19 മാസത്തിന് ശേഷം വിദ്യാർഥികൾ വീണ്ടും സ്‌കൂളിലേക്ക്; കോവിഡ് മാനദണ്ഡങ്ങൾ മറക്കരുതെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Oct 27, 2021, 18:50 IST
കാസർകോട്: (www.kasargodvartha.com 27.10.2021) 19 മാസത്തിന് ശേഷം വിദ്യാർഥികൾ നവംബർ ഒന്നിന് വീണ്ടും സ്‌കൂളിലേക്ക്. വിദ്യാര്‍ഥികളും അധ്യാപകരും സര്‍കാര്‍ മാര്‍ഗരേഖയും കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച് വിദ്യാഭ്യാസം സുഗമമാക്കമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ പറഞ്ഞു. കുട്ടികളെ കോവിഡ്-19 രോഗ ഭീഷണിയില്‍ നിന്നും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്. അത് ഭംഗിയായി നിര്‍വഹിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ജീവനക്കാരുമെല്ലാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ മികച്ച രീതിയില്‍ നടന്നു വരികയാണെന്നും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്നും അവര്‍ പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിലും വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്ന് സർകാർ മാർഗ നിർദേശത്തിൽ പറയുന്നു. ഇതിന് സര്‍കാര്‍ മാര്‍ഗരേഖ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത് കൃത്യമായി പാലിക്കണം. ഇതുപ്രകാരം രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെയാവണം കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിച്ചേരണ്ടത്. കുട്ടികള്‍ ക്ലാസുകളിലും ക്യാമ്പസിനകത്തും കോവിഡ് പ്രോടോകോള്‍ പാലിക്കേണ്ടതാണ്. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ ഒരു ബഞ്ചില്‍ പരമാവധി രണ്ട് കുട്ടികളാകാം. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് ഒരു സമയം പരമാവധി പകുതി കുട്ടികള്‍ ഹാജരാകാവുന്നതാണ്. സ്‌കൂളുകളുടെ സൗകര്യാര്‍ഥം രാവിലെ ഒമ്പത് മുതല്‍ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകള്‍ ആരംഭിക്കാന്‍ ക്രമീകരണങ്ങള്‍ നടത്താം. ആദ്യ രണ്ടാഴ്ച ക്ലാസുകള്‍ ഉച്ചവരെ ക്രമീകരിക്കുന്നതായിരിക്കും ഉചിതം. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമായിരിക്കും. 1000 കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ ആകെ കുട്ടികളുടെ 25 ശതമാനം മാത്രം ഒരു സമയത്ത് ക്യാമ്പസില്‍ വരുന്ന രീതിയില്‍ ക്ലാസുകള്‍ ക്രമീകരിക്കണം. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും കുട്ടികളെ ബാചുകളായി തിരിക്കാവുന്നതാണ്. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളില്‍ ഇത്തരം ബാച് ക്രമീകരണം നിര്‍ബന്ധമല്ല. ക്രമീകരണ ചുമതല സ്‌കൂള്‍ മേധാവിക്കായിരിക്കും. ഭൗതിക സാഹചര്യ സാധ്യതയെ അടിസ്ഥാനമാക്കി കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി വേണം സ്‌കൂളില്‍ എത്തിച്ചേരേണ്ട വിദ്യാര്‍ഥികളുടെ എണ്ണം നിശ്ചയിക്കേണ്ടത്.
ഓരോ ബാചിനും തുടര്‍ചയായി മൂന്നുദിവസം (വിദ്യാര്‍ഥികള്‍ അധികമുള്ള സ്‌കൂളുകളില്‍ രണ്ട് ദിവസം) സ്‌കൂളില്‍ വരാനുള്ള അവസരം ഒരുക്കണം. അടുത്ത ബാച് അടുത്ത മൂന്നു ദിവസമായിരിക്കും സ്‌കൂളിലെത്തേണ്ടത്. ഒരു ബാചില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥി സ്ഥിരമായി അതേ ബാചില്‍ തന്നെ തുടരേണ്ടതാണ്. ബാചുകളുടെ ക്രമീകരണം സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനം കൈക്കൊള്ളാവുന്നതാണ്. ഒരു പ്രദേശത്തുനിന്നുവരുന്ന കുട്ടികളെ കഴിവതും ഒരു ബാചില്‍ പെടുത്തുന്നതാണ് ഉചിതം.
ഭിന്നശേഷിയുള്ള കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല. ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ള കുട്ടികളും വീട്ടിലെ രോഗികളുമായി സമ്പര്‍ക്കമുള്ള കുട്ടികളും സ്‌കൂളില്‍ ഹാജരാകേണ്ടതില്ല. രോഗലക്ഷണം ഉള്ള കുട്ടികള്‍ (ചുമ, പനി, ജലദോഷം, തൊണ്ടവേദന, മറ്റു കോവിഡ് അനുബന്ധ ലക്ഷണം) പ്രാഥമിക സമ്പര്‍ക്കം ഉള്ള, സംശയിക്കുന്ന കുട്ടികള്‍,ജീവനക്കാര്‍, സമ്പര്‍ക്കവിലക്കില്‍ ഇരിക്കുന്ന കുട്ടികള്‍/ജീവനക്കാര്‍, കോവിഡ് വ്യാപനംമൂലം പ്രാദേശിക നിയന്ത്രണം ഉള്ള സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ എന്നിവര്‍ സ്‌കൂളില്‍ ഹാജരാകേണ്ടതില്ല. കോവിഡ് ബാധിതര്‍ വീട്ടിലുണ്ടെങ്കില്‍ കോവിഡ് പ്രോടോകോള്‍ കൃത്യമായും പാലിക്കണം.
നല്ല വായുസഞ്ചാരമുള്ള മുറികള്‍, ഹാളുകള്‍ മാത്രമേ അധ്യാപനത്തിനായി തെരഞ്ഞെടുക്കാവൂ. സാധ്യമാകുന്ന ഘട്ടങ്ങളില്‍ തുറന്ന സ്ഥലത്തെ അധ്യയനം പ്രോത്സാഹിപ്പിക്കേണ്ടതാണ്. കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനും തിരികെ കൊണ്ടു പോകാനുമായി വരുന്ന രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി സ്‌കൂളുകളുടെ സാഹചര്യം കൂടി കണക്കിലെടുത്ത് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. കോവിഡ് പ്രോടോകോള്‍ പാലിച്ച് ഇത് നടപ്പിലാക്കേതാണ്. ആദ്യത്തെ രണ്ടാഴ്ചയ്ക്ക് ശേഷം ക്ലാസില്‍ എത്തിച്ചേരേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് സമ്പ്രദായം, ഉച്ചഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ അവലോകനം നടത്തി വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്. ഭിന്നശേഷിയുള്ള കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ഘട്ടത്തില്‍ വരേണ്ടതില്ല എന്ന് നിര്‍ദേശമുണ്ടെങ്കിലും കാഴ്ച/ശ്രവണ പരിമിതിയുള്ള കുട്ടികള്‍ മാത്രമുള്ള സ്പെഷ്യല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.
സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പുതന്നെ എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാരും രണ്ടു ഡോസ് വാക്സിന്‍ എടുത്തിരിക്കണം. കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, സ്‌കൂള്‍ബസ് ഡ്രൈവര്‍മാര്‍, മറ്റ് താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തവരായിരിക്കണം. കോവിഡ് വ്യാപനം മൂലം പ്രാദേശികനിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുന്ന പ്രദേശങ്ങളില്‍ ഡിഡിഎംഎ/ജില്ലാ ഭരണകൂടം/ആരോഗ്യവകുപ്പ് എന്നിവരുടെ നിര്‍ദേശാനുസരണം സ്‌കൂള്‍മേധാവികള്‍ ക്ലാസുകള്‍ ക്രമീകരിക്കണം.
സ്‌കൂള്‍ സംബന്ധമായ എല്ലാ യോഗങ്ങള്‍ തുടങ്ങുമ്പോഴും ക്ലാസുകള്‍ തുടങ്ങുമ്പോഴും കോവിഡ് അനുയോജ്യ പെരുമാറ്റം ഓര്‍മപ്പെടുത്തുകയും കോവിഡ് ജാഗ്രതാനിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. സ്‌കൂള്‍ തലത്തില്‍ ഒരു ഹെല്‍പ് ലൈൻ ഏര്‍പെടുത്തേതാണ്. രോഗലക്ഷണങ്ങളുള്ളവരെ തിരിച്ചറിഞ്ഞ് അവര്‍ക്ക് അനുയോജ്യമായ ഇതര അകാഡെമിക പദ്ധതികള്‍ ആസൂത്രണം ചെയ്യണം. രോഗലക്ഷണ പരിശോധനാ രജിസ്റ്റര്‍ സ്‌കൂളുകളില്‍ സൂക്ഷിക്കണം. രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെയും കുട്ടികളുടെയും പേരുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും പതിവായി നിരീക്ഷിക്കുകയും വേണം.
സ്‌കൂളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതോ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതോ ആയ ജീവനക്കാര്‍/കുട്ടികള്‍, കോവിഡ് 19 പരിശോധന നിര്‍ബന്ധമായും നടത്തണം. ഓരോ സ്‌കൂളും പ്രദേശത്തുള്ള ആരോഗ്യകേന്ദ്രം/ആശുപത്രിയുമായി സഹകരണം ഉറപ്പാക്കി ആവശ്യാനുസരണം ഡോക്ടറുടെ സേവനം ഉറപ്പാക്കണം. ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ ദിശ ഹെല്‍പ് ലൈനിലൂടെ മറുപടി ലഭ്യമാക്കുന്നതാണ്. ദിശ നമ്പര്‍: 104, 1056, 0471 2552056. - ഇവയാണ് സർകാർ മാർഗരേഖയിലെ മറ്റുനിർദേശങ്ങൾ.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ബോധവല്‍കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ മെഡികല്‍ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തില്‍ 'തിരികെ' ലഘുചിത്രവും പോസ്റ്ററുകളും തയ്യാറാക്കി. ജില്ലാ കലക്ടര്‍ പ്രകാശനം നിര്‍വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ ഏറ്റുവാങ്ങി.
സ്‌കൂൾ കുട്ടികൾക്കു കോവിഡ് പ്രതിരോധ ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം നടത്തുന്ന സംസ്ഥാന സർകാർ ആയുഷ് ഹോമിയോപതി വകുപ്പിന്റെ കരുതലോടെ മുന്നോട്ട് പദ്ധതി വിജയകരമായി ജില്ലയിൽ പുരോഗമിക്കുന്നു. രണ്ടു ദിവസം പിന്നിടുമ്പോൾ ഇരുപതിനായിരത്തിലധികം കുട്ടികൾക്കുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ വിതരണം ചെയ്തു കഴിഞ്ഞതായി ഡി എം ഒ ഹോമിയോ ഡോ. ഐ ആർ അശോക് കുമാർ പറഞ്ഞു.
Keywords: Kerala, News, Kasaragod, Driver, Education, Students, School, COVID-19, Vaccinations, Top-Headlines, Students return to school after 19 months.
< !- START disable copy paste -->