പ്രായമില്ല, മാർക്കില്ല: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഇഷ്ടമുള്ള കോഴ്സിന് ചേരാം
● കേരളത്തിലെ എല്ലാ ജില്ലകളിലുമായി 37 പഠനകേന്ദ്രങ്ങളും അഞ്ച് റീജിയണൽ സെന്ററുകളുമുണ്ട്.
● പഠിതാക്കൾക്കായി പബ്ലിക് ഡിജിറ്റൽ ലൈബ്രറി ഉടൻ യാഥാർത്ഥ്യമാക്കും.
● ജയിൽ അന്തേവാസികൾക്കും അനാഥാലയങ്ങളിലെ പഠിതാക്കൾക്കും പ്രത്യേക പദ്ധതികളുണ്ട്.
● സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനരഹിതരായ വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ചു നൽകുന്നു.
കാസർകോട്: (KasargodVartha) ‘എല്ലാവർക്കും ബിരുദം’ എന്ന ലക്ഷ്യത്തോടെയും ഇരട്ട ബിരുദത്തിന് അവസരം നൽകിയും പ്രായഭേദമെന്യേ പഠിച്ച് വിദ്യകൊണ്ട് സ്വാതന്ത്രരാകാൻ കേരളം ഒരുങ്ങുന്നുവെന്നും, ഇത് ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഉത്തമ മാതൃകയാണെന്നും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. ജഗതി രാജ് വി.പി. വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2025 അഡ്മിഷനുള്ള അപേക്ഷകൾ സെപ്റ്റംബർ 10 വരെ സമർപ്പിക്കാം. കഴിഞ്ഞ വർഷം 55,000-ത്തോളം പേരാണ് കോഴ്സുകളിൽ ചേർന്നതെന്നും, ഈ വർഷം ഒരു ലക്ഷം പേർ പ്രവേശനം നേടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവർക്കും ബിരുദം
‘എല്ലാവർക്കും ബിരുദം’ എന്ന ആശയവുമായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2025 യു.ജി./പി.ജി. അഡ്മിഷൻ ആരംഭിച്ചു. സെപ്റ്റംബർ 10 വരെ www(dot)sgou(dot)ac(dot)in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം.
ഉന്നത വിദ്യാഭ്യാസ മേഖലയെ ജനാധിപത്യവത്കരിക്കുക എന്ന ലക്ഷ്യത്തോടെ നിലകൊള്ളുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ഈ വേളയിൽ, കേരളത്തെ സമ്പൂർണ്ണ ബിരുദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി 29 യു.ജി./പി.ജി. പ്രോഗ്രാമുകളിലേക്കും 3 സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
എം.ബി.എ., എം.സി.എ. പ്രോഗ്രാമുകൾ കൂടി ഈ അധ്യയന വർഷം യൂണിവേഴ്സിറ്റി ആരംഭിക്കും. യു.ജി.സി. അംഗീകാരം ലഭിച്ചിട്ടുണ്ട്; നോട്ടിഫിക്കേഷൻ പിന്നീട് പ്രസിദ്ധീകരിക്കും. അഞ്ച് റീജിയണൽ സെന്ററുകളുടെ പരിധിയിലായി കേരളത്തിലുടനീളം പഠിതാക്കളുടെ സൗകര്യാർത്ഥം 37 പഠനകേന്ദ്രങ്ങളുണ്ട്.
കാസർകോട് ജില്ലയിൽ ഗവൺമെന്റ് കോളേജ് കാസർകോടിന് പുറമെ ഈ വർഷം മുതൽ നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട് കൂടി ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പഠനകേന്ദ്രമായി പ്രവർത്തിക്കും.
പ്രായപരിധിയോ മാർക്ക് മാനദണ്ഡമോ ഇല്ലാതെ അഡ്മിഷൻ
നിലവിൽ 55,000-ത്തോളം പഠിതാക്കളാണ് ഇവിടെ പഠിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ പേരെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. പ്രായപരിധിയോ മാർക്ക് മാനദണ്ഡമോ ഇല്ലാതെ, പഠിക്കാൻ താൽപ്പര്യമുള്ള അർഹരായ എല്ലാവർക്കും അവസരം ഒരുക്കുന്നു എന്നതാണ് ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നത്. അഡ്മിഷന് ടി.സി. നിർബന്ധമില്ല. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്കെല്ലാം സൗകര്യപ്രദമായ പഠനക്രമമാണ് യൂണിവേഴ്സിറ്റി ഒരുക്കിയിട്ടുള്ളത്.
മിനിമം യോഗ്യതയുള്ള ആർക്കും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കാം. പ്ലസ് ടു അല്ലെങ്കിൽ പ്രീ-ഡിഗ്രി മിനിമം യോഗ്യതയുള്ള ആർക്കും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദം നേടാം. അതുപോലെ, ഡിഗ്രി ഏത് വിഷയത്തിലാണെങ്കിലും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടാൻ അവസരമുണ്ട്.
കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തുക വഴി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബും വിജ്ഞാന സമൂഹവുമാക്കി മാറ്റുക എന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പങ്ക് നിർണ്ണായകമാണ്.
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിതമായത്. ബഹുമാനപ്പെട്ട ഗവർണ്ണർ, മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ധനകാര്യമന്ത്രി, എം.എൽ.എ., എം.പി. തുടങ്ങി യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സർക്കാർ വകുപ്പുകളുടെയും പൂർണ്ണ പിന്തുണയും സഹായ സഹകരണവും യൂണിവേഴ്സിറ്റിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ലഭിക്കുന്നുണ്ട്.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഈ അധ്യയന വർഷം അപേക്ഷ ക്ഷണിച്ചിരിക്കുന്ന 29 യു.ജി./പി.ജി. പ്രോഗ്രാമുകളിൽ 17 യു.ജി. പ്രോഗ്രാമുകളും 12 പി.ജി. പ്രോഗ്രാമുകളുമാണുള്ളത്. ഇതിൽ 6 യു.ജി. പ്രോഗ്രാമുകൾ നാലുവർഷ ഓണേഴ്സ് ഘടനയിലാണ്. നാലു വർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് 3 വർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടുകൂടി എക്സിറ്റ് ഓപ്ഷൻ നൽകുന്നുണ്ട്.
റെഗുലർ ഡിഗ്രിക്ക് തുല്യം
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എല്ലാ യു.ജി./പി.ജി. പ്രോഗ്രാമുകളും യു.ജി.സി./ഡി.ഇ.ബി.യുടെ പരിശോധനയ്ക്ക് ശേഷമുള്ള അംഗീകാരത്തോടുകൂടിയാണ് നടത്തുന്നത്. പി.എസ്.സി./യു.പി.എസ്.സി.യുടെ അംഗീകാരം ഈ പ്രോഗ്രാമുകൾക്കുണ്ട്.
മറ്റ് എല്ലാ ഉന്നത വിദ്യാഭ്യാസത്തിനും, എല്ലാ ഉദ്യോഗങ്ങൾക്കും ഓപ്പൺ സർവ്വകലാശാലയുടെ ബിരുദം മറ്റ് യൂണിവേഴ്സിറ്റികളുടെ ബിരുദം പോലെതന്നെ സ്വീകാര്യമാണ്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രദാനം ചെയ്യുന്ന ഡിഗ്രി യു.ജി.സി. റെഗുലേഷൻ 22(2020) പ്രകാരം റെഗുലർ ഡിഗ്രിക്ക് തുല്യമാണ്. കൂടാതെ തുല്യ വെയ്റ്റേജുമുണ്ട്.
യു.ജി./പി.ജി. പ്രോഗ്രാമുകൾ
നാലു വർഷ ഓണേഴ്സ് പ്രോഗ്രാമുകൾ:
● ബി.ബി.എ. (എച്ച്.ആർ., മാർക്കറ്റിംഗ്, ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ്)
● ബി.കോം. (ഫിനാൻസ്, കോ-ഓപ്പറേഷൻ, ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ്)
● ബി.എ. ഇംഗ്ലീഷ്
● ബി.എ. മലയാളം
● ബി.എ. ഹിസ്റ്ററി
● ബി.എ. സോഷ്യോളജി
മൂന്ന് വർഷ ബിരുദ പ്രോഗ്രാമുകൾ:
● ബി.എസ്.സി. ഡാറ്റാ സയൻസ് & അനലിറ്റിക്സ്
● ബി.എ. നാനോ എന്റർപ്രൈസ്
● ബി.സി.എ.
● ബി.എ. അറബിക്
● ബി.എ. ഹിന്ദി
● ബി.എ. സംസ്കൃതം
● ബി.എ. അഫ്സൽ ഉൽ ഉലമ
● ബി.എ. എക്കണോമിക്സ്
● ബി.എ. ഫിലോസഫി
● ബി.എ. പൊളിറ്റിക്കൽ സയൻസ്
● ബി.എ. സൈക്കോളജി
പി.ജി. പ്രോഗ്രാമുകൾ:
● എം.കോം.
● എം.എ. ഇംഗ്ലീഷ്
● എം.എ. മലയാളം
● എം.എ. അറബിക്
● എം.എ. ഹിന്ദി
● എം.എ. സംസ്‌കൃതം
● എം.എ. ഹിസ്റ്ററി
● എം.എ. സോഷ്യോളജി
● എം.എ. എക്കണോമിക്സ്
● എം.എ. ഫിലോസഫി
● എം.എ. പൊളിറ്റിക്കൽ സയൻസ്
● എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ
സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ
● സർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ് (ഐ.സി.ടി. അക്കാദമിയുമായി സഹകരിച്ച്)
● സർട്ടിഫിക്കറ്റ് ഇൻ അപ്ലൈഡ് മെഷീൻ ലേണിങ് (ടി.കെ.എം. കോളേജ് ഓഫ് എൻജിനിയറിങ്ങുമായി സഹകരിച്ച്)
● കമ്മ്യൂണിക്കേഷൻ സ്കിൽസ് ആൻഡ് ഫൗണ്ടേഷൻ കോഴ്സ് ഫോർ ഐ.ഇ.എൽ.ടി.എസ്. & ഒ.ഇ.ടി. (കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സുമായി സഹകരിച്ച്)
എല്ലാ സർട്ടിഫിക്കറ്റ് & ഡിപ്ലോമ പ്രോഗ്രാമുകൾക്കും എൻ.സി.വി.ഇ.ടി.യുടെ (NCVET) സർട്ടിഫിക്കേഷൻ കൂടി ലഭ്യമാക്കുവാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് ചേരുന്നവർക്ക് ഡ്യുവൽ സർട്ടിഫിക്കേഷൻ ലഭിക്കും.
യൂണിവേഴ്സിറ്റി നടത്തുന്നതും ഇനി നടത്താൻ ഉദ്ദേശിക്കുന്നതുമായ സർട്ടിഫിക്കറ്റ്, ഡിപ്ലോമ പ്രോഗ്രാമുകൾ ഉൾപ്പെടെ എല്ലാ പ്രോഗ്രാമുകളും ക്രെഡിറ്റ് ബേസ്ഡ് ചോയ്സ് സിസ്റ്റത്തിൽ (Credit Based Choice System) ആയതിനാൽ എല്ലാ പഠിതാക്കളെയും എ.ബി.സി. (ABC) പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുന്നു. ഇത് തുടർന്ന് പഠിക്കുന്ന എല്ലാ പ്രോഗ്രാമുകൾക്കും ക്രെഡിറ്റ് ട്രാൻസ്ഫർ സാധ്യമാക്കുന്നു.
ബി.എ. നാനോ എന്റർപ്രൈസ് പ്രോഗ്രാം
മികച്ച സംരംഭകരാകാൻ ആവശ്യമായ കാര്യങ്ങൾ പരിചയപ്പെടുത്തുന്ന ഒരു സമ്പൂർണ്ണ ബിരുദ പ്രോഗ്രാമാണ് ബി.എ. നാനോ എന്റർപ്രൈസ് പ്രോഗ്രാം. പഠിതാക്കൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള ഒരു ബിസിനസ്സ് മേഖലയിൽ പ്രായോഗിക പരിചയവും സംരംഭകത്വ ശേഷിയും ഈ പ്രോഗ്രാം ഉറപ്പാക്കുന്നു.
ആറ് സെമസ്റ്ററുകളിലായി 132 ക്രെഡിറ്റും 26 വിഷയങ്ങളുമാണ് ഈ പ്രോഗ്രാമിലുള്ളത്. രണ്ട്, നാല്, അഞ്ച് സെമസ്റ്ററുകളിൽ പ്രായോഗിക പരിശീലനമടങ്ങുന്ന 6 ക്രെഡിറ്റ് വീതമുള്ള ഓരോ വൊക്കേഷണൽ കോഴ്സുകൾ കൂടി ഉൾപ്പെടുന്നു.
സംരംഭകത്വത്തിന്റെ അടിസ്ഥാന തത്വങ്ങൾ, സൂക്ഷ്മ സംരംഭങ്ങളുടെ രൂപീകരണം, നിയമ വശങ്ങൾ, കേരളത്തിലെ വ്യാവസായിക-നിയമ പരിസ്ഥിതി, കേരളത്തിൽ സൂക്ഷ്മ സംരംഭങ്ങൾക്കുള്ള സർക്കാർ സ്ഥാപന-സഹായ പദ്ധതികൾ, ഇ-ബിസിനസ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങി ഇംഗ്ലീഷ് ഫോർ ബിസിനസ്സ് വരെയുള്ള വിവിധ വിഷയങ്ങൾ ഈ നൂതന സിലബസിലുണ്ട്.
സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നൽകുന്ന പരിശീലന പരിപാടികൾ, സൂക്ഷ്മ സംരംഭക സ്ഥാപനങ്ങളിൽ ചെയ്യുന്ന ഇന്റേൺഷിപ്പ്, പഠിതാവ് തിരഞ്ഞെടുക്കുന്ന സൂക്ഷ്മ സംരംഭത്തെക്കുറിച്ചുള്ള പ്രോജക്ട് റിപ്പോർട്ട് എന്നിവ ഈ ബിരുദ പാഠ്യപദ്ധതിയുടെ പ്രത്യേകതകളാണ്. കേരള സ്റ്റാർട്ടപ്പ് മിഷൻ, കുടുംബശ്രീ, ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെൻ്റ് എന്നിവരുമായി സഹകരിച്ചാണ് യൂണിവേഴ്സിറ്റി ഈ ബിരുദ പ്രോഗ്രാം നടത്തുന്നത്.
നൈപുണ്യ വികസനം ലക്ഷ്യം
പുതിയ കാലഘട്ടത്തിനനുസരിച്ച് ആവശ്യമായ നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത സ്കിൽ, വ്യവസായ ശാലകളിലെ പരിശീലനം എന്നിവയ്ക്ക് ഊന്നൽ നൽകിയ പരിഷ്കരിച്ച സിലബസ് എല്ലാ പ്രോഗ്രാമുകളുടേയും പ്രത്യേകതയാണ്.
മൾട്ടി-ഡിസിപ്ലിനറി & ഇന്റർ-ഡിസിപ്ലിനറി കോഴ്സുകൾ തിരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരം ഈ പ്രോഗ്രാമുകൾക്കുണ്ട്. മൂക് (MOOC) കോഴ്സുകൾ പഠിക്കുവാനും, ഇന്റേൺഷിപ്പ്, പ്രോജക്ട് എന്നിവ ചെയ്യുവാനുമുള്ള അവസരങ്ങളും ഈ പ്രോഗ്രാമുകൾ പഠിക്കുന്നതിലൂടെ സാധ്യമാകും.
ഇരട്ട ബിരുദത്തിന് അവസരം
നിലവിൽ മറ്റൊരു യൂണിവേഴ്സിറ്റി/കോളേജ് എന്നിവിടങ്ങളിൽ ഒരു റെഗുലർ/വിദൂര അക്കാദമിക് പ്രോഗ്രാം ചെയ്യുന്നവർക്കും ഈ യൂണിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേ സമയം പഠിക്കാൻ സാധിക്കും. യു.ജി.സി.യുടെ മാനദണ്ഡപ്രകാരമാണ് യൂണിവേഴ്സിറ്റി ഇത്തരത്തിൽ ഡ്യുവൽ ഡിഗ്രി സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.
കൂട്ടായ പ്രവർത്തനം വിജയ രഹസ്യം
ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിന്റെ ശക്തമായ പിന്തുണയും അധ്യാപക-അനധ്യാപക സ്റ്റാഫ് അംഗങ്ങളുടെ കൂട്ടായ പ്രവർത്തനവുമാണ് ചുരുങ്ങിയ സമയം കൊണ്ട് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ഈ സ്വപ്നവേഗത്തിലുള്ള വളർച്ച കൈവരിക്കാനായത്.
വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച്, ജാപ്പനീസ് ഭാഷാ കോഴ്സുകളും ഉടൻ തുടങ്ങും. ഇന്റർനാഷണൽ യൂണിവേഴ്സിറ്റികളുമായി ചേർന്ന് അക്കാദമികമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പഠിതാക്കൾക്ക് പബ്ലിക് ഡിജിറ്റൽ ലൈബ്രറി
കൊച്ചിൻ ഷിപ്പ്യാർഡിന്റെ സി.എസ്.ആർ. (CSR) ഫണ്ട് ഉപയോഗിച്ച് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഒരു പബ്ലിക് ഡിജിറ്റൽ ലൈബ്രറി ഉടൻ പ്രാവർത്തികമാക്കും. എഗ്രിമെന്റ് ഒപ്പുവെച്ചു കഴിഞ്ഞു. ഇതുവഴി പഠിതാക്കൾക്ക് എവിടെയിരുന്നും ലൈബ്രറി പുസ്തകങ്ങൾ റെഫർ ചെയ്യുവാനുള്ള സൗകര്യം ഒരുങ്ങുകയാണ്.
കൂടാതെ, ഡിജിറ്റൈസ് ചെയ്യുന്നത് വഴി ഓഡിയോ ഫോർമാറ്റിലും പുസ്തകങ്ങൾ ലഭ്യമാക്കും. കാഴ്ചപരിമിതിയുള്ള പഠിതാക്കൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്ത ഇടങ്ങളിൽ ഇരുന്നും പഠിതാക്കൾക്ക് യൂണിവേഴ്സിറ്റിയുടെ പബ്ലിക് ഡിജിറ്റൽ ലൈബ്രറി സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുന്ന വിധം ക്രമീകരണങ്ങൾ ഒരുക്കും. കൂടാതെ, പൊതുജനങ്ങൾക്ക് കൂടി ലൈബ്രറി സൗകര്യം വിനിയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
സ്റ്റേറ്റ് പബ്ലിക് ലൈബ്രറിയും ലൈബ്രറി കൗൺസിലിന്റെ കീഴിലുള്ള മികച്ച ലൈബ്രറികളും എല്ലാം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പഠിതാക്കളുടെ ഒരു റെഫറൻസ് ലൈബ്രറിയാക്കി മാറ്റുവാൻ വേണ്ട നടപടികൾ പുരോഗമിക്കുന്നു. കൊല്ലം ജില്ലാ ലൈബ്രറി യൂണിവേഴ്സിറ്റിയുടെ പ്രധാന റെഫറൻസ് ലൈബ്രറിയാകുകയാണ്.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ജില്ലാ ലൈബ്രറി കൗൺസിലുകളുമായി ചേർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലാ ലൈബ്രറികളേയും ഇത്തരത്തിൽ റെഫറൻസ് ലൈബ്രറിയായി മാറ്റുവാനുള്ള നടപടികൾ പുരോഗമിക്കുന്നു.
അന്താരാഷ്ട്ര സാഹിത്യ സാംസ്കാരിക ഉത്സവം, കലോത്സവം, അത്‌ലറ്റിക് മീറ്റ്
2024 ഡിസംബറിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യ സാംസ്കാരിക ഉത്സവത്തിന്റെ വിജയം കണക്കിലെടുത്ത് ഈ അധ്യയന വർഷവും പുസ്തകോത്സവവും സാംസ്കാരിക സാഹിത്യോത്സവവും അന്തർദേശീയതലത്തിൽ സംഘടിപ്പിക്കും. ഈ അധ്യയന വർഷത്തെ കലോത്സവം ഓഗസ്റ്റ്/സെപ്റ്റംബർ മാസത്തിൽ കോഴിക്കോടും, അത്‌ലറ്റിക് മീറ്റ് 2026 ജനുവരിയിൽ എറണാകുളത്തും സംഘടിപ്പിക്കും. റെഗുലർ സ്റ്റുഡൻ്റ്‌സിന് ലഭിക്കുന്ന എല്ലാ പാഠ്യ-പാഠ്യേതര അവസരങ്ങളും ഓപ്പൺ യൂണിവേഴ്സിറ്റി പഠിതാക്കൾക്ക് ലഭിക്കണം എന്നതാണ് ഇതിനടിസ്ഥാനം.
സാമൂഹിക നന്മ ലക്ഷ്യം വെച്ചുള്ള പദ്ധതികൾ
ജയിൽ അന്തേവാസികളുടെ തുടർപഠനം സാധ്യമാക്കുന്ന സമന്വയ പദ്ധതി കണ്ണൂർ ജയിലിൽ തുടക്കം കുറിച്ചിരുന്നു. ഈ അധ്യയന വർഷം ഈ പദ്ധതിയുടെ പ്രയോജനം സംസ്ഥാനത്തെ എല്ലാ ജയിലുകളിലേക്കും വ്യാപിപ്പിക്കുവാൻ വേണ്ട പ്രവർത്തനങ്ങൾ തുടങ്ങി. വിവിധ ജയിലുകളിൽ നിന്നായി 100-ഓളം അന്തേവാസികൾ നിലവിൽ പഠിക്കുന്നുണ്ട്.
അനാഥാലയങ്ങളിലെ അന്തേവാസികളായ പഠിതാക്കൾക്ക് ഫീസ് കൺസെഷനോടെ പഠിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. സ്പോൺസർ ചെയ്യാൻ താല്പര്യമുള്ള സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ അവരുമായി സഹകരിച്ച് വരും വർഷങ്ങളിൽ ഇത് സൗജന്യമാക്കുവാനും ആലോചനയുണ്ട്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിലവിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും പഠനത്തിൽ മികവ് പുലർത്തുന്നതുമായ ഭവനരഹിതരായ എല്ലാ പഠിതാക്കൾക്കും 'ഒപ്പം' പദ്ധതിയിൽപ്പെടുത്തി വീട് നിർമ്മിച്ച് നൽകുന്നുണ്ട്.
15 പഠിതാക്കളുടെ വീടിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ 'ഒപ്പം' പദ്ധതിയിൽ ഉൾപ്പെട്ട മൂന്ന് പഠിതാക്കളുടെ വീടിന്റെ താക്കോൽദാന കർമ്മം നിർവഹിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് തുടർന്ന് പഠിക്കാൻ ഒരു സ്കോളർഷിപ്പ് സ്കീം ഈ വർഷം യൂണിവേഴ്സിറ്റി ആരംഭിക്കും.
വിവിധ ജില്ലാ പഞ്ചായത്തുകളുമായി ചേർന്ന് അർഹരായ പഠിതാക്കളെ കണ്ടെത്തി ഫീസ് ഇളവോടെ പഠിപ്പിക്കുവാൻ വിവിധ പദ്ധതികൾ നിലവിലുണ്ട്. കുറ്റിയാടി ജില്ലാപഞ്ചായത്തുമായി ചേർന്ന് 'സ്മാർട്ട് കുറ്റിയാടി', കാസർകോട് ജില്ലാപഞ്ചായത്തുമായി സഹകരിച്ച് 'ദർപ്പണം', അതുപോലെ കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലട പഞ്ചായത്തുമായി സഹകരിച്ചും പഠിതാക്കളെ യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്നുണ്ട്.
ഇതേ മാതൃകയിൽ യൂണിവേഴ്സിറ്റിയുമായി സഹകരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും (LSG) കത്തയച്ചു കഴിഞ്ഞു. മങ്കട പഞ്ചായത്തുമായും കാട്ടാക്കട പഞ്ചായത്തുമായും സഹകരിച്ച് പഠനം പാതിവഴിയിൽ നിലച്ചുപോയവരെ കണ്ടെത്തി തുടർപഠനത്തിന് അവസരമൊരുക്കുന്നുണ്ട്.
മങ്കട പഞ്ചായത്ത് ബഹു. എം.എൽ.എ. മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തിൽ ജെംസ് കോളേജുമായി സഹകരിച്ചാണ് മങ്കടയിൽ ‘ഞങ്ങളും കോളേജിലേക്ക്’ എന്ന തുടർ പഠന പദ്ധതി നടപ്പിലാക്കുന്നത്. അതേ മാതൃകയിൽ ഐ.ബി. സതീഷ് എം.എൽ.എ.യുടെ സഹകരണത്തോടെയാണ് കാട്ടാക്കടയിൽ ‘എല്ലാവർക്കും ബിരുദം’ പദ്ധതി നടപ്പിലാക്കുന്നത്. മറ്റ് എം.എൽ.എ.മാരുടെയും അധികാര പരിധിയിൽ വരുന്ന പദ്ധതികളിൽ ഉൾപ്പെടുത്തി ഇത്തരത്തിൽ തുടർപഠനം സാധ്യമാക്കുവാൻ യൂണിവേഴ്സിറ്റി മുൻകൈ എടുത്തിട്ടുണ്ട്.
വനിതാ ശിശുക്ഷേമ വകുപ്പുമായി സഹകരിച്ച് അർഹരായ കുടുംബശ്രീ അംഗങ്ങളുടെ തുടർ പഠനവും, സാമൂഹിക നീതി വകുപ്പുമായി സഹകരിച്ച് ട്രാൻസ്ജെൻഡർ വിഭാഗത്തിലെ തുടർപഠനം ആഗ്രഹിക്കുന്നവർക്ക് അതിന് അവസരം ഒരുക്കുവാനുമുള്ള പദ്ധതികളും പൂർത്തിയായി വരുന്നു.
യൂണിവേഴ്‌സിറ്റിക്ക് പുതിയ ക്യാമ്പസ് ഈ വർഷം തറക്കല്ലിടും. കൊല്ലം മുണ്ടയ്ക്കലിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത് മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരും. വികസ്വര സമൂഹത്തിന്റെ വിദ്യാഭ്യാസ നൈപുണ്യ ആവശ്യങ്ങൾക്ക് പ്രായോഗികമായ വൈവിധ്യമാർന്ന ഒട്ടേറെ പദ്ധതികളുടെ പൂർത്തീകരണത്തിന് കേരളം സാക്ഷ്യം വഹിക്കാൻ പോവുകയാണ് – അതിനായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സജ്ജമാണ് എന്ന് അറിയിക്കുന്നു.
വാർത്താ സമ്മേളനത്തിൽ പ്രൊഫ. ഡോ. ജഗതി രാജ് വി.പി. (വൈസ് ചാൻസലർ), പ്രൊഫ. ഡോ. അജയകുമാർ പി.പി. (സിൻഡിക്കേറ്റ് അംഗം), പ്രൊഫ. ഡോ. അബ്ദുൽ ഗഫൂർ സി.വി. (റീജിയണൽ ഡയറക്ടർ, തലശ്ശേരി) എന്നിവർ പങ്കെടുത്തു.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഈ ഉദ്യമത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക!
Article Summary: Sreenarayanaguru Open University 2025 admissions open; no age/mark limits.
#SreenarayanaguruOpenUniversity #KeralaEducation #OpenUniversity #HigherEducation #DualDegree #Admissions2025






