'അവള്‍ എന്റേതാണ്, ലോകം എന്തും പറയട്ടെ'; വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടിയുമായി മുക്ത
കൊച്ചി: (www.kasargodvartha.com 19.10.2021) ചാനല്‍ പരിപാടിക്കിടെ അഞ്ച് വയസുകാരിയായ മകള്‍ കണ്‍മണി എന്ന കിയാരയെ കുറിച്ച് നടി മുക്ത നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടി നല്‍കി നടി മുക്ത. സ്വകാര്യ ചാനല്‍ പരിപാടിക്കിടെ മകളെ പാചകവും ക്ലീനിങുമെല്ലാം പഠിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്തു പഠിക്കണമെന്നും മറ്റൊരു വീട്ടില്‍ കയറി ചെല്ലാനുള്ളതാണെന്നും മുക്ത പറഞ്ഞിരുന്നു. മകള്‍ക്കൊപ്പമാണ് മുക്ത പരിപാടിയില്‍ പങ്കെടുത്തത്.
ഇതാടെയാണ് മുക്തയുടെ വാക്കുകള്‍ ആളുകള്‍ ഏറ്റെടുക്കുകയും വിവാദത്തിന് ഇടയാക്കുകയും ചെയ്തത്. ഇപ്പോഴിതാ തന്റെയും മകളുടെയും പേരില്‍ നടക്കുന്ന വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മുക്ത. 'അവള്‍ എന്റേതാണ്. ലോകം എന്തും പറയട്ടെ... ഞാന്‍ പറഞ്ഞ ഒരുവാക്കില്‍ കേറി പിടിച്ചു, അതു ഷെയര്‍ ചെയ്തു സമയം കളയാതെ... ഒരുപാടു പേര്‍ നമ്മളെ വിട്ടു പോയി... പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം.... അവര്‍ക്കും ആ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കൂ' എന്നാണ് മുക്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
സംഭവത്തില്‍ മുക്തക്കെതിരേ വനിതാകമിഷനും ബാലാവകാശകമിഷനും വാര്‍ത്താവിതരണ വകുപ്പിനും ചിലര്‍ പരാതി നല്‍കിയതും വാര്‍ത്തയായി മാറിയിരുന്നു. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരാമര്‍ശം ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണെന്നും പരാതിയില്‍ പറയുന്നു.
ഇതില്‍ അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യൂട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിന്‍വലിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ഇവര്‍ തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു.
പെണ്‍കുഞ്ഞായതിനാല്‍ അതിന്റെ ബാല്യം നശിപ്പിക്കാതിരിക്കൂ, ഇത്തരം പഴഞ്ചന്‍ വര്‍ത്തമാനം നിര്‍ത്തി മാറി ചിന്തിക്കാറായില്ലേ ഇനിയും. മുക്തയുടെ വാക്കുകളെ ആരും തിരുത്തുന്നില്ല, എല്ലാവരും അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് എന്നും മറ്റുമുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.