച് മുണ്ടു മുറുക്കിയുടുക്കുന്ന സംസ്ഥാനം. എൻഡോസൾഫാൻ രോഗികൾക്കു സുപ്രീം കോടതി ഉത്തരവിട്ട സഹായ ധനം പോലും നല്കാൻ ആവതില്ലാത്ത കേരളം. ഈ സംസ്ഥാനം എങ്ങിനെയാണ് കെ റൈലിനു വേണ്ടി ഇത്രയും വലിയ തുക കണ്ടെത്തുന്നത്? പലിശയില്ലാത്ത തുകയുടെ ഭൂരിഭാഗവും കടമായി ജപ്പാൻ സർക്കാർ തരുമെന്ന് പറയുന്നു. ജപ്പാൻ ഒരു മുതലാളിത്ത രാജ്യമാണ്. ലാഭം കാണാതെ നമുക്ക് പണം കടം തരാൻ മാത്രം വിഡ്ഢികളാണോ ജപ്പാൻകാർ ? ജപ്പാന്റെ ‘യെൻ’ പണപ്പെരുപ്പമില്ലാതെ സ്ഥായിയായി സാമ്പത്തിക നില ഭദ്രമായി നിൽക്കുന്ന രാജ്യമാണ്. രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ജപ്പാൻ കറൻസിക്ക് (യെൻ) വർഷം തോറും രണ്ടര ശതമാനം മൂല്യം വർധിക്കുന്നു. നമ്മൾ കടം തിരിച്ചടക്കേണ്ടത് ജപ്പാൻ കറൻസിയിലാണ്. പദ്ധതി തീരാൻ നാലു വർഷമെടുത്താൽ പലിശയില്ലാതെ എടുക്കുന്ന ജപ്പാൻ സഹായത്തിനു ഫലത്തിൽ വർഷം എത്ര ശതമാനം പലിശയാകുമെന്നു ഊഹിക്കാവുന്നതേയുള്ളു. ഇത്രയും ബാധ്യത തിരിച്ചടക്കാൻ കേരളം എന്ത് വഴിയാണ് കണ്ടിട്ടുള്ളത്?

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വിമാനക്കമ്പനി ഈടാക്കുന്ന ചാർജ് രണ്ടായിരത്തി നാനൂറു രൂപ മാത്രം. കെ റെയിൽ ട്രെയിനിൽ ചാർജ് ഇതിൽ നിന്നും ഒട്ടും കുറയാൻ സാധ്യതയില്ല. രാജധാനി എക്സ്പ്രസ്സ് കാസറഗോഡ് നിന്നും തിരുവനന്തപുരത്തെത്താൻ എടുക്കുന്ന സമയം പത്തര മണിക്കൂർ. ഇതിന്റെ വേഗത വർധിപ്പിക്കാൻ സംവിധാനമുണ്ടാക്കിയാൽ എട്ടുമണിക്കൂറിൽ എത്തിച്ചേരാൻ പറ്റും. ഇതിൽ തന്നെ സീറ്റുകൾ ധാരാളം ഒഴിഞ്ഞു കിടക്കുന്നു. കെ റയിലിൽ ഓടുന്ന ട്രെയിനിൽ കയറ്റാവുന്ന യാത്രക്കാരുടെ എണ്ണം 680. കേവലം 680 പേരെ നാലു മണിക്കൂർ കൊണ്ട് കാസറഗോഡ് നിന്നും തിരുവനന്തപുരത്തെത്തിക്കാൻ സംസ്ഥാനം മുടക്കേണ്ടത് ഒരു ലക്ഷത്തി ഇരുപത്തയ്യായിരം കോടി രൂപ. ഇത് മുതലാക്കാൻ ടിക്കറ്റ് വില എത്ര വർധിപ്പിച്ചാലും വിമാനചാർജിനെക്കാൾ കൂടുതൽ ആക്കാൻ പറ്റില്ല. സംസ്ഥാനത്തു ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കൊച്ചിയിൽ പോലും യാത്രക്കാരെ കിട്ടാതെ മെട്രോ റെയിൽ മാസം ശരാശരി നാല്പത്തഞ്ചു ലക്ഷം രൂപ നഷ്ടത്തിലാണൊടുന്നത്. എന്നിട്ടും കെ റൈലിനെ ലാഭത്തിലാക്കാൻ കഴിയുമെന്ന വാദം ബോധ്യപ്പെടുന്നില്ല.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തടക്കമുള്ള ഇടതു സംഘടനകൾ പരസ്യമായി എതിർത്ത കെ റയിലിന് പരിസ്ഥിതി ആഘാതവും, ശബ്ദമലിനീകരണവും, വെള്ളപ്പൊക്ക ഭീഷണിയുമെല്ലാം വേറെയുമുണ്ട്. റെയിൽ കേരളത്തെ രണ്ടായി മുറിക്കുമെന്നും, ഇരുഭാഗത്തും രണ്ടു സംസ്കാരങ്ങൾ തന്നെ രൂപപ്പെടുമെന്നുമുള്ള ഉത്കണ്ഠകൾ ഉയർത്തുന്നവരുമുണ്ട്. ജര്മനിയിലുണ്ടായിരുന്ന ബെർലിൻ മതിൽ പോലെ ഇവിടെ പടിഞ്ഞാറൻ കേരളവും കിഴക്കൻ കേരളവും ഉണ്ടാകാൻ മാത്രം വീതി ഈ നാട്ടിനുണ്ടോ ? കേരളത്തിന്റെ ശരാശരി വീതി അമ്പതു കിലോമീറ്റർ മാത്രം. അഞ്ഞൂറ്റി അറുപതു കിലോമീറ്റർ നീളത്തിൽ റെയിൽ പാളമുണ്ടാക്കാനും ഇരുഭാഗത്തും കോൺക്രീറ്റ് മതിലുകൾ നിർമിക്കാനും ആയിരത്തിലധികം ചെറുതും വലുതുമായ കോൺക്രീറ്റ് പാലങ്ങൾ ഉണ്ടാക്കാനും സഹ്യപർവ്വതം ഇടിച്ചു നിരത്തേണ്ടി വരും.

നാല്പത്തിനാലിൽ നല്ലൊരു ഭാഗം നദികളും ഉത്ഭവിക്കുന്നത് പശ്ചിമ ഘട്ടത്തിലെ നീരുറവകളിൽ നിന്നാണ്. പശ്ചിമ ഘട്ടം ഇല്ലാതായാൽ നദികൾ ഇല്ലാതാവും. കേരളം മരുഭൂമിയായി മാറും. പച്ചയാം വിരിപ്പെട്ട ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ പ്രേത ഭൂമിയാകും. കർണാടകയിൽ നിന്നും തമിഴ് നാട്ടിൽ നിന്നും കരിങ്കൽ ഇറക്കുമതി ചെയ്യാമെന്ന് വിചാരിച്ചാൽ അത് നടക്കില്ല. കാരണം ഇപ്പോൾ തന്നെ അവിടെ സാമൂഹ്യ സംഘടനകൾ കുന്നുകൾ നികത്തുന്നതിനെതിരെ പ്രതിരോധത്തിലാണ്. മാധവ ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപോർട്ടുകൾ ഇപ്പോഴും സർക്കാരിന്റെ ഭദ്രപ്പെട്ടിയിൽ കിടക്കുന്നു. വെള്ളപ്പൊക്കത്തിന് ഇനിയും പരിഹാരമുണ്ടാക്കാതെ കേരളം അറബിക്കടലിലേക്കൊലിച്ചു പോകുന്ന ഒരു പ്രകൃതി ദുരന്തന്തിന് നമ്മൾ സാക്ഷിയാകണമോ ?

ഒരു സെന്റ് ഭൂമി പോലും ഏറ്റെടുക്കാതെ, ഒരാളെ പോലും കുടിയിറക്കാതെ ബദലുകൾ പലതുമുണ്ടെങ്കിലും അതൊക്കെ ബധിര കർണങ്ങളിലാണ് പതിയുന്നത്. നിലവിലെ ഇരട്ട റെയിൽ പാളങ്ങൾക്കിടയിൽ കോൺക്രീറ്റ് തൂണുകൾ പണിതു അതിനു മുകളിൽ ഫ്ലൈ ഓവർ ഉണ്ടാക്കി അതിവേഗ ട്രെയിൻ ഓടിക്കാം. വേണമെങ്കിൽ അതിന്റെയും മുകളിൽ ഒരു നില കൂടി പണിതു എട്ടുവരി റോഡുമുണ്ടാക്കാം. ഈ പ്രോജക്ടിന് ഇപ്പോഴുദ്ദേശിക്കുന്ന പദ്ധതിയുടെ പകുതി ചെലവ് വേണ്ട. അടുത്ത അര നൂറ്റാണ് കാലത്തേക്ക് റോഡ് ട്രാഫിക് പ്രശ്നവും ഇല്ലാതായിക്കിട്ടും. അത്യാവശ്യമുള്ള രോഗികൾക്കു തിരുവനന്തപുരമെത്താൻ ജില്ലകൾ തോറും ചെറുവിമാനത്താവളങ്ങൾ ഒരുക്കാൻ കെ റയിലിന്റെ പകുതി ചെലവ് പോലും വേണ്ട. പത്തു ജില്ലകളിൽ മാത്രം വിമാനത്താവളങ്ങൾ മതി. നാലെണ്ണം ഇപ്പോൾ തന്നെ ഉണ്ടല്ലോ. അതല്ലെങ്കിൽ സർക്കാർ ഹെലികോപ്റ്റർ സർവീസ് ആരംഭിക്കണം. ഇതിനും ഒരു ലക്ഷം കോടി രൂപയൊന്നും വേണ്ട.

രോഗികളെ തിരുവനന്തപുരം കൊണ്ട് പോകേണ്ടി വരുന്നത് കാസറഗോഡ് ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതു കൊണ്ടാണ്. കാസറഗോഡ് മെഡിക്കൽ കോളേജും, എയിംസും ആരംഭിച്ചാൽ തന്നെ ഈ പ്രശ്നം തീരും. ഇത്ര വലിയ പണച്ചെലവിൽ ലഭിക്കുന്ന ഏതാനും മണിക്കൂറിന്റെ സമയ ലാഭവും അത് നൽകുന്ന പ്രയോജനവും തമ്മിൽ ഒരു താരതമ്യം ആവശ്യമാണ്, പൊതു പണം ചെലവഴിക്കുമ്പോൾ അതിന്റെ പ്രയോജനം പൊതുജനങ്ങൾക്കു ലഭിക്കണം. ജനാധ്യപത്യത്തിൽ അത് ജനങ്ങളുടെ അവകാശമാണ്. കെ റെയിൽ നൽകുന്ന 'മാർജിനൽ യൂട്ടിലിറ്റി'എത്രയാണെന്ന് പരിശോധിക്കപ്പെടണം. ആദ്യം പ്രാധാന്യം കൊടുക്കേണ്ടത് ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾക്ക് തന്നെയാണ്. കെ റെയിൽ ആവശ്യമാണോ ആഡംബരമാണോ എന്ന ചർച്ച നടക്കേണ്ടിയിരിക്കുന്നു.


Keywords: News, Kerala, Kasaragod, Article, Railway, Train, Hospital, Cinema, Government, Political party, Kannur, Thiruvananthapuram, Medical College, K Rail; What is reality?.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia