ജോലി തട്ടിപ്പു കേസ് പ്രതിയിൽ നിന്ന് 75 ലക്ഷം കൈപ്പറ്റിയ നടി രാധിക കുമാരസ്വാമി പൊലീസിൽ ഹാജരായി
മംഗളൂരു: (www.kasargodvartha.com 08.01.2021) ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസിലെ പ്രതിയിൽ നിന്ന് 75 ലക്ഷം രൂപ കൈപ്പറ്റി എന്ന ആരോപണം നേരിടുന്ന പ്രമുഖ ചലച്ചിത്ര താരം രാധിക കുമാരസ്വാമി വെള്ളിയാഴ്ച ബംഗളൂറുവിൽ സെൻട്രൽ ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരായി. ആർ എസ് എസ് പ്രവർത്തകൻ എന്നവകാശപ്പെട്ട് തട്ടിപ്പു നടത്തി എന്നതിന് കഴിഞ്ഞ ഡിസംബറിൽ അറസ്റ്റിലായ യുവരാജ് എന്ന സ്വാമി(52)യുമായി നടി പണമിടപാട് നടത്തിയതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
യുവരാജിനെ തനിക്ക് 17 വർഷമായി അറിയാം എന്നാണ് നടി ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ജ്യോത്സ്യനായ യുവരാജ് തന്റെ കുടുംബ സുഹൃത്താണ്. അദ്ദേഹം നടത്തിയ പ്രവചനങ്ങളെല്ലാം ഫലം കണ്ടിരുന്നു. പിതാവിന്റെ മരണം പോലും അദ്ദേഹം പ്രവചിച്ച പോലെയാണ് സംഭവിച്ചത്. ചരിത്രപ്രാധാന്യമുള്ള സിനിമയിൽ പ്രധാന റോളിൽ അഭിനയിക്കണമെന്ന ആവശ്യവുമായാണ് യുവരാജ് തന്നെ സമീപിച്ചത്.
15 ലക്ഷം രൂപ അഡ്വാൻസായി അയച്ചുതന്നു. 60 ലക്ഷം രൂപ യുവരാജിന്റെ അളിയന്റെ അക്കൗണ്ടിൽ നിന്നാണ് തന്റെ അക്കൗണ്ടിലെത്തിയത്. കഴിഞ്ഞ ഫെബ്രുവരിക്കും മാർച്ചിനും ഇടയിലാണ് തുക അക്കൗണ്ടിൽ എത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. നടിയും യുവരാജും തമ്മിൽ കരാർ ഒപ്പിട്ടതായി കണ്ടെത്തിയില്ല.
കഴിഞ്ഞ മാസം 16ന് അറസ്റ്റിലായ യുവരാജിൽ നിന്ന് 91 കോടി രൂപ മൂല്ല്യമുള്ള 100 ചെക്കുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.
Keywords: Mangalore, News, Karnataka, Accused, Actor, Police, Fake, Top-Headlines, Cinema, Case, Actress Radhika Kumaraswamy, who allegedly took Rs 75 lakhfrom a job fraud accused, has appeared before the police