Amala Paul | ഗുജറാതി ആചാര പ്രകാരം ചടങ്ങുകള്‍; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി നടി അമല പോളിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍!
*നടി അമ്മയാകാനുള്ള ഒരുക്കത്തില്‍
*ദമ്പതികള്‍ ഒരുങ്ങിയത് പരമ്പരാഗത വേഷത്തില്‍
*'ആടുജീവിതം' ചിത്രത്തിലെ അഭിനയത്തിലൂടെ ജനലക്ഷങ്ങളുടെ ഹൃദയം കീഴടക്കി
സൂറത്ത്: (KasargodVartha) ആദ്യമായി അമ്മയാകാനുള്ള ഒരുക്കവുമായി നടി അമല പോള്‍. അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് സുകുമാരന്‍ ചിത്രമായ 'ആടുജീവിതം'-ത്തിലെ അഭിനയത്തിലൂടെ ജനലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയ അമല പോളിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുകയാണ്. ചിത്രം ബോക്സ് ഓഫീസ് തകര്‍ത്ത് മുന്നേറുമ്പോള്‍, അമല തന്റെ അടുത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ബേബി ഷവര്‍ ആഘോഷിച്ചു. താരം നായികയായി എത്തിയ ആടുജീവിതം നൂറുകോടി ക്ലബില്‍ എത്തിയിരിക്കുകയാണ്.
കുടുംബത്തിലെ പുതു അംഗത്തെ സ്വാഗതം ചെയ്യാനുള്ള സന്തോഷത്തിലാണ് നടി. ഗുജറാതിലെ സൂറത്തില്‍ നടന്ന അമലപോളിന്റെ ബേബി ഷവറില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുള്ളത്.
ചിത്രങ്ങളില്‍ അമലയും ഭര്‍ത്താവ് ജഗത് ദേശായിയും ഗുജറാതി ആചാര പ്രകാരമുള്ള ചടങ്ങുകള്‍ നടത്തുന്നത് കാണാം. പരമ്പരാഗത വസ്ത്രം ധരിച്ചാണ് ദമ്പതികള്‍ എത്തിയത്. ഗുജറാതി രീതിയിലുള്ള ചുവപ്പും വെള്ളയും കലര്‍ന്ന സാരിയാണ് അമല ധരിച്ചിരിക്കുന്നത്. വെള്ള പൂക്കളുള്ള കുര്‍ത്ത പൈജാമയാണ് ജഗത് ദേശായി അണിഞ്ഞിരുന്നത്. ഗുജറാത്തി-കൊങ്കണി പാരമ്പര്യത്തിന്റെ അനുസരിച്ചായിരുന്നു ചടങ്ങ്.
2023 നവംബറിലാണ് അമല തന്റെ സുഹൃത്തും വ്യവസായിയുമായ ജഗത് ദേശായിയെ വിവാഹം കഴിച്ചത്. 2024 വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്റെ ഗര്‍ഭധാരണ വാര്‍ത്ത ആരാധകരുമായി താരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഇരുവരുടെയും പുതിയ യാത്രയുടെയും സ്വപ്നതുല്യമായ ബേബി ഷവറിന്റെയും വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. സുഹൃത്തുക്കളും സിനിമാമേഖലയില്‍ നിന്നുള്ളവരും ആരാധകരുമടക്കം നിരവധി പേരാണ് പുതിയ മാതാപിതാക്കള്‍ക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.