Thiruchithrambalam Trailer | ധനുഷ് നായകനാകുന്ന 'തിരുചിത്രമ്പല'ത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു
കൊച്ചി: (www.kasargodvartha.com) ധനുഷിനെ നായകനാക്കി മിത്രന് ജവഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'തിരുചിത്രമ്പലം'. ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു ഡെലിവറി ബോയുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ധനുഷ് അവതരിപ്പിക്കുന്നത്.
'തിരുചിത്രമ്പലം' രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ഓഗസ്റ്റ് 18ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. നിത്യ മേനന്, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രകാശ് രാജും ചിത്രത്തിലുണ്ട്.
നീണ്ട ഒരു ഇടവേളക്കുശേഷം ധനുഷിന്റേതായി പുറത്തിറങ്ങുന്ന കോമഡി ആക്ഷന്‍ ജോണര്‍ ഉള്ള ചിത്രമാണ് തിരുച്ചിത്രമ്പലം. യാരടി നീ മോഹിനി, കുട്ടി, ഉത്തമപുത്രന് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷിന്റെയും സംവിധായകന് മിത്രന് ജവഹറിന്റെയും നാലാമത്തെ കൂട്ടുകെട്ടാണ് ഈ ചിത്രം.
തിയേറ്ററുകളില്‍ തന്നെയാണ് ധനുഷ് ചിത്രം റിലീസ് ചെയ്യുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസന് എന്നിവരുമായി ചേര്‍ന്ന് മിത്രന് ജവഹര്‍ തന്നെയാണ് തിരക്കഥ എഴുതുന്നത്. കലാനിധി മാരന് ആണ് ചിത്രം നിര്‍മിക്കുന്നത്. സന് പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ ബാനര്‍.







