Tunisha Sharma | അകാലത്തില്‍ പൊലിഞ്ഞത് ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തില്‍ കത്രീന കൈഫിന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടി; തുനിഷ ശര്‍മയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
മുംബൈ: (www.kasargodvartha.com) കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ടെലിവിഷന്‍ താരം തുനിഷ ശര്‍മ(20)യുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 'അലിബാബ: ദസ്താന്‍ ഇകാബുള്' എന്ന സീരിയലിന്റെ സെറ്റിലെ മേകപ് മുറിയിലാണ് താരത്തെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍തന്നെ സഹപ്രവര്‍ത്തകര്‍ നടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. അലി ബാബായില്‍ ഷെഹ്സാദി മറിയമായി അഭിനയിച്ചു വരികയായിരുന്നു. ഇതിനിടെയാണ് അകാല വിയോഗം.
ബോളിവുഡ് ചിത്രങ്ങളിലും ചെറിയ വേഷങ്ങളില്‍ തുനിഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തില്‍ കത്രീന കൈഫിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് തുനിഷയായിരുന്നു. ഫിത്തൂര്‍, ദബാങ്3, കഹാനി 2 തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.
ഭാരത് കാ വീര്‍ പുത്ര മഹാറാണ പ്രതാപ് എന്ന സീരിയലിലൂടെയാണ് തുനിഷ ടെലിവിഷന്‍ രംഗത്തെത്തിയത്. ചക്രവര്‍ത്തി അശോക സമ്രാട്ട്, ഗബ്ബാര്‍ പൂഞ്ച് വാലാ, ഷേര്‍ഇ പഞ്ചാബ്, ഇന്റര്‍നെറ്റ് വാലാ ലവ്, സുബ്ഹാന് അല്ലാ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.