ജോജു ജോര്‍ജും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'അവിയല്‍' പ്രമോ വീഡിയോ പുറത്തിറങ്ങി
കൊച്ചി: (www.kasargodvartha.com 06.04.2022) ജോജു ജോര്‍ജിനെയും അനശ്വര രാജനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ശാനില്‍ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അവിയല്‍. ചിത്രത്തിന്റെ പ്രമോ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ചിത്രം ഏപ്രില്‍ ഏഴിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ജോസഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോജുവും നടി ആത്മീയ രാജനും അഭിനയിക്കുന്ന ചിത്രം കൂടിയാണ് അവിയല്‍. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ ശ്രദ്ധനേടിയിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ ജനിച്ചു വളര്‍ന്ന, സംഗീതത്തിനോട് അതിയായ സ്‌നേഹവും ആവേശവുമുള്ള കൃഷ്ണന്‍ എന്ന വ്യക്തിയുടെ ജീവിതത്തിലെ ബാല്യകാലം, കൗമാരം, യൗവനം, എന്നീ കാലഘട്ടങ്ങളിലൂടെയുള്ള ജീവിത കഥ അച്ഛന്‍- മകള്‍ സംഭാഷണത്തിലൂടെ അവതരിപ്പിക്കുകയാണ് അവിയല്‍. പല കാലഘട്ടങ്ങളിലൂടെ കഥ പോകുന്നതിനാല്‍ രണ്ടു വര്‍ഷങ്ങള്‍ കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്.
മങ്കിപെന്‍ എന്ന ചിത്രത്തിന് ശേഷം ശാനില്‍ ഒരുക്കുന്ന ചിത്രത്തില്‍ പുതുമുഖമായ സിറാജ്ജുദ്ധീന്‍ ആണ് നായകനാകുന്നത്. കേതകി നാരായണ്‍, ആത്മീയ, അഞ്ജലി നായര്‍, സ്വാതി, പ്രശാന്ത് അലക്‌സാന്‍ഡര്‍, ഡെയിന്‍ ഡേവിസ്, വിഷ്ണു, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോര്‍ജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുജിത് സുരേന്ദ്രനാണ് ചിത്രം നിര്‍മിക്കുന്നത്.