city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'സിനിമാ വണ്ടി' 29ന് കാസര്‍കോട്ടെത്തും

കാസര്‍കോട്: (www.kasargodvartha.com 28/03/2015) കേരളത്തിലെ സ്വതന്ത്ര സിനിമാ സംരംഭങ്ങള്‍ക്ക് ഒരു ബദല്‍ വിതരണമാര്‍ഗം തുറക്കാനുള്ള ഉദ്ദേശവുമായി കാഴ്ച്ച ചലച്ചിത്രവേദി 'സിനിമാവണ്ടി' എന്നപേരില്‍ നടത്തുന്ന കേരള യാത്ര 29ന് കാസര്‍കോടെത്തും. കഴിഞ്ഞ കേരള രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍, മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി, നെറ്റ്പാക്ക് അവാര്‍ഡുകളും, മികച്ച സംവിധാനത്തിന് ജോണ്‍ എബ്രഹാം, അരവിന്ദന്‍ ജൂറി പുരസ്‌കാരങ്ങളും നേടിയ സനല്‍കുമാര്‍ ശശിധരന്റെ 'ഒരാള്‍പ്പൊക്കം' എന്ന ചിത്രമാണ് സിനിമാവണ്ടിയുടെ ഈ യാത്രയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ജനുവരി 24 നു തിരുവനന്തപുരത്തു അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത സിനിമാവണ്ടി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലൂടെ കാസര്‍കോട് എത്തുമ്പോള്‍ നൂറോളം നിറഞ്ഞ വേദികളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. കേദാര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സങ്കീര്‍ണമായ സ്ത്രീ പുരുഷ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഒരാള്‍പ്പൊക്കം.

മഹിയും മായയും, അഞ്ചു വര്‍ഷത്തെ സഹജീവനത്തിനു ശേഷം, നഷ്ടപ്പെടുന്ന വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ കലഹിച്ചു പിരിയുന്നു. ഹിമാലയ താഴ് വാരങ്ങളില്‍ ദുരന്തം വിതച്ച മേഘസ്‌ഫോടനത്തിന്റെ തലേന്ന് രാത്രി കേദാറില്‍ നിന്ന് മായ മഹിയെ ഫോണില്‍ വിളിക്കുന്നു. മായയെക്കുറിച്ചുള്ള ആശങ്കകള്‍ മഹിയെ ഒരു നീണ്ട യാത്രയിലേക്ക് തള്ളിവിടുന്നു. സ്വപ്നവും യാഥാര്‍ത്യവും ഇടകലര്‍ന്നുള്ള ആ അലച്ചിലാണ് ഒരാള്‍പ്പൊക്കമെന്ന സിനിമ. സനല്‍കുമാര്‍ ശശിധരന്റെ ആദ്യ സംവിധാന (ഫീച്ചര്‍) സംരംഭമാണിത്. പ്രകാശ് ബാരെയും, തമിഴ് കവിയിത്രി മീന കന്ദസ്വാമിയും മുഖ്യവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഓണ്‍ലൈന്‍ ക്രൌഡ് ഫണ്ടിങ്ങിലൂടെ നിര്‍മിച്ച ആദ്യ മലയാള ചിത്രമാണ് ഒരാള്‍പ്പൊക്കം.

29 ന് ഉദുമയില്‍ ഓക്‌സിജന്‍ ഇന്ത്യ ഒരുക്കുന്ന സ്വീകരണം സിനിമാവണ്ടിയുടെ ആദ്യഘട്ടത്തിന്റെ സമാപനം കുറിക്കും. ആ ചടങ്ങില്‍ പങ്കെടുക്കുന്ന സനല്‍കുമാര്‍ ശശിധരന്‍, പ്രകാശ് ബാരെ, ഇന്ദ്രജിത്ത് (ക്യാമറ), എം.എ റഹ് മാന്‍, പി.എന്‍ ഗോപീകൃഷ്ണന്‍, അംബികാസുതന്‍ മാങ്ങാട്, വത്സന്‍, സുദേവന്‍ (െ്രെകം നമ്പര്‍ 89) സജിന്‍ ബാബു (അസ്തമയം വരെ), മുഹമ്മദ് കോയ (ആലിഫ്), പ്രതാപ് ജോസഫ് (കുറ്റിപ്പുറം പാലം), സജീവന്‍ അന്തിക്കാട് (പ്രഭുവിന്റെ മക്കള്‍), അര്‍ഷദ് (ദായം പന്ത്രണ്ട്), ഷാനവാസ് നാരാണിപ്പുഴ (കരി) എന്നിവര്‍ 'സ്വതന്ത്ര സിനിമകള്‍ക്ക് ഒരു ബദല്‍ വിതരണം' എന്ന വിഷയം ചര്‍ച്ച ചെയ്യും. മാര്‍ച്ച് 29 മുതല്‍ 31 വരെയാണ് ജില്ലയില്‍ പ്രദര്‍ശനം.

സ്വതന്ത്രസിനിമകളുടെ വിതരണത്തിന് ഒരു ബദല്‍ ശൃംഖല ഉണ്ടാക്കിയെടുക്കല്‍ എന്ന ലക്ഷ്യമാണ് പ്രധാനമായും ഈ യാത്രയ്ക്കുള്ളത്. ഒരുകാലത്ത് ഗ്രാമങ്ങള്‍ തോറും ഉണ്ടായിരുന്ന കലാ  സാംസ്‌കാരിക സംഘടനകള്‍ക്ക് ക്രിയാത്മക സിനിമാ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനുള്ള ഒരു തുറസ് ഉണ്ടാക്കാന്‍ സിനിമാവണ്ടിക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ഈ വണ്ടിയുടെ യാത്ര സഫലമായാല്‍ അത് കുത്തകവത്കരിക്കപ്പെട്ട മലയാള ചലച്ചിത്ര വ്യവസായത്തിനു വെളിയില്‍ നിന്ന് ക്രിയാത്മകമായ സിനിമ നിര്‍മിക്കുന്നവര്‍ക്ക് ഒരു പുതിയ വാതായനം തുറക്കും.

ഇതിനോടകം തന്നെ ലോകത്തിന്റെ പല ഭാഗത്തും സ്വതന്ത്ര സിനിമാപ്രസ്ഥാനത്തെ സഹായിക്കാനുള്ള മലയാളി കൂട്ടായ്മകള്‍ രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഈ വണ്ടിയുടെ യാത്ര സഫലമായാല്‍ അത് കുത്തകവത്കരിക്കപ്പെട്ട മലയാള ചലച്ചിത്രവ്യവസായത്തിനു വെളിയില്‍ നിന്ന് ക്രിയാത്മകമായ സിനിമ നിര്‍മിക്കുന്നവര്‍ക്ക് ഒരു പുതിയ വാതായനം തുറക്കും. സിനിമാവണ്ടിയെന്ന സംരംഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഓസ്‌ട്രേയിലിയയിലെ സിഡ്‌നി, കാന്‍ബറ അയര്‍ലന്‍ഡിലെ ഡബ്ലിന്‍, അമേരിക്കയിലെ കാലിഫോര്‍ണിയ എന്നിവിടങ്ങളിലും ആസ്വാദകക്കൂട്ടായ്മകള്‍ രൂപപ്പെടുകയും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയുമുണ്ടായി.

മികച്ച നിലവാരമുള്ള ഡിഎല്‍പി പ്രൊജക്ടര്‍, ബ്ലൂറേ ഡിസ്‌ക് പ്ലെയര്‍, 12 അടി സ്‌ക്രീന്‍, മികച്ച ശബ്ദ വിന്യാസ സൗകര്യങ്ങള്‍, പ്രദര്‍ശന ഉപകരണങ്ങള്‍ സജീകരിക്കാനുള്ള സ്റ്റാന്‍ഡുകള്‍ എന്നിവയുമായാണ് സിനിമാവണ്ടി ഓരോ സ്ഥലത്തും എത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495243441, 9809278557 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

'സിനിമാ വണ്ടി' 29ന് കാസര്‍കോട്ടെത്തും
'സിനിമാ വണ്ടി' 29ന് കാസര്‍കോട്ടെത്തും


Keywords:  Cinema, Vehicle, Kerala Yathra, Film, Festival, Malayalam, Award, Kasaragod, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia