Bag Burden | വിദ്യാർഥികൾ ചുമക്കേണ്ടത് 5 കിലോയ്ക്ക് മുകളിലുള്ള പുസ്തക കെട്ടുകൾ; അടുത്ത അധ്യായന വർഷമെങ്കിലും സ്കൂൾ ബാഗ് ഭാരം കുറയുമോ?
● ഭാരം കുറയ്ക്കാനുള്ള തീരുമാനം ഈ വർഷം നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ജൂലൈ മാസം പറഞ്ഞുവെച്ചിരുന്നു.
● തീരുമാനങ്ങൾ ഇതുവരെ നടപ്പിൽ വരുത്താൻ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടില്ല.
● ചെറിയ കുട്ടികളുടെ പ്രയാസം ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പിടിഎ യോഗങ്ങളിലും മറ്റും അധ്യാപകർ മുഖേന പരാതി അറിയിക്കാറുണ്ട്.
കാസർകോട്: (KasargodVartha) സ്കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം കുറക്കാൻ സർക്കാർ തീരുമാനമെടുത്തിട്ട് വർഷങ്ങളേറെയായി. ഓരോ അധ്യായനവർഷവും പ്രഖ്യാപനങ്ങൾ വരുമെന്നല്ലാതെ തീരുമാനം നടപ്പിലാകുന്നില്ല. ഇതുമൂലം വലിയ പ്രയാസങ്ങളാണ് വിദ്യാർത്ഥികൾ നേരിടുന്നത്. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾ ദിവസവും ചുമക്കേണ്ടത് അഞ്ച് കിലോയ്ക്ക് മുകളിലുള്ള പുസ്തകക്കെട്ടുകളാണ്. ഇത് വിദ്യാർത്ഥികൾക്ക് കഴുത്ത് വേദന അടക്കമുള്ള പലവിധ രോഗങ്ങൾക്കും കാരണമാകുന്നതായി പരാതിയുണ്ട്.
ഭാരം കുറയ്ക്കാനുള്ള തീരുമാനം ഈ വർഷം നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ജൂലൈ മാസം പറഞ്ഞുവെച്ചിരുന്നു. ഇതുവരെ ഇതുമായി ബന്ധപ്പെട്ട ഒരു സർക്കുലറുകളും സ്കൂളുകളിൽ എത്തിയിട്ടില്ല. ചെറിയ കുട്ടികളുടെ പ്രയാസം ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പിടിഎ യോഗങ്ങളിലും മറ്റും അധ്യാപകർ മുഖേന പരാതി അറിയിക്കാറുണ്ട്. പക്ഷേ പിടിഎ-എസ്എംസി കമ്മിറ്റികൾ വിവരം വിദ്യാഭ്യാസ വകുപ്പിലെ മേലാധികാരികൾക്ക് അറിയിക്കുന്നില്ലെന്ന ആക്ഷേപമാണ് രക്ഷിതാക്കൾക്കുള്ളത്.
ഒന്നാം ക്ലാസിലെ കുട്ടികളുടെ പുസ്തകങ്ങളുടെ ഭാരം ശരാശരി രണ്ട് കിലോയും, അതിനു മുകളിലുള്ള ക്ലാസുകളിൽ നാല് കിലോ എന്ന നിലയിലും നിജപ്പെടുത്തുന്ന തരത്തിൽ ക്രമീകരണങ്ങൾ കൊണ്ടുവരാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിരുന്നത്. ഒപ്പം മാസത്തിൽ നാല് ദിവസമെങ്കിലും 'ബാഗ് ഇല്ലാത്ത ദിനങ്ങൾ' എന്ന കാര്യം നടപ്പിലാക്കുന്നത് പരിഗണനയിലാണെന്നും അന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. തീരുമാനങ്ങൾ ഇതുവരെ നടപ്പിൽ വരുത്താൻ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടില്ല. അടുത്ത അധ്യായന വർഷാരംഭത്തിലെങ്കിലും തീരുമാനം ഉണ്ടാകണമെന്ന അഭിപ്രായമാണ് രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കുമുള്ളത്.
#SchoolBags, #StudentHealth, #BagWeight, #EducationReform, #KeralaEducation, #GovernmentDecisions