city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് ഒഴിഞ്ഞുകിടക്കുന്നത് 2000 ഓളം തസ്തികകള്‍; വിദ്യാഭ്യാസ മേഖലയില്‍ മാത്രം 700 ലധികം; ജില്ലാ വികസന സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം

കാസര്‍കോട്: (www.kasargodvartha.com 27.01.2018) ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവുള്ള തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുവാന്‍ നടപടി വേണമെന്ന് കാസര്‍കോട് ജില്ലാ വികസന സമിതി യോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം രാജഗോപാലന്‍ എംഎല്‍എയാണ് പ്രമേയം അവതരിപ്പിച്ചത്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തിനാല്‍ ജില്ലയുടെ സുഗമമായ പ്രവര്‍ത്തനത്തിനും പദ്ധതി നിര്‍വഹണത്തിനും തടസം നേരിടുന്നതിനാല്‍ ഒഴിവു നികത്തണമെന്ന് എംഎല്‍എ പ്രമേയത്തില്‍ പറഞ്ഞു.

കാസര്‍കോട്ട് ഒഴിഞ്ഞുകിടക്കുന്നത് 2000 ഓളം തസ്തികകള്‍; വിദ്യാഭ്യാസ മേഖലയില്‍ മാത്രം 700 ലധികം; ജില്ലാ വികസന സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം

ഓരോ ഓഫീസുകളിലും എത്രവീതം ഒഴിവുകളാണുള്ളതെന്ന് അറിയിക്കാന്‍ കഴിഞ്ഞ വികസന സമിതി യോഗത്തില്‍ ജില്ലാതല വകുപ്പുമേധാവികളോട് ആവശ്യപ്പെട്ടിരുന്നു. 65 വകുപ്പുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നിലവില്‍ 1889 ഒഴിവുകളാണുള്ളതെന്നു കണ്ടെത്തിയതിനെതുടര്‍ന്നാണ് എംഎല്‍എ പ്രമേയം അവതരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പിലാണ്. മൊത്തം 747 ഒഴിവുകളാണ് വിദ്യാഭ്യാസവകുപ്പില്‍ മാത്രമുള്ളത്.

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 329 ഒഴിവുകളാണുള്ളത്. കെഎസ്ആര്‍ടി 157, കാസര്‍കോട് ഗവ. കോളജ് 61, എക്‌സൈസ് വകുപ്പ്് 54, വാട്ടര്‍ അതോറിട്ടി 53, എല്‍എസ്ജിഡി 40, ഹോമിയോപ്പതി വകുപ്പ് 37, ഇറിഗേഷന്‍35, പഞ്ചായത്ത് വകുപ്പ് 32, സാമൂഹ്യനീതി വകുപ്പ് 27, മൈനര്‍ ഇറിഗേഷന്‍ 24, കോടതി 21 എന്നീ വകുപ്പുകളിലാണ് ഇരുപതിലധികം ഒഴിവുള്ളത്. മറ്റുവകുപ്പുകളില്‍ ചിലതില്‍ ഇരുപതില്‍ താഴെയും ചിലതില്‍ പത്തില്‍ താഴെയും 26 വകുപ്പുകളില്‍ മൂന്നില്‍ താഴെയുമാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭ പ്രദേശങ്ങളില്‍ ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൈക്കടപ്പുറം പ്രാഥമികാരോഗ്യകേന്ദ്രം വിപുലമായ സൗകര്യമുള്ള ആശുപത്രിയായി ഉയര്‍ത്തണമെന്നും യോഗം സര്‍്ക്കാരിനോട് ആവശ്യപ്പെട്ടു. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജനാണ് പ്രമേയം അവതരിപ്പിച്ചത്. ജില്ലയിലെ തീരദേശ മേഖല നാലു ഭാഗങ്ങളായി തിരിച്ച് ഓരോ 20 കിലോമീറ്റര്‍ പരിധിയിലും ഓരോ ആശുപത്രികള്‍ വികസിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

കെ എസ് ടി പി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചന്ദ്രഗിരി റൂട്ടില്‍ നിര്‍ത്തിവച്ചിരുന്ന കാഞ്ഞങ്ങാട് കാസര്‍കോട് കെ എസ് ആര്‍ ടി സി നോണ്‍ സ്‌റ്റോപ്പ് ബസ് സര്‍വ്വീസ് പുനരാരംരംഭിക്കുമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു. ആദ്യപടിയായി രണ്ട് ബസുകളാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ നിര്‍ത്തലാക്കിയ ബസുകള്‍ പുനരാരംരംഭിക്കണമെന്ന് കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷന്‍ വി വി രമേശന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കാഞ്ഞങ്ങാട് കെ എസ് ടി പി റോഡ് വികസനവുമായി ബന്ധപ്പെട്ട് സര്‍വ്വീസ് റോഡുകളുടെ വികസനത്തിന് തടസ്സമായി നില്‍ക്കുന്ന കാര്യങ്ങള്‍ ഡിഡിസിയ്ക്ക് അടിയന്തര റിപ്പോര്‍ട്ട് നല്‍കുവാന്‍ കെ എസ് ടി പിയോട് യോഗം നിര്‍ദ്ദേശിച്ചു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നീലേശ്വരം - പള്ളിക്കര വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിനു സമീപം റോഡ് അലൈന്‍മെന്റ് മാറ്റുന്നതിനായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ക്ഷേത്രഭാരവാഹികളുടെയും ഉന്നതലയോഗം ഫെബ്രുവരി മൂന്നിന് വിളിച്ചുചേര്‍ക്കുവാനും തീരുമാനിച്ചു.

എം രാജഗോപാലന്‍ എംഎല്‍എയും നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജനുമാണ് ഈ ആവശ്യം ഉന്നയിച്ചത്. കെ എസ് ടി പി നിര്‍മ്മാണം നടത്തുന്ന കാഞ്ഞങ്ങാട് - കാസര്‍കോട് റോഡില്‍ ഉദുമ, പള്ളിക്കര, ചെമ്മനാട് പ്രദേശങ്ങളിലെ അനുബന്ധറോഡുകള്‍ അടിയന്തരമായി നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് അടിയന്തര യോഗം വിളിച്ചുചേര്‍ക്കും.

നീലേശ്വരത്ത് രാത്രിയില്‍ സര്‍വ്വീസിനിടയില്‍ തങ്ങുന്ന രണ്ട് ബസുകളില്‍ ഒന്നിന്റെ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സര്‍വ്വീസ് പുനരാരംഭിച്ചു. താമസസൗകര്യം ലഭ്യമാക്കാമെന്ന നീലേശ്വരം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ന്റെ ഉറപ്പിന്മേലാണ് തീരുമാനം. എയ്ഡ് പോസ്റ്റ് വേണമെന്ന കെ എസ് ആര്‍ ടി സിയുടെ ആവശ്യത്തില്‍ നടപടി സ്വീകരിക്കാമെന്നും കളക്ടര്‍ അറിയിച്ചു.

ചെറുവത്തൂര്‍ - കയ്യൂര്‍ റോഡിലെ പൊത്തങ്കര വളവില്‍ അപകടം പതിവായതിനെ തുടര്‍ന്ന് ഈ ഭാഗത്ത് സുരക്ഷാസംവിധാനമൊരുക്കണമെന്ന് എം രാജഗോപാലന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഈ വളവില്‍ വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ താഴെയ്ക്ക് പോകുന്ന സാഹചര്യമുളളതിനാല്‍ അടിയന്തരമായി പഞ്ചായത്തുമായി ചേര്‍ന്ന് സുരക്ഷാസംവിധാനമൊരുക്കുവാന്‍ എക്‌സി. എഞ്ചിനീയറോട് ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ നിര്‍ദ്ദേശിച്ചു.

നിര്‍ത്തിവെച്ച കാലിക്കടവ് - ഒളവന റോഡ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് എം രാജഗോപാലന്‍ എംഎല്‍എ ആവശ്യപ്പെട്ടു. നിലവില്‍ വശങ്ങളില്‍ റോഡ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പെടുന്നുണ്ട്. എംഎല്‍എ യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടുത്ത ദിവസം തന്നെ പണി പുനരാരംഭിക്കാമെന്ന് പിഡബ്ല്യുഡി (റോഡ്‌സ് വിഭാഗം) അറിയിച്ചു. ചെറുവത്തൂര്‍ഞാണങ്കൈ റോഡിന്റെ നിര്‍മ്മാണപുരോഗതിയെക്കുറിച്ചും എംഎല്‍എ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മുണ്ടേമ്മാട് പാലം അപകടാവസ്ഥയിലാണെന്നും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആശുപത്രികളിലെ മലിനജലം കടപ്പുറം ഭാഗത്തേക്കും മറ്റും ഒഴുക്കിവിടുന്നതു മൂലം ജനജീവിതം ദുസ്സഹമാകുന്നുവെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉന്നയിച്ചു. ഇക്കാര്യത്തില്‍ അടിയന്തരനടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ നഗരസഭയോട് ആവശ്യപ്പെട്ടു. കോടോംബേളൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതി മാര്‍ച്ച് മാസം അവസാനത്തോടെ കമ്മീഷന്‍ ചെയ്യും. പദ്ധതിയുടെ നിര്‍മ്മാണം എന്നുപൂര്‍ത്തിയാകുമെന്നു റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ വാട്ടര്‍ അതോറിട്ടിയോട് ആരാഞ്ഞിരുന്നു. കൃഷിക്കാര്‍ക്കുള്ള ദുരിതാശ്വാസ സഹായം എത്രയാണ് കൊടുത്തു തീര്‍ക്കുവാനുള്ളതെന്നും അവ എത്രയുംവേഗം കൊടുക്കാന്‍ നടപടി സ്വീകരിക്കുവാനും കെ.കുഞ്ഞിരാമന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു. കെ അദ്ധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷന്‍ വി.വി രമേശന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ:കെ.പി ജയരാജന്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.എ.ജലീല്‍, എ.ഡി.എം:എന്‍.ദേവീദാസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം സുരേഷ്, വിവിധ വകുപ്പുകളിലെ നിര്‍വ്വഹണ ഉദ്യോഗസഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: kasaragod, Kerala, Vacancy, Education, news, Development, Project,   Vacancy for 2000 Posts in Kasargod

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL