ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്നും മരക്കാരും ജയ് ഭീമും പുറത്ത്; ഇടംപിടിച്ച് ഇന്‍ഡ്യന്‍ ഡോക്യുമെന്ററി 'റൈറ്റിംഗ് വിത് ഫയര്‍'
ന്യൂഡെല്‍ഹി: (www.kasargodvartha.com 09.02.2022) മോഹന്‍ലാലിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹവും സൂര്യയുടെ ജയ് ഭീമും ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ നിന്നും പുറത്ത്. രണ്ട് ചിത്രങ്ങളും നോമിനേഷനായുള്ള പരിഗണന പട്ടികയില്‍ ഉണ്ടായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം 6.30 മണിയോടെയാണ് 94മത് അകാഡമി അവാര്‍ഡിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്. 276 ചിത്രങ്ങള്‍ക്കൊപ്പമാണ് മരക്കാറും ജയ് ഭീമും പരിഗണന പട്ടികയില്‍ ഇടം നേടിയിരുന്നത്. അതേസമയം, ഇന്‍ഡ്യന്‍ ഡോക്യുമെന്ററി 'റൈറ്റിംഗ് വിത് ഫയര്‍' നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
മികച്ച ഫീചര്‍ സിനിമ, സ്‌പെഷ്യല്‍ എഫക്ട്‌സ്, വസ്ത്രാലങ്കാരം എന്നീ മേഖലകളില്‍ ദേശീയ പുരസ്‌കാരം നേടിയ ചിത്രം കൂടിയാണ് പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിച്ച് മരക്കാര്‍: അറബിക്കടലിന്റെ സിംഹം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിന് തീയേറ്ററുകളില്‍ റിലീസ് ചെയ്ത മരക്കാര്‍ ഡിസംബര്‍ 17 ന് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നേരത്തെ ഓസ്‌കാറിന്റെ യൂട്യൂബ് ചാനലില്‍ ജയ് ഭീം പ്രദര്‍ശിപ്പിച്ചിരുന്നു. ടി ജെ ജ്ഞാനവേല്‍ ഒരുക്കിയ ചിത്രത്തിന്റെ പ്രമേയം ദലിത് രാഷ്ട്രീയമാണ്. മദ്രാസ് ഹൈകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതാനുഭവങ്ങളാണ് ചിത്രം പറയുന്നത്.
Keywords: New Delhi, News, National, Top-Headlines, Cinema, Entertainment, 'Jai Bhim', 'Marakkar', Oscar 2022, Actor, Mohanlal, Surya, 'Jai Bhim', 'Marakkar' fail to make the cut for Oscar 2022.