അഭിനയ തിലകം നെടുമുടി വേണു അന്തരിച്ചു
തിരുവനന്തപുരം: (www.kasargodvartha.com 11.10.2021) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ നെടുമുടി വേണു(73) അന്തരിച്ചു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നത്.
അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാണെന്ന് മെഡികല്‍ റിപോര്‍ടില്‍ നേരത്തെ പരാമര്‍ശിച്ചിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്തരിച്ചത്.
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് നെടുമുടി വേണു എന്ന പേരില്‍ അറിയപ്പെടുന്ന കെ വേണുഗോപാല്‍. 1948 മെയ് 22 ജനിച്ച നെടുമുടി വേണു ഇന്‍ഡ്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ്.
മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകത്തിലും കഥകളിയിലൂടെയുമാണ് സിനിമാ രംഗത്ത് പ്രവേശിച്ചത്. തിരക്കഥാ രചനയിലും ഏര്‍പെട്ടിട്ടുള്ള അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങള്‍ക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഭാര്യ: ടി ആര്‍ സുശീല. മക്കള്‍: ഉണ്ണി ഗോപാല്‍, കണ്ണന്‍ ഗോപാല്‍.
തിയറ്ററിലും ഡിജിറ്റല്‍ പ്ലാറ്റുഫോമിലും പ്രദര്‍ശനത്തിനെത്തിയ 'ആണും പെണ്ണും' എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന 'ഓറഞ്ച് മരങ്ങളുടെ വീട്' എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ 'ഇന്ത്യന്‍ 2' ലും അദ്ദേഹം വേഷമിടും എന്ന് വാര്‍ത്ത വന്നിരുന്നു. തിയറ്റര്‍ റിലീസ് പ്രതീക്ഷിക്കുന്ന 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Keywords: News, Kerala, State, Top-Headlines, Thiruvananthapuram, Treatment, Death, Entertainment, Actor Nedumudi Venu Passes away