Verdict | പരാതിക്കാരിയോ അഭിഭാഷകനോ ഹാജരായില്ല, ഹർജിയും അപൂർണം; നടൻ മുകേഷ് അടക്കം 8 പേർക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പ്രമുഖ നടി കാസര്‍കോട് ജില്ലാ കോടതിയിൽ നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
● മൂന്ന് തവണ കേസ് പരിഗണിച്ചിട്ടും പരാതിക്കാരിയോ അഭിഭാഷകനോ ഹാജരായിരുന്നില്ല
● ബന്ധുവായ പെൺകുട്ടിയാണ് നടിക്കെതിരെ പരാതി നൽകിയിരുന്നത്
● മറ്റുള്ളവര്‍ക്ക് മുമ്പില്‍ കാഴ്ചവയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി
കാസര്‍കോട്: (KasargodVartha) നടൻ മുകേഷ് ഉൾപെടെ എട്ട് പേർക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പ്രമുഖ നടി തനിക്കെതിരെയുള്ള പോക്‌സോ കേസില്‍ കാസര്‍കോട് ജില്ലാ സെഷൻസ് കോടതിയിൽ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്ന് തവണ കേസ് പരിഗണിച്ചിട്ടും പരാതിക്കാരിയോ ഇവരുടെ അഭിഭാഷകനോ ഹാജരായിരുന്നില്ല. ഇതുകൂടാതെ ഏത് പൊലീസ് സ്റ്റേഷനിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നില്ല.
ഇതെല്ലാം പരിഗണിച്ച ശേഷമാണ് ആലുവ സ്വദേശിനിയായ നടി നൽകിയ ഹർജി തള്ളിയിരിക്കുന്നത്. ഹേമ കമിറ്റി റിപോർട് പുറത്തുവന്നതിന് പിന്നാലെ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു ബാലചന്ദ്രൻ മേനോൻ തുടങ്ങിയവർക്കെതിരെ ഇവർ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്മാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
ഇതിനിടെ ബന്ധുവായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മുവാറ്റുപുഴ പൊലീസ് നടിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ബന്ധുവായ പെൺകുട്ടിയെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ചെന്നൈയിൽ കൊണ്ടുപോയി മറ്റുള്ളവര്‍ക്ക് മുമ്പില്‍ കാഴ്ചവയ്ക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
ഇതിനെ തുടർന്നാണ് ഇവർ മുൻകൂർ ജാമ്യാപേക്ഷ തേടി കാസർകോട്ടെ കോടതിയെ സമീപിച്ചത്. കൊച്ചി, ചെന്നൈ ഹൈകോടതികളിലും, മറ്റ് ജില്ല കോടതികളിലും ഇവർ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയൽ ചെയ്തിട്ടുണ്ടെന്നാണ് വിവരം. നടന്മാർക്കെതിരെ ലൈംഗിക പീഡന ആരോപിച്ചത്തിന് പ്രതികാരം തീർക്കാൻ വേണ്ടിയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും നടി പരാതിപ്പെട്ടിട്ടുണ്ട്. അഡ്വ. സംഗീത് ലൂയിസ് മുഖേനയാണ് ഇവർ കാസർകോട്ടെ കോടതിയിൽ ഹരജി നൽകിയിരുന്നത്.
#MalayalamCinema #Bollywood #MeToo #JusticeForSurvivors #IndianLaw