'സര് ശരിക്കും കല്യാണം കഴിക്കാനുള്ള മിനിമം പ്രായം എത്രയാ'; ആസിഫ് അലിയുടെ 'കുഞ്ഞെല്‍ദോ ' ട്രെയിലര്‍ പുറത്ത്
കൊച്ചി: (www.kasargodvartha.com 12.12.2021) ക്യാംപസ് പ്രണയത്തെ കുറിച്ച് പറയുന്ന ആസിഫ് അലിയുടെ 'കുഞ്ഞെല്‍ദോ'യുടെ ട്രെയിലര്‍ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബന്, ഇന്ദ്രജിത്ത്, ഉണ്ണി മുകുന്ദന്, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങള്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. കോളജ് പ്രണയവും തുടര്‍ന്ന് ജീവിതത്തില്‍ സംഭവിക്കുന്ന അനിശ്ചിതത്വങ്ങളുമൊക്കെയായി സംഭവബഹുലമായ കഥയാണ് കുഞ്ഞെല്‍ദോ പറയുന്നതെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.
ആര് ജെ മാത്തുക്കുട്ടിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മാത്തുക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. ചിത്രം ഡിസംബര്‍ 24ന് റിലീസിനെത്തും. വിനീത് ശ്രീനിവാസന് ക്രിയേറ്റീവ് ഡയറക്ടറായി എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. 'കല്‍ക്കി' ക്ക് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ വര്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു.
നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ 'മനസ് നന്നാകട്ടെ... മതമേതെങ്കിലുമാകട്ടെ' എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. വിനീത് ശ്രീനിവാസനും മെറിനും ചേര്‍ന്നാണ് ആ ഗാനം ആലപിച്ചത്.
സുധീഷ്, സിദ്ധിഖ്, അര്ജ്ജുന് ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ്മ, കോട്ടയം പ്രദീപ്, മിഥുന് എം ദാസ്, കൃതിക പ്രദീപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.