Jail Release | അറസ്റ്റിലായി ഏഴാം നാൾ വമ്പൻ സ്വീകരണത്തോടെ ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്നിറങ്ങി; ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ സാധിക്കാത്ത തടവുകാർക്കൊപ്പമുണ്ടാകുമെന്ന് പ്രഖ്യാപനം

● പണമില്ലാത്തതിന്റെ പേരിൽ ജയിലിൽ കഴിയുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
● കോടതിയുടെ ഈ ഇടപെടലിന് ശേഷമാണ് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായത്.
● റിമാൻഡിലായി ആറാം ദിവസമാണ് ഹൈകോടതി ബോബിക്ക് ജാമ്യം അനുവദിച്ചത്.
കൊച്ചി: (KasargodVartha) സിനിമാ താരം ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഒടുവിൽ ജയിൽ മോചിതനായി. ചൊവ്വാഴ്ച തന്നെ ജാമ്യം ലഭിച്ചിട്ടും ബോബി ചെമ്മണ്ണൂരിന്റെ മോചനം വൈകിയത് പല അഭ്യൂഹങ്ങൾക്കും വഴി തെളിയിച്ചു. ട്രാഫിക് ബ്ലോക് മൂലം ജാമ്യ ഉത്തരവ് ജയിലിൽ എത്തിക്കാൻ വൈകിയതാണ് കാരണം എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിച്ചു.
വിവിധ കേസുകളിൽ പ്രതികളായി ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും സാങ്കേതിക കാരണങ്ങളാലും പണമില്ലാത്തതിനാലും പുറത്തിറങ്ങാൻ സാധിക്കാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനാകാൻ തയ്യാറാകാതിരുന്നത്. പണമില്ലാത്തതിന്റെ പേരിൽ ജയിലിൽ കഴിയുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇതിനിടെ ജാമ്യം ലഭിച്ചിട്ടും ജയിലിൽ തുടരുന്നത് കോടതിയലക്ഷ്യമാണെന്നും ആവശ്യമെങ്കിൽ ജാമ്യം റദ്ദാക്കുമെന്നും വിഷയത്തിൽ ഇടപെട്ട് കൊണ്ട് ഹൈകോടതി വ്യക്തമാക്കി. കോടതിയുടെ ഈ ഇടപെടലിന് ശേഷമാണ് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായത്. ജയിലിന് പുറത്ത് സ്ത്രീകൾ അടക്കം വലിയ ജനക്കൂട്ടം അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.
ഹണി റോസിന്റെ പരാതിയിൽ കഴിഞ്ഞ ബുധനാഴ്ച അറസ്റ്റിലായ ബോബിയെ പിറ്റേന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും അടിയന്തര പ്രാധാന്യമില്ലെന്ന് കണ്ട് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. റിമാൻഡിലായി ആറാം ദിവസമാണ് ഹൈകോടതി ബോബിക്ക് ജാമ്യം അനുവദിച്ചത്. ഏഴാം ദിവസം അദ്ദേഹം പുറത്തിറങ്ങി.
#BobbyChemmanur #JailRelease #HoneyRose #ActorNews #LegalNews #Bail