city-gold-ad-for-blogger

പതിറ്റാണ്ടുകളോളം സിനിമാ ലോകം വാണ അഭിനയ വിസ്മയം കെപിഎസി ലളിത ഇനി ഓര്‍മ; വിടവാങ്ങിയത് അവസാനമഭിനയിച്ച ചിത്രങ്ങള്‍ തീയറ്ററിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ

തിരുവനന്തപുരം: (www.kasargodvartha.com 23.02.2022) പതിറ്റാണ്ടുകളോളം സിനിമാ ലോകം വാണ അഭിനയ വിസ്മയം കെപിഎസി ലളിത ഇനി ഓര്‍മ. ചൊവ്വാഴ്ച രാത്രി കൊച്ചിയിലെ ആശുപത്രിയിലായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍.

  
പതിറ്റാണ്ടുകളോളം സിനിമാ ലോകം വാണ അഭിനയ വിസ്മയം കെപിഎസി ലളിത ഇനി ഓര്‍മ; വിടവാങ്ങിയത് അവസാനമഭിനയിച്ച ചിത്രങ്ങള്‍ തീയറ്ററിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ



മഹേശ്വരി അമ്മ എന്ന കെപിഎസി ലളിത നാടകത്തിലൂടെയായിരുന്നു അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. രണ്ട് തവണ സഹനടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാല് തവണ നേടി. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം. 500 ലധികം സിനിമകളുടെ ഭാഗമായി. അന്തരിച്ച സംവിധായകന്‍ ഭരതനായിരുന്നു ഭര്‍ത്താവ്. നടന്‍ സിദ്ധാര്‍ഥ്, ശ്രീക്കുട്ടി എന്നിവരാണ് മക്കള്‍. കേരള സംഗീത നാടക അകാഡമി ചെയര്‍പേഴ്‌സണായിരുന്നു.

ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്ത് കടയ്ക്കത്തറല്‍ വീട്ടില്‍ കെ. അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947ലാണ് ജനനം. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസുള്ളപ്പോഴാണ് നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയത്. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയില്‍ ചേര്‍ന്നതോടെയാണ് ലളിത എന്ന പേര്‍ സ്വീകരിച്ചത്. സിനിമയില്‍ വന്നപ്പോള്‍ കെപിഎസി എന്നത് പേരിനോട് ചേര്‍ത്തു.

മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അവസാനമഭിനയിച്ച ചിത്രങ്ങള്‍ തീയേറ്ററിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അഭിനയ വിസ്മയം കെപിഎസി ലളിതയുടെ വിടവാങ്ങല്‍. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിലെത്തുന്ന 'ഭീഷ്മ പര്‍വ്വം' എന്ന ചിത്രത്തില്‍ കാര്‍ത്തിയായനിയമ്മ എന്ന കഥാപാത്രത്തെയാണ് കെപിഎസി ലളിത അവതരിപ്പിക്കുന്നത്. നവ്യാ നായര്‍ ചിത്രമായ 'ഒരുത്തീ'യും പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ്. ഈ സിനിമയില്‍ നവ്യാ നായരുടെ അമ്മ വേഷമാണ് കെപിഎസി ലളിത അവതരിപ്പിച്ചത്.

കെപിഎസി ലളിതയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവര്‍ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി. നാടകങ്ങളില്‍ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകള്‍ കൊണ്ടും അവര്‍ മനുഷ്യ മനസുകളില്‍ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോര്‍ത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

കെപിഎസി ലളിതയുടെ നിര്യാണത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് അനുശോചനം രേഖപ്പെടുത്തി.

കെപിഎസി എന്ന നാലക്ഷരം മതിയായിരുന്നു ആ അതുല്യ പ്രതിഭയെ അടയാളപ്പെടുത്താന്‍. അഭിനയമാണെന്ന് തോന്നാത്ത അഭിനയത്താല്‍ പതിറ്റാണ്ടുകള്‍ അവര്‍ മലയാള ചലച്ചിത്ര ലോകത്തെ ധന്യമാക്കി. അവിസ്മരണീയമായ, എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളെ അവര്‍ വെള്ളിത്തിരയില്‍ അനശ്വരമാക്കി. എക്കാലത്തും സാമൂഹ്യപ്രതിബദ്ധതയും ഇടതുപക്ഷ മനസ്സുമുള്ള കലാകാരിയായിരുന്നു. മലയാളസിനിമയ്ക്ക് കെപിഎസി ലളിതയുടെ വേര്‍പാട് തീരാനഷ്ടമാണ്. അതുല്യ പ്രതിഭയുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരുപിടി പൂക്കള്‍..
ആദരാഞ്ജലികള്‍..


Keywords:  Thiruvananthapuram, News, Kerala, Top-Headlines, Cinema, Entertainment, Hospital, Death, Obituary, Actress KPAC Lalitha passed away.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia