city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടെ അഷ്‌റഫ് ബെഡി 'മറുപടി'യുമായി എത്തുന്നു; കഥയും തിരക്കഥയും ഒരുക്കുന്നത് ഭാര്യ

കാസര്‍കോട്: (www.kasargodvartha.com 08/12/2016) മലയാള സിനിമയില്‍ ആദ്യമായിരിക്കും ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍ നിര്‍മ്മാതാവിന്റെ ഭാര്യ കഥയും തിരക്കഥയും ഒരുക്കുന്നത്. അത് കാസര്‍കോട്ടുകാരനാകുമ്പോള്‍ തിളക്കമേറേയാവുന്നു. വ്യവസായിയും നായന്മാര്‍മൂല സ്വദേശിയുമായ അഷ്‌റഫ് ബെഡി നിര്‍മ്മിച്ച് വി.എം വിനു സംവിധാനം ചെയ്യുന്ന മറുപടി വെള്ളിയാഴ്ച തീയേറ്ററുകളിലെത്തുകയാണ്. ഇതിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതാകട്ടെ അഷ്‌റഫ് ബെഡിയുടെ പ്രിയപത്‌നി ജുലൈന അഷ്‌റഫാണ്.

അഷ്‌റഫിന്റെ കന്നി സംരംഭമല്ല 'മറുപടി'. നേരത്തേ വിജയകുമാറിനെ നായകനാക്കി 'ശംഭു' നിര്‍മ്മിച്ചിരുന്നു. മലയാളത്തിലെ ഹാസ്യനടന്‍ സലീംകുമാറിന് ദേശീയ അവാര്‍ഡ് നേടികൊടുത്ത ആദാമിന്റെ മകന്‍ അബു നിര്‍മ്മിച്ചതും അഷ്‌റഫ് ബെഡിയായിരുന്നു. ഇതിലൂടെ അഷ്‌റഫ് ഏറേ പ്രശസ്തനായെങ്കിലും സിനിമയുടെ തിളക്കത്തില്‍ പെടാതെ സാധാരണക്കാരനായാണ് ജീവിച്ചത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വെച്ച് ഒരു പടം പ്ലാന്‍ ചെയ്യുന്നതിനിടയിലാണ് ഭാര്യ ജൂലൈന ഒരു കഥയുമായി മുന്നില്‍ എത്തിയതെന്ന് അഷ്‌റഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ആദ്യം ഞാന്‍ തമാശയായിട്ടാണ് എടുത്തത്. ബിസിനസിന്റെ തിരക്കിനിടയില്‍ കഥ വായിച്ചില്ല. ജൂലൈന പിണങ്ങിയതോടെ തിരക്കുകള്‍ മാറ്റി അവളുടെ കഥ വായിച്ചു. മനസ്സില്‍ കൊളുത്തി. കോഴിക്കോടുകാരിയായ ജുലൈനയോട് ഞാന്‍ സംവിധായകന്‍ വി.എം. വിനു ഒരു കഥയ്ക്ക് കാത്തിരിക്കുന്ന കാര്യം ഉണര്‍ത്തി. ഒരു ദിവസം വിനുവിനെ കണ്ടു. കഥ കേള്‍പ്പിച്ചു. 'കൊള്ളാം നല്ല കഥയാണ്. ഒരു നിര്‍മ്മാതാവുണ്ട്, സംസാരിച്ച് പെട്ടന്നങ്ങ് തുടങ്ങാം' വിനു ഇത് പറഞ്ഞതോടെ എന്റെ ഭാര്യ എഴുതിയ കഥ സിനിമയാക്കുന്നുണ്ടെങ്കില്‍ അത് നിര്‍മ്മിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇത് പറഞ്ഞതോടെ എല്ലാം പെട്ടന്നങ്ങ് തുടങ്ങി. ജുലൈനയെ കൊണ്ട് തന്നെ തിരക്കഥയും എഴുതിപ്പിച്ചു. എന്റെയും വിനുവിന്റെയും പൂര്‍ണ്ണ പിന്തുണയുമുണ്ടായിരുന്നു. ഞാന്‍ ധാരാളം പുസ്തകങ്ങള്‍ വായിക്കും എഴുതും ഇതൊക്കെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ സഹായിച്ചതായി ജുലൈനയും പറഞ്ഞു.

ഉത്തരേന്ത്യയില്‍ നടന്ന ഒരു വലിയ ദുരന്തത്തിന്റെ അടിസ്ഥാനപ്പെടുത്തിയാണ് 'മറുപടി' ഒരുക്കിയിരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ എ.ബി അനാഥയായ സാറയെ ജീവിത സഖിയാക്കുന്നു. അനാഥയായ തനിക്ക് ജീവിതത്തില്‍ വന്ന ഏറ്റവും വലിയ ഭാഗ്യമായാണ് സാറ എബിയെ കാണുന്നത്. ഇവര്‍ക്ക് ഒരു മകള്‍ ജനിക്കുന്നു. റിയ. ഇതോടെ ഇവരുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ നാളുകളാവുന്നു. ഇതിനിടയിലാണ് എ.ബിക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. എ.ബി ഉത്തരന്ത്യേയില്‍ സ്ഥലം മാറ്റം കിട്ടി പോകുന്നതോടെ ഇവരുടെ ജീവിതത്തില്‍ ദുരന്തം തുടങ്ങുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ ബഹുലമായ കഥ ചിത്രത്തെ മറ്റൊരു തലത്തില്‍ എത്തിക്കുന്നു. റഹ് മാന്‍, ഭാവന, നയന്‍താര എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളാവുന്ന 'മറുപടി'യില്‍ ജനാര്‍ദ്ദനന്‍, വത്സലാ മേനോന്‍, ടെസ്സ തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.

ഷാഫി തെരുവത്ത്

കാസര്‍കോട്ടെ അഷ്‌റഫ് ബെഡി 'മറുപടി'യുമായി എത്തുന്നു; കഥയും തിരക്കഥയും ഒരുക്കുന്നത് ഭാര്യ

Keywords:  Kasaragod, Kerala, Cinema, Story, Shafi Theruvath, Ashraf Bedi, MARUPADI, Ashraf Bedi comes with 'Marupadi'.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia