city-gold-ad-for-blogger

ജീവന്‍ പണയം വെച്ച് ധീരത കാട്ടിയ കുട്ടികള്‍ക്ക് ഗ്ലോബല്‍ മിഷന്റെ ബഹുമതി

കാഞ്ഞങ്ങാട്: (www.kasargodvartha.com 17/09/2016) മനുഷ്യത്വത്തിന്റെ ജൈവ പാഠം ജീവിതത്തില്‍ പ്രവര്‍ത്തിച്ചു കാണിച്ച കുട്ടികളെ ധീരതയ്ക്കുള്ള ബഹുമതി നല്‍കി ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ കാസര്‍കോട് ജില്ലാ കമ്മറ്റി ആദരിച്ചു. സ്വന്തം ജീവന്‍ പോലും വകവെക്കാതെ കൂട്ടുകാരനെ രക്ഷിച്ച് മാതൃകയായ കുട്ടികളുടെ സ്‌നേഹപ്രകടനം നാടിന് തന്നെ അഭിമാനം പകര്‍ന്നു. നാട്ടുകാരുടെ സ്‌നേഹവായ്പില്‍ പങ്കുചേര്‍ന്നാണ് നാലു കുട്ടികളെയും ഗ്ലോബല്‍ മിഷന്‍ ആദരിച്ചത്.

കുളത്തിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്ന നാലാം ക്ലാസുകാരനായ ഹേമന്തിനെ രക്ഷപ്പെടുത്തിയതിലൂടെയാണ് അച്ചാംതുരുത്തി രാജാസ് എ യു പി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരന്‍ ആകാശ്, ആറാം ക്ലാസുകാരന്‍, അക്ഷയ്, ഏഴാം ക്ലാസുകാരന്‍ ജിതിന്‍ ബാബു, കാരി എ എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസുകാരന്‍ ആരോമല്‍ എന്നീ കുട്ടികള്‍ നാടിന്റെ സ്‌നേഹഭാജനങ്ങളായത്.

കാരി എ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആരോമലും ഹേമന്തും കുളത്തില്‍ നീന്തി കളിക്കുന്നതിനിടയില്‍ ഹേമന്തിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഒട്ടും പരിഭ്രമം കാണിക്കാതെ ആരോമലാണ് കുട്ടികളെ വിളിച്ചുവരുത്തിയത്. ആരോമലിന്റെ നിലവിളി കേട്ട് മറ്റ് മൂവരും ഓടിയെത്തുമ്പോഴേക്കും ഹേമന്ത് മുങ്ങിത്താണിരുന്നു. അവര്‍ പിന്നെ ഒന്നും ചിന്തിക്കാതെ കുമിള കണ്ട ഭാഗത്തേക്ക് എടുത്തു ചാടുകയായിരുന്നു. വെള്ളത്തില്‍ മുങ്ങി ഹേമന്തിന്റെ തലമുടിയില്‍ ബലമായി പിടിച്ച് കരക്ക് എത്തിച്ചതിനു ശേഷം കുട്ടികള്‍ തന്നെ കൃത്രിമ ശ്വാസവും പ്രഥമ ശുശ്രൂഷയും നല്‍കിയ ശേഷമാണ് നാട്ടുകാരെത്തി ആശുപത്രിയില്‍ കൊണ്ടു പോയി കുഞ്ഞിനെ രക്ഷിച്ചത്.

കാഞ്ഞങ്ങാട് സംഘടിപ്പിച്ച ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായാണ് കുരുന്നു ധീരതയ്ക്ക് അംഗീകാരം നല്‍കിയത്. അപൂര്‍വമായ ധീരതയിലൂടെ നാടിന് മാതൃകയായ കുട്ടികള്‍ക്ക് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനാണ് ബഹുമതി സമ്മാനിച്ചത്. നീന്തല്‍ നല്ലതുപോലെ വശമില്ലാതിരുന്നിട്ടും കുട്ടികള്‍ കാണിച്ച ധീരതയെ മന്ത്രി പ്രസംശിച്ചു. മുതിര്‍ന്നവര്‍ വരെ ചെയ്യാന്‍ മടിക്കുന്ന വലിയ മാതൃകയാണ് നാടിന് അഭിമാനമായ കുരുന്നുകള്‍ കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് അഡ്വ. കെ സി ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ കുട്ടികളെ പരിചയപ്പെടുത്തി. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, അഡ്വ. ടി കെ സുധാകരന്‍, നാരായണന്‍ പള്ളിക്കാപ്പില്‍, ടി ബാലകൃഷ്ണന്‍, പി സി വിശ്വംഭരന്‍ പണിക്കര്‍, കെ ജി കൊടക്കാട്, പി പി നാരായണന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.

ജീവന്‍ പണയം വെച്ച് ധീരത കാട്ടിയ കുട്ടികള്‍ക്ക് ഗ്ലോബല്‍ മിഷന്റെ ബഹുമതി

Keywords : Kanhangad, Students, Felicitated, Education, Global Mission.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia