Aparna Mulberry | 'എനിക്കുമുണ്ട് ആ അവസ്ഥ', ഫഹദ് ഫാസിലിന് പിന്നാലെ വെളിപ്പെടുത്തലുമായി അപർണ മൾബറിയും; തുറന്നുപറച്ചിൽ 'മോണിക്ക ഒരു എഐ സ്റ്റോറി' വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെ

എഡിഎച്ച്ഡി എന്നത് സാധാരണയായി കണ്ടുവരുന്ന ഒരു നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട പ്രശ്നമാണ്
കൊച്ചി: (KasaragodVartha) തനിക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) അവസ്ഥയുണ്ടെന്ന് വെളിപ്പെടുത്തി നടി അപർണ മൾബറി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടൻ ഫഹദ് ഫാസിലും ഇതേ തുറന്നുപറച്ചിലുമായി രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു. എഡിഎച്ച്ഡി എന്നത് സാധാരണയായി കണ്ടുവരുന്ന ഒരു നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. 41-ാംവയസിലാണ് ഫഹദ് ഫാസിൽ താനൊരു ഹൈപ്പർ ആക്ടീവാണെന്ന് തിരിച്ചറിഞ്ഞതായി വെളിപ്പെടുത്തിയത്. ഇപ്പോൾ 39-ാം വയസിലാണ് അപർണ മൾബറിയുടെയും വെളിപ്പെടുത്തൽ.
മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ എം അഷ്‌റഫ് സംവിധാനം ചെയ്യുന്ന 'മോണിക്ക ഒരു എഐ സ്റ്റോറി' സിനിമ വെള്ളിയാഴ്ച (ജൂൺ 21) റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിലെ നായികയായ അപർണ സിനിമയെക്കുറിച്ചും റിലീസിനെ കുറിച്ചും തികച്ചും അത്ഭുതപ്പെടുത്തുന്ന കാര്യങ്ങൾ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.
'ജൂൺ 21 മുതൽ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാനിരിക്കുന്ന ‘മോണിക്ക ഒരു എഐ സ്റ്റോറി’ എന്ന സിനിമയെക്കുറിച്ചുളള റിലീസ് വിവരം നിങ്ങൾ എല്ലാവരിലും എത്തിക്കണം. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യയിലെ ആദ്യ എഐ സിനിമ എന്നത് കൊണ്ട് മാത്രമല്ല, മാനസികാരോഗ്യവും കുടുംബ സൗഹൃദവും കൈകാര്യം ചെയ്യുന്ന ഒരു പ്രമേയമായത് കൊണ്ടാണ് ഈ സിനിമ ഞാൻ ഇഷ്ടപ്പെടുന്നത്.
ഈ കഥയുടെ നായകൻ ശ്രീപത് ഹൈപ്പർ ആക്ടീവായ ഒരു കുട്ടിയാണ്. സിനിമയിലെ കഥ അവന്റെ പ്രശ്നങ്ങളും അവൻ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളും സൂക്ഷ്മമായി അവതരിപ്പിക്കുന്നു. എന്റെ കഥാപാത്രമായ എഐ അവൻ നേരിടുന്ന പ്രശ്നങ്ങളിൽ നിന്നും അവനെ പുറത്ത് കടക്കാൻ സഹായിക്കുന്നത് എങ്ങിനെയാണെന്നും നിങ്ങൾ കാണണം.
ഈ വർഷം 34-ാമത്തെ വയസിൽ, എനിക്കും ഹൈപ്പർ ആക്ടീവ് സ്വഭാവ വൈകല്യം ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. അതെ, അത് എന്റെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ ആത്മവിശകലനമായിരുന്നു. എന്തുകൊണ്ട് ഞാനിങ്ങനെയായത് എന്നതിനെക്കുറിച്ച് ഏറെ മനസിരുത്തി ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ തിരക്കേറിയ ലോകത്തിൽ എനിക്ക് സഹായകരമാകുന്ന ഉപകരണങ്ങളെക്കുറിച്ച് ഇപ്പോൾ ഞാൻ പഠിച്ച് കൊണ്ടിരിക്കുകയാണ്. എന്റെ ഐജി എക്സ്പ്ലോർ പേജ് മുഴുവനായും ഹൈപ്പർ ആക്ടീവ് വിഷയത്തിലുള്ള ഉള്ളടക്കം കൊണ്ട് നിറഞ്ഞിരിക്കുകയാണ്', താരം കുറിച്ചു.
ദയവായി നിങ്ങൾ എല്ലാവരും ‘മോണിക്ക ഒരു എഐ സ്റ്റോറി’ എന്ന സിനിമ തീയേറ്ററുകളിൽ കാണണമെന്നും കണ്ട ശേഷം അഭിപ്രായം തന്നെ അറിയിക്കണമെന്നും അഭ്യർത്ഥിച്ച് കൊണ്ടാണ് അപർണ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ആദ്യമായി ഒരു മലയാള സിനിമയിൽ കേന്ദ്ര കഥാപാത്രമായും ഗായികയായും അരങ്ങേറുകയാണ് ഈ ചിത്രത്തിലൂടെ അപർണ മൾബറി. സ്പാനിഷ് മാതൃഭാഷയായ അപർണ മൾബറി തന്നെ പാടിയ ചിത്രത്തിന്റെ പ്രോമോ ഗാനം സരിഗമയുടെ യൂട്യൂബ് ചാനലിലൂടെ ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം കണ്ട് കഴിഞ്ഞത്.
സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ ആണ് മോണിക്ക ഒരു എഐ സ്റ്റോറി നിർമിക്കുന്നത്. എഐ സാങ്കേതികവിദ്യയെയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയാണ് മോണിക്ക ഒരു എ ഐ സ്റ്റോറിയെന്ന് അണിയറ പ്രവർത്തകർ പറയുന്നു. അപർണയെ കൂടാതെ മജീഷ്യൻ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഹൈപ്പർ ആക്ടിവിറ്റി
ഹൈപ്പർ ആക്ടിവിറ്റി അഥവാ എഡിഎച്ച്ഡി എന്നത് അമിതമായ ഊർജവും പ്രവർത്തനവും അനുഭവപ്പെടുന്ന അവസ്ഥയാണ്. ഇത് ശ്രദ്ധ കേന്ദ്രീകരിക്കാനും സ്ഥിരമായി ഇരിക്കാനും ബുദ്ധിമുട്ടാക്കും. കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന പ്രശ്നമാണ് അമിത വികൃതിയും ശ്രദ്ധക്കുറവും. പലപ്പോഴും ഇത് കുട്ടികളുടെ പ്രകൃതം എന്ന രീതിയിലാണ് കാണാറുള്ളത്. ഇത്തരം ലക്ഷണങ്ങൾ കാണിക്കുന്നത് എഡിഎച്ച്ഡി പ്രശ്നത്തിന്റെ സൂചന ആകാം. എഡിഎച്ച്ഡി ഉള്ള കുട്ടികൾക്ക് വിജയകരവും സന്തോഷകരവുമായ ജീവിതം നയിക്കാൻ കഴിയും. ശരിയായ പിന്തുണയും ഇടപെടലുകളും കൊണ്ട് കഴിവുകൾ വികസിപ്പിക്കാനും ജീവിതത്തിൽ വിജയിക്കാനും അവർക്ക് സാധിക്കും. നല്ല പിന്തുണ പ്രധാനമാണ്.