Arrest Imminent | ലൈംഗികാതിക്രമ കേസ്: സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്; ഒളിവില്‍ പോയതായി സൂചന, അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും
● സിദ്ദിഖിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ഇദ്ദേഹം ഒളിവിൽ പോയതാണെന്നുള്ള സൂചന.
● ഹൈക്കോടതി സിദ്ദിഖിന്റെ മുൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കൊച്ചി: (KasargodVartha) ലൈംഗികാതിക്രമ കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് നടപടി. നിലവിൽ സിദ്ദിഖിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ഇദ്ദേഹം ഒളിവില്‍ പോയിട്ടുണ്ടെന്നാണ് സൂചന.
അറസ്റ്റ് ഉടൻ സംഭവിക്കാം
മുൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഇതിനെ തുടർന്നാണ് വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചത്. മലയാള സിനിമാ താരസംഘടനയായ 'അമ്മ'യുടെ മുൻ ജനറൽ സെക്രട്ടറിയായ സിദ്ദിഖ് രാജ്യം വിടുന്നത് തടയാനാണ് ഈ നടപടി.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടപടിക്കെതിരെ അഭിഭാഷകന്‍ വഴി സിദ്ദിഖ് സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ലഭിക്കുന്ന മുറയ്ക്ക് സുപ്രീം കോടതിയിൽ അപ്പീൽ നൽകാനാണ് സിദ്ദിഖിന്റെ നീക്കം.
കേസിന്റെ പശ്ചാത്തലം
തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലെ ഏക പ്രതി സിദ്ദിഖ് മാത്രമാണ്. ഓണാവധിക്ക് മുമ്പ് ഹൈക്കോടതി സിദ്ദിഖിന്റെ വാദം വിശദമായി കേട്ടിരുന്നു. തുടർന്ന് ചൊവ്വഴ്ച വിധി പറയുകയായിരുന്നു. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.
#Siddique #SexualAssault #LookOutNotice #Kerala #LegalNews #FilmIndustry