'കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രൊമോഷന്‍ ഷോ'; 'പുഷ്പ'യുടെ നിര്‍മാണ കമ്പനിക്കെതിരെ കേസ്
ഹൈദരാബാദ്: (www.kasargodvartha.com 14.12.2021) അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ചിത്രമായ 'പുഷ്പ'യുടെ നിര്‍മാണ കമ്പനിക്കെതിരെ കേസെടുത്തതായി റിപോര്‍ട്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പ്രൊമോഷന്‍ ഷോ നടത്തിയെന്നാണ് കേസ്. 5000 പേര്‍ക്ക് അനുമതി നല്‍കിയിരുന്നിടത്ത് 15000 പേരെ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദ് പൊലീസാണ് ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ മൈത്രി മൂവി മേകേഴ്‌സിനെതിരെ കേസെടുത്തത്.
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ' 17നാണ് റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസില്‍ ചിത്രത്തില്‍ വില്ലനായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി, കന്നഡ പതിപ്പുകളിലും റിലീസ് ചെയ്യപ്പെടുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായാണ് എത്തുക. മൈത്രി മൂവി മേകേഴ്‌സ്, മുട്ടംസെടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍ എന്നിവരാണ് നിര്‍മാണം. 'പുഷ്പ' എന്ന ചിത്രത്തിലെ ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു.
രമ്യാ നമ്പീശനാണ് ചിത്രത്തില്‍ മലയാള ഗാനം ആലപിച്ചത്. 'ഓ ചൊല്ലുന്നോ മാമ' എന്ന ഗാനം വിവിധ ഭാഷകളില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
Keywords: News, National, Top-Headlines, Cinema, Entertainment, Case, Police, Actor, Case booked on producer of 'Pushpa'