പ്രദര്‍ശനത്തിനെത്താനിരിക്കെ 'കുറുപ്പ്' സിനിമയുടെ നിര്‍മാതാക്കള്‍ക്ക് നോടീസയച്ച് ഹൈകോടതി
കൊച്ചി: (www.kasargodvartha.com 12.11.2021) പ്രദര്‍ശനത്തിനെത്താനിരിക്കെ 'കുറുപ്പ്' സിനിമയുടെ നിര്‍മാതാക്കള്‍ക്ക് നോടീസയച്ച് ഹൈകോടതി. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നടപടി. ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് നിര്‍മാതാക്കള്‍ക്ക് നോടീസ് ലഭിച്ചിരിക്കുന്നത്. നിര്‍മാതാക്കളെക്കൂടാതെ ഇന്റര്‍പോളിനും കേന്ദ്ര, സംസ്ഥാന സര്‍കാരുകള്‍ക്കും നോടീസ് ഉണ്ട്.
സിനിമ കുറ്റവാളിയായ സുകുമാരക്കുറുപ്പിന്റെയും കുടുംബത്തിന്റെയും സ്വകാര്യത ലംഘിക്കുമെന്നാണ് ഹരജിക്കാരന്റെ വാദം. എറണാകുളം സ്വദേശിസെബിന്‍ തോമസ് എന്നയാളാണ് ഹരജി സമര്‍പിച്ചിരിക്കുന്നത്. അതേസമയം സിനിമയുടെ പ്രദര്‍ശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ പാന്‍ ഇന്‍ഡ്യന്‍ റിലീസായാണ് ചിത്രം പുറത്തിറങ്ങുന്നത്.
ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും ട്രെയ്ലറിനുമെല്ലാം മികച്ച പ്രതികരണമായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിച്ചിരുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് കുറുപ്പ്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെകന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
Keywords: Kochi, News, Kerala, Top-Headlines, Cinema, High-Court, Entertainment, High court issues notice to producers of 'Kurup'