പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു
തൃശ്ശൂര്‍: (www.kasargodvartha.com 03.07.2021) പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ആന്റണി ഈസ്റ്റ്മാന്‍ അന്തരിച്ചു. 74 വയസായിരുന്നു. സിനിമാ മേഖലയില്‍ നിശ്ചല ഛായാഗ്രാഹകനായി ആരംഭിച്ച്, സംവിധാനം, നിര്‍മാണം, തിരക്കഥ, കഥ, എന്നീ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ആന്റണി ഈസ്റ്റ്മാന്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശ്ശൂരില്‍ വെച്ചാണ് മരണം. സംസ്‌കാരം പിന്നീട്.
തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം ചൊവ്വന്നൂരില്‍ മുരിങ്ങാത്തേരി കുരിയാക്കോസിന്റെയും മാര്‍ത്തയുടെയും മകനായി 1946 ഓഗസ്റ്റ് 26നാണ് ജനനം. ചൊവ്വന്നൂര്‍ സെന്റ്. തോമസ് സ്‌കൂളിലും കുന്നംകുളം ഗവ. ഹൈസ്‌കൂളിലും പഠനം. അറുപതുകളുടെ മധ്യത്തോടെ ഫോടോഗ്രാഫറായി ജീവിതം ആരംഭിച്ചു. പിന്നീട് എറണാകുളത്തേക്കു മാറുകയും ഈസ്റ്റ്മാന്‍ എന്ന പേരില്‍ ഒരു സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തു. അങ്ങനെ ആന്റണി ഈസ്റ്റ്മാന്‍ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി.
ഏഴ് സിനിമകളാണ് ആന്റണി ഈസ്റ്റ്മാന്‍ സംവിധാനം ചെയ്തത്. സിനിമാലോകത്ത് പ്രശസ്തരായിത്തീര്‍ന്ന സില്‍ക് സ്മിത, സംഗീതസംവിധായകന്‍ ജോണ്‍സണ്‍ തുടങ്ങി ഒട്ടേറെപ്പേര്‍ അരങ്ങേറ്റം കുറിച്ച 'ഇണയെത്തേടി' ആയിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം. തുടര്‍ന്ന് വര്‍ണ്ണത്തേര്, മൃദുല, ഐസ്‌ക്രീം, അമ്പട ഞാനേ, വയല്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
രചന, ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍, ഇവിടെ ഈ തീരത്ത്, ഐസ്‌ക്രീം, മൃദുല, മാണിക്യന്‍, തസ്‌ക്കരവീരന്‍, ക്ലൈമാക്സ് എന്നീ ചിത്രങ്ങള്‍ക്ക് കഥയും മൃദുല എന്ന ചിത്രത്തിന്റെ തിരക്കഥയുമെഴുതി.
ഗീതം, രാരീരം, തമ്മില്‍ തമ്മില്‍, രചന, രക്തമില്ലാത്ത മനുഷ്യന്‍, സീമന്തിനി, അവള്‍ വിശ്വസ്തയായിരുന്നു, ഈ മനോഹര തീരം, വീട് ഒരു സ്വര്‍ഗ്ഗം, മണിമുഴക്കം എന്നീ ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചു.
പാര്‍വ്വതീപരിണയം എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ്. അക്ഷരം എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂടീവുമായി.
Keywords: News, Kerala, State, Thrissur, Entertainment, Film, Cinema, Death, Top-Headlines, Film director Antony Eastman passes away