സിനിമാ ചിത്രീകരണത്തിനിടെ നടന് ഫഹദ് ഫാസിലിന് പരിക്ക്
കൊച്ചി: (www.kasargodvartha.com 03.03.2021) സിനിമാ ചിത്രീകരണത്തിനിടെ നടന് ഫഹദ് ഫാസിലിന് പരിക്ക്. സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന 'മലയന്‍കുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ വീണ് പരിക്കേല്‍ക്കുകയായിരുന്നു. സിനിമയില്‍ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. ഷൂടിങിനായി നിര്‍മിച്ച വീടിന്റെ മുകളില്‍ നിന്നാണ് താരം വീണത്.
മൂക്കിന്റെ പാലത്തിന് പൊട്ടല്‍ ഉണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി. വീഴ്ചയുടേതായ ചെറിയ വേദനകള്‍ മാത്രമാണ് താരത്തിനുള്ളതെന്നും നിലവില്‍ വിശ്രമത്തിലാണെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 'മലയന്‍കുഞ്ഞി'ന്റെ തിരക്കഥ മഹേഷ് നാരായണന്റെതാണ്. സംവിധായകനും ഫഹദ് ഫാസിലിന്റെ പിതാവുമായ ഫാസിലാണ് ചിത്രം നിര്‍മിക്കുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Injured, hospital, Actor Fahad Fazil injured during shooting







