'നമ്മുടെ കാലത്തും ഇത് ഉണ്ടായിരുന്നെങ്കിൽ...'; വിദ്യാവാഹിനി പദ്ധതി രക്ഷിതാക്കൾക്ക് ആശ്വാസം
● 'ഗോത്രസാരഥി' പദ്ധതിയാണ് 'വിദ്യാവാഹിനി' എന്ന് പേര് മാറ്റിയത്.
● പൊതുഗതാഗതമില്ലാത്ത ദുർഘട മേഖലകളിലെ കുട്ടികൾക്ക് പ്രയോജനം.
● നൽകുന്നത് ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക്.
● ഡ്രൈവർമാർക്ക് തൊഴിൽ നൽകാനും ഈ പദ്ധതിക്ക് കഴിയുന്നു.
● കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാൻ പദ്ധതി സഹായകമായി.
കാസർകോട്: (KasargodVartha) ‘ഞങ്ങളുടെ കാലത്തായിരുന്നെങ്കിൽ കൂടുതൽ കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയുമായിരുന്നു. മഴയായാലും കാറ്റായാലും എൻ്റെ കുട്ടിയടക്കം എല്ലാവരും സുരക്ഷിതമായി സ്കൂളിൽ എത്തുമല്ലോ. മക്കൾ വരാൻ വൈകുമോ എന്നോർത്ത് ഇനി ആശങ്കപ്പെടേണ്ട. വണ്ടി മടങ്ങിവരുന്ന സമയം നോക്കി കാത്തിരിക്കാം.’
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ സ്കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനായി ആരംഭിച്ച വിദ്യാവാഹിനി പദ്ധതിയുടെ ഗുണഭോക്താവായ കുട്ടിയുടെ രക്ഷിതാവ്, ചാമക്കൊച്ചി സ്വദേശി സി.എച്ച്. ശങ്കറിന്റെ വാക്കുകളാണിത്.
ദേലമ്പാടി പഞ്ചായത്തിന് കീഴിലുള്ള ചാമക്കൊച്ചിയിൽ നിന്ന് നാൽപതോളം പട്ടികവർഗ വിദ്യാർഥികളാണ് നാലര കിലോമീറ്ററോളം താണ്ടി കുറ്റിക്കോൽ പഞ്ചായത്തിലെ ബന്തടുക്ക സ്കൂളിലെത്തുന്നത്.
കാസർകോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന് കീഴിൽ വിദ്യാവാഹിനി ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്ന ഒരു സ്കൂളാണ് ബന്തടുക്ക. മലയോര ഗ്രാമമായ ബന്തടുക്കയിലെ പതിനാറോളം പ്രദേശങ്ങളിൽ നിന്നായി വിദ്യാവാഹിനിയുടെ ഭാഗമായ 19 വാഹനങ്ങളിൽ 244 കുട്ടികളാണ് സ്കൂളിലെത്തുന്നത്.
ഈ പദ്ധതിയിലൂടെ കുട്ടികളുടെ കൊഴിഞ്ഞുപോക്കും ക്ലാസ്സിൽ വരാനുള്ള മടിയും കുറഞ്ഞതായി ബന്തടുക്ക സ്കൂൾ പ്രധാന അധ്യാപകൻ രാഘവ മാസ്റ്റർ പറയുന്നു. എട്ട് കിലോമീറ്റർ ചുറ്റളവിൽ നിന്നും കുട്ടികൾ ദിവസവും സ്കൂളിൽ വരാറുണ്ട്. വാഹനങ്ങളിൽ കുട്ടികൾ ഒരുമിച്ചെത്തുന്നത് അവരുടെ മാനസിക ഉല്ലാസവും സ്കൂളിൽ വരാനുള്ള താൽപര്യവും വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുടെ നടത്തിപ്പിനായി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് മികച്ച സഹകരണമാണ് ലഭിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൂടിയായ ഡ്രൈവർ ചെനിയ നായ്ക്ക് പറയുന്നു.
2013-14 വർഷത്തിൽ പട്ടികവർഗ വികസന വകുപ്പ് ഗോത്രസാരഥി എന്ന പേരിൽ ആരംഭിച്ച പദ്ധതിയാണ് പിന്നീട് വിദ്യാവാഹിനി എന്ന് പുനർനാമകരണം ചെയ്തത്. ഒരേസമയം ഒന്നിൽക്കൂടുതൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക് അവസരം ഒരുക്കുകയാണ് ഈ പദ്ധതിയിലൂടെ.
സൗജന്യമായി കുട്ടികളെ വിദ്യാലയത്തിലേക്കും തിരിച്ചും എത്തിക്കുന്നതിലൂടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതോടൊപ്പം ഡ്രൈവർമാർക്ക് തൊഴിലും നൽകുന്നുണ്ട്. പട്ടികവർഗ വിഭാഗത്തിൽ നിന്ന് ഡ്രൈവർമാരെ ലഭ്യമല്ലാത്ത പക്ഷം പൊതുവിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കുന്നു.
പൊതുഗതാഗത സംവിധാനമില്ലാത്ത ദുർഘടമായ, വനപ്രദേശങ്ങളിൽ നിന്നുമുള്ള 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കാണ് വിദ്യാവാഹിനിയുടെ പ്രയോജനം ലഭിക്കുക. എൽ.പി., യു.പി. ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് ഒരു കിലോമീറ്ററിൽ കുറയാത്ത ദൂരവും ഹൈസ്കൂൾ വിഭാഗത്തിന് രണ്ട് കിലോമീറ്ററിൽ കുറയാത്ത ദൂരവുമുള്ള ഏറ്റവും അടുത്തുള്ള പൊതുവിദ്യാലയത്തിലേക്കാണ് സേവനം ലഭിക്കുക.
ബന്തടുക്ക സ്കൂളിൽ മാത്രം ഒരു മാസം ഏകദേശം മൂന്ന് ലക്ഷം രൂപയ്ക്കടുത്താണ് വണ്ടികളുടെ വാടകയിനത്തിൽ വകുപ്പിന് ചെലവ് വരുന്നതെന്ന് കാസർകോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ വീരേന്ദ്രകുമാർ പറയുന്നു.
ഈ നല്ല വാർത്ത നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്താം.
Article Summary: A government project helps tribal students in Kasaragod get to school.
#Vidyavahini #Kasaragod #EducationForAll #KeralaGovernment #TribalDevelopment #KeralaNews






