നാല് ഭാഷകൾ, നാല് സംവിധായകർ, ഒരു സിനിമ; വിസ്മയിപ്പിച്ച് അണിയറയിൽ ഒരുങ്ങുന്നു
Mar 18, 2021, 12:45 IST
കാസർകോട്: (www.kasargodvartha.com 18.03.2021) നാലുഭാഷകളിൽ നാലു സംവിധായകർ ഒരുക്കുന്ന ഒരു സിനിമ വരുന്നു. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായിരിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലായി 4 സിനിമകൾ കോർത്തിണക്കി കൊണ്ടാണ് 'ലൗ ലോക്' എന്ന പേരിൽ പുറത്തിറങ്ങുന്നത്. ഓരോ സിനിമയും 30- 40 മിനിറ്റ് ദൈർഘ്യം വരും. കന്നഡ സംവിധായകൻ നൂതൻ ഉമേഷാണ് ഈ ഉദ്യമത്തിന് പിന്നിൽ. നാല് ഭാഷകളിലെ സിനിമകളും വിഷയവുമായി ബന്ധപ്പെട്ട് തന്നെയാണ് അണിയിച്ചൊരുക്കുന്നത്.
ലോക് ഡൗൺ ദിവസങ്ങളിൽ സംഭവിക്കുന്ന ഒരു വിഷയത്തിൽ പ്രണയം പ്രധാന ഘടകമായി വരുന്ന രീതിയിലാണ് സിനിമ. ലോക് ഡൗൺ പ്രഖ്യാപിക്കുന്ന ദിവസം നടന്ന സീരിയൽ നടിയുടെ മരണം, അതിൻ്റെ അന്വേഷണവും അത് എത്തിച്ചേരുന്നത് ഒട്ടും നിനയ്ക്കാത്ത സംഭവങ്ങളിലേക്കും. കാലിക പ്രസക്തമായ ഒരു വിഷയത്തിലൂടെയാണ് പ്രണയും അന്വേഷണവും സമന്വയിപ്പിച്ച് സിനിമ കടന്ന് പോകുന്നത്.
കന്നട സംഗീത സംവിധായകനും നടനുമായ എസ് പ്രദീപ് വർമ്മയും മലയാളിയായ ആദ്യയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഞ്ചാം പാതിര, ഓപറേഷൻ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സുധീർ സൂഫി, ബി വിനോദ്, അരുൺ പുനലൂർ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ജോയ്, കൃഷ്ണൻ ബാലകൃഷ്ണൻ, ജിതേഷ് ദാമോദർ, ജയശ്രീ കിഷോർ തുടങ്ങിയവരും ലവ് ലോകിൽ അഭിനയിക്കുന്നു.
മലയാളത്തിൽ സിനിമ ഒരുക്കുന്നത് സംവിധായകൻ ഷിബു ഗംഗാധരൻ ആണ്. പ്രെയ്സ് ദ ലോർഡ്, രുദ്രസിംഹാസനം എന്നീ ചിത്രങ്ങൾക്ക് ശേഷം ഷിബു ഗംഗാധരൻ ഒരുക്കുന്ന സിനിമയാണിത്. നിർമാണം: നൂതൻ ഉമേഷ്, തിരക്കഥ, സംഭാഷണം: ചന്ദ്രൻ രാമന്തളി, ക്യാമറ: അനിൽ ഈശ്വർ, എഡിറ്റിങ്ങ്: സിയാൻ ശ്രീകാന്ത്, ബാനർ: മോഹക് സിനിമാസ്, പ്രൊഡക്ഷൻ കൺട്രോളർ: ശ്യാം സുന്ദർ, അസോ: ഡയറക്ടർ: പ്രകാശ് ആർ നായർ.
Keywords: Kasaragod, Kerala, News, Cinema, Film, Top-Headlines, Languages, Four languages, four directors, one film.
< !- START disable copy paste -->