Review | കഥ ഇന്നുവരെ: പ്രണയത്തിന്റെ പുതിയ തലം തുറന്ന സിനിമ; 4 പ്രണയങ്ങളും ഒന്നിനോടൊന്ന് മെച്ചം
● ബിജു മേനോനും മേതിൽ ദേവികയും തമ്മിലുള്ള മികച്ച കെമിസ്ട്രി.
● മലയാളികളുടെ പ്രിയപ്പെട്ട ഗാനം 'ദേവതാരു പൂത്തു' ചിത്രത്തിൽ.
● പ്രണയം എന്ന ഒറ്റപ്പെട്ട വിഷയത്തെ നാല് തലങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നു.
മായ തോമസ്
(KasargodVartha) മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് വിഷ്ണു മോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ കഥ ഇന്നുവരെ തീയേറ്ററുകളിൽ കയ്യടി നേടുകയാണ്. മലയാളത്തിലെ ഏറ്റവും മികച്ച ഫീൽഗുഡ് മൂവി എന്ന് തന്നെ പറയാം. തുടക്കം മുതൽ ഒടുക്കം വരെ 4 വ്യത്യസ്തമായ പ്രണയാവിഷ്ക്കാരവും, അതിലൂടെ പ്രണയത്തിന്റെ ഒരു പുതിയ തലം പ്രേഷകരെ ആകർഷിക്കുന്നു. കിടിലൻ സ്ക്രീൻ പ്ലേയും, വേറെ ലെവൽ ലവ് ട്രാക്കുമാണ് ഈ സിനിമയുടെ ഹൈലൈറ്റ്. മേപ്പടിയാൻ ഡയറക്റ്ററിന്റെ പുതുപുത്തൻ കഥാ അവതരണം എന്ന് ഒറ്റവാക്കിൽ ചിത്രത്തെ വിശേഷിപ്പിക്കാം.
ബിജുമേനോനും മേതിൽ ദേവികയും തമ്മിലുള്ള കെമിസ്ട്രി ആണ് പടത്തിന്റെ പ്രധാന ആകർഷണ കേന്ദ്രമെന്ന് പറയാതെ വയ്യ. രണ്ട് പേരും മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്. കഥാപശ്ചാത്തലവും കഥയും എല്ലാവർക്കും ഇഷ്ടമാവും എന്ന് മാത്രമല്ല, നമ്മളിൽ പലർക്കും അത് കണക്ട് ചെയ്യാനും സാധിക്കും. പ്രണയം ഏതൊക്കെ തരത്തിലുള്ളതാകാം എന്ന് പലരും പലയിടത്തും പല സിനിമകളും പറഞ്ഞു വച്ചിട്ടുണ്ട് എങ്കിലും ഈ തരത്തിലുള്ള ഒരു പ്രണയ കഥ ആദ്യമായിട്ടാണ് മലയാള സിനിമയിൽ വരുന്നത്.
രാമചന്ദ്രൻ എന്ന സാധാരണക്കാരനെ തന്റെ അനായാസമായ അഭിനയശൈലി കൊണ്ട് ബിജു മേനോൻ ഗംഭീരമാക്കി. ലക്ഷ്മിയായി കയ്യൊതുക്കത്തോടെയുള്ള പ്രകടനമാണ് മേതിൽ ദേവിക കാഴ്ച വച്ചത്. അഭിനയത്തിലെ തന്റെ അരങ്ങേറ്റം മനോഹരമാക്കിയിട്ടുണ്ട്. ഉമയായി നിഖില വിമലും നസീമയായി അനുശ്രീയും തകർപ്പൻ പ്രകടനമാണ് സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്. തലസ്ഥാന നഗരിയിലെ ജിയോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ പ്യൂണായി ജോലി ചെയ്യുന്ന രാമചന്ദ്രനാണ് കഥാനായകൻ. രാമചന്ദ്രനിൽ തുടങ്ങുന്ന കഥ പിന്നീട് പ്രേക്ഷകരെ കൊണ്ടു പോകുന്നത് ആലപ്പുഴയിലെ രാഷ്ട്രീയക്കാരനായ ജോസഫിന്റെയും ഇടുക്കിയിലെ ലിക്കർ ഷോപ്പ് ജീവനക്കാരന്റെയും പാലക്കാടുള്ള ഒരു സ്കൂൾ വിദ്യാർത്ഥിയുടെയും പ്രണയത്തിലേക്കാണ്.
ഈ കഥാപാത്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നത് പ്രണയം എന്ന അതുല്യ നാമവും. ജോലിയും തന്റെ സുഹൃത്തുക്കളുമായുള്ള ഒത്തുചേരലുമായി ജീവിതം മുന്നോട്ടുപോകുന്നതിനിടിയിലാണ് ലക്ഷ്മി, രാമചന്ദ്രനിടയിലേക്കെത്തുന്നത്. ഭർത്താവ് നേരത്തെ മരിച്ച ലക്ഷ്മി ഇരുപതുകാരിയായ പെൺകുട്ടിയുടെ അമ്മ കൂടിയാണ്. താൻ ജോലി ചെയ്യുന്ന വിഭാഗത്തിലെ മേധാവി കൂടിയായ ലക്ഷ്മി തന്റെ പ്രണയം രാമചന്ദ്രനോടു തുറന്നു പറയുന്നിടത്താണ് കഥ കൂടുതൽ രസകരമാകുന്നത്. ജാനകി, ഉമ, നസീമ, ലക്ഷ്മി എന്നിങ്ങനെ നാല് പെൺകഥാപാത്രങ്ങൾ സിനിമയുടെ പ്രത്യേകതയാണ്. ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ സ്പേസ് കഥയിൽ കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
ഈ നാല് പ്രണയങ്ങളും നാല് തലത്തിലുള്ളതാണെന്നതും എടുത്തു പറയേണ്ടതാണ്. ബിജു മേനോൻ, മേതിൽ ദേവിക, നിഖില വിമൽ, അനുശ്രീ, ഹകീം ഷാജഹാൻ, അനു മോഹൻ, സിദ്ദീഖ്, രഞ്ജി പണിക്കർ തുടങ്ങി ഒട്ടനവധി നിങ്ങളുടെ ഇഷ്ടതാരങ്ങൾ അഭിനയിക്കുന്നു. മനോഹരമായ പ്രണയ പശ്ചാത്തലത്തിൽ പറയുന്ന സിനിമയിൽ മലയാളികൾക്ക് ഗൃഹാതുരത്വം ഉണർത്തുന്ന എങ്ങനെ നീ മറക്കും എന്ന പഴയ സിനിമയിലെ ദേവതാരു പൂത്തു എന്ന ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. സംഗീതവും ഛായാഗ്രഹണവും ഈ സിനിമയുടെ മാറ്റുകൂട്ടുന്നു. ജോമോൻ ടി. ജോൺ ആണ് ക്യാമറ. ഷമീർ മുഹമ്മദിന്റേതാണ് എഡിറ്റിങ്. അശ്വിൻ ആര്യന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സിനിമയോട് ഇഴ ചേർന്നു നിൽക്കുന്നു.
ക്ലൈമാക്സ് ഒക്കെ ശെരിക്കും പ്രേക്ഷകരെ കോരിത്തരിപ്പിക്കും. ലൈംഗികച്ചുവയോടെയുള്ള വാക്കുകളോ, കാമമോ, ചുംബനങ്ങളോ, എന്തിന് ഒരു അളവിൽ കവിഞ്ഞുള്ള ആലിംഗനമോ പോലും ഇല്ലാതെ എത്ര നന്നായി പ്രണയിക്കാൻ ആകുമെന്ന് കാണിച്ചു തരുന്ന ഒരു നല്ല കുടുംബചിത്രമാണ് 'കഥ ഇന്നുവരെ'. മുതിര്‍ന്നവർക്കും കൗമാരക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തിലുള്ള അവതരണ ശൈലി മറ്റൊരു പ്രത്യേകതയാണ്. പ്രണയത്തിന്റെ ഓർമകളുമായി തിയറ്ററുകളിലെത്തുന്നവർക്ക് മനോഹരമായ അനുഭവം തന്നെയാകും ചിത്രം സമ്മാനിക്കുക. ഈ നല്ല സിനിമ തീർച്ചയായും തീയേറ്ററിൽ തന്നെ പോയി കാണുക. ധൈര്യമായി ടിക്കറ്റ് എടുക്കാം.
#KadhaInnuvare, #MalayalamMovie, #BijuMenon, #MethilDevika, #MalayalamCinema, #IndianCinema, #LoveStory